വൈക്കത്തിനടുത്ത് മൂവാറ്റുപുഴയാറിന്റെ ഓരത്താണ് വടയാര്‍ ഇളംകാവ് ദേവീക്ഷേത്രം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സഹോദരീ സങ്കല്പമായ ഇളംകാവ് ദേവിയ്ക്ക് ദേശക്കാര്‍ നല്കുന്ന വര്‍ണാഭമായൊരു കാഴ്ച നൈവേദ്യമുണ്ട്. ആറ്റുവേലച്ചാട്. ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറുള്ള ആറ്റുവേലക്കടവില്‍ നിന്ന് രണ്ട് വലിയ വള്ളങ്ങളിലായി നിര്‍മ്മിക്കുന്ന മൂന്നു നിലയുള്ള താത്ക്കാലിക ക്ഷേത്രം പുഴയിലൂടെ ഒഴുകി വരുന്നതാണ് ആറ്റുവേല.
മീനമാസ അശ്വതി നാളില്‍ നടക്കുന്ന ഉത്സവത്തിനായി ആറ്റുവേലച്ചാടിന്റെ നിര്‍മാണത്തിന് ഒരാഴ്ച മുമ്പേ തുടക്കം കുറിക്കും. വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തില്‍ ഭക്തിപൂര്‍വം നടക്കുന്ന പിണ്ടിപ്പഴുത് ചടങ്ങോടെയാണ് ആറ്റുവേല തുടങ്ങുന്നത്. രണ്ട് വലിയ കേവ് വള്ളങ്ങളില്‍ തട്ടിട്ട് അതില്‍ ക്ഷേത്രമാതൃകയില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന ആറ്റുവേല ചാടാണ് ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം.
ചാട് നിര്‍മിക്കുന്നതിനുള്ള അവകാശികളുടെ നിര്‍ദേശാനുസരണം ദേശക്കാര്‍ തന്നെയാണ് ആറ്റുവേലച്ചാട് നിര്‍മിക്കുന്നത്. 64 തൂശനിലകളിലായി നിവേദ്യങ്ങള്‍ നിരത്തിയും, കുമ്പളങ്ങ നടുവേ മുറിച്ച് അതില്‍ ഗുരുതി നിറച്ചും, നാളികേരം നടുവേ മുറിച്ച് ചെത്തിപ്പൂ അതിലിട്ടു രാശി നോക്കിയുമാണ് പിണ്ടിപഴുത് ചടങ്ങ് നടത്തുന്നത്.
ഇളങ്കാവ് ക്ഷേത്രത്തില്‍ നിന്ന് പ്രത്യേക പൂജകള്‍ക്ക് ശേഷം ചാട് ആറ്റുവേല കടവിലേക്ക് കൊണ്ടു പോകും. അവിടെ നിന്നും മീനത്തിലെ അശ്വതി നാള് 18 നാഴിക പുലരുമ്പോള്‍ ആറ്റുവേല ചാടിന്റെ മുകളിലെ നിലയില്‍ സര്‍വാഭരണ വിഭൂഷിതയായ കൊടുങ്ങല്ലൂരമ്മയെ ആവാഹിച്ച് ഇരുത്തും. പുറക്കളത്തെ ഗുരുതിക്ക് ശേഷം ഇളങ്കാവിലേക്ക് പുറപ്പെടും. തൂക്കുവിളക്കുകളും, കുത്തുവിളക്കുകളും വൈദ്യുത ദീപങ്ങളും കൊണ്ടലംകൃതമായ ആറ്റുവേലചാട് മൂവാറ്റുപുഴയാറിനെ വര്‍ണാഭമാക്കി കറങ്ങി, കറങ്ങി ഇളങ്കാവിലേക്കു പ്രയാണം ആരംഭിക്കും. കരക്കാരുടെയും വീട്ടുകാരുടെയും സംഘടനകളുടെയും വഴിപാടായി അമ്പതിലധികം ഗരുഡന് തൂക്കച്ചാടുകള്‍ അകമ്പടിയേകും. ചാട് കടവില്‍ ഇറക്കുന്നതിന് പിറ്റേന്നാള്‍ പുലര്‍ച്ചെയാണ് ആറ്റുവേല ദര്‍ശനം. കൊടുങ്ങല്ലൂരമ്മയുടെ ഭക്തനായിരുന്ന വടക്കുംകൂര്‍ വാണ തമ്പുരാനെയും പ്രജകളെയും കാണാന്‍ അമ്മ വരുന്നുവെന്നാണ് വിശ്വാസം. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും ദീപാവലി ഒരുക്കിയാണ് ഭക്തര്‍ അമ്മയെ ഭക്തിപൂര്‍വ്വം സ്വീകരിക്കുന്നത്. ഇളംകാവിലെത്തുന്ന കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രത്തിനു പുറത്തുള്ള പള്ളിസ്രാമ്പില്‍ കുടിയിരുത്തും. ഭരണി നാളില്‍ നടക്കുന്ന പീലിത്തൂക്കം, കരത്തൂക്കം എന്നിവക്കുശേഷം നാട്ടുകാരെ അനുഗ്രഹിച്ച് അമ്മ കൊടുങ്ങല്ലൂര്‍ക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: