കോഴിക്കോട്: ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടായ ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ച് കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സമരയാത്രയുടെ പുനരാവിഷ്കരണത്തിന് ഏപ്രില്‍ 12ന് തുടക്കം. മുപ്പത്തിരണ്ട് സമരഭടന്മാരുമായി കോഴിക്കോട്ട് നിന്ന് പയ്യന്നൂരിലെ ഉളിയത്ത് കടവിലേക്ക് നടത്തിയ സമരയാത്രയാണ് അമൃതവര്ഷമഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ പുനരാവിഷ്കരിക്കുന്നത്. എഴുപത്തിയഞ്ച് പ്രധാനസ്വീകരണ കേന്ദ്രങ്ങളാണ് കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര എന്ന പേരിലുള്ള യാത്രയ്ക്കായി സംഘാടക സമിതി ഒരുക്കുന്നത്.
ഏപ്രില്‍ പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി കേന്ദ്രങ്ങളിലൂടെ ജ്യോതിപ്രയാണം നടക്കും. കോന്നാട് കടപ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്ന കെ.പി. കേശവമേനോന്റെ ശവകുടീരത്തില്‍ 12ന് വൈകിട്ട് സ്വാതന്ത്ര്യ സ്മൃതി ജ്യോതിസംഗമം നടക്കും. 13ന് കാലത്ത് 8.30ന് തളിക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര 142 കിലോമീറ്റര്‍ സഞ്ചരിച്ച് പയ്യന്നൂരില്‍ സമാപിക്കും. കേളപ്പജിയുടെ അര്‍ദ്ധകായ പ്രതിമയുമായുള്ള യാത്രയുടെ മുദ്രാവാക്യം ‘കേരളത്തെ വീണ്ടെടുക്കാന്‍ കേളപ്പജിയിലേക്ക് മടങ്ങുക’ എന്നതാണ്.
വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച 32 യുവപ്രതിഭകളാണ് സ്മൃതിയാത്രയില്‍ സ്ഥിരാംഗങ്ങളായി ഉണ്ടാവുക. വിഷുദിവസം കേളപ്പജിയുടെ വീടായ ഒതയോത്ത് വിപുലമായ വിഷുസദ്യയാണ് സംഘാടക സമിതി ഒരുക്കുന്നത്. സാംസ്കാരിക കലാരംഗത്തെ പ്രമുഖര്‍ വിഷുസാംസ്കാരികോത്സവത്തില് പങ്കെടുക്കും. 23 ന് വൈകിട്ട് പയ്യന്നൂര്‍ ഗാന്ധി മൈതാനത്ത് യാത്രയുടെ സമാപന സമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: