മുംബൈ: അടിക്ക് തിരിച്ചടി, പഞ്ചാബിന്റെ സ്ഥിരം രീതിയാണിത്. എതിര് ടീം ഉയര്‍ത്തുന്നത് എത്ര വലിയ റണ്മലയാണെങ്കിലും പിന്തുടരുകയും വിജയം ഉറപ്പിക്കുകയും ചെയ്യും. 200ന് മുകളില്‍ നാല് തവണ പിന്തുടര്ന്ന് വിജയിക്കുകയെന്ന അപൂര്‍വ റെക്കോഡുകൂടിയാണ് ഇന്നലത്തെ വിജയത്തോടെ പഞ്ചാബ് നേടിയത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെ പഞ്ചാബ് മറികടന്നു.
സീസണില്‍ പഞ്ചാബ് എത്രമാത്രം അപകടകാരിയാകുമെന്ന് തെളിയിക്കുന്നതായി ബെംഗളൂരുവിനെതിരായ മത്സരം. ഇതിന് പുറമെ ഒഡിയന്‍ സ്മിത്തെന്ന വിന്‍ഡീസ് താരം ബാറ്റ് കൊണ്ട് വിജയം പിടിച്ചടക്കാന്‍ പോന്നവനാണെന്നും ഇന്നലെ തെളിഞ്ഞു. ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ് താരങ്ങളുടെ പട്ടികയിലേക്ക് ഒഡിയന്‍ സ്മിത്തിനും എത്താന്‍ താമസമുണ്ടാകില്ല. ആഞ്ഞടിക്കുക മാത്രമല്ല വിജയം ഉറപ്പിക്കാനും സ്മിത്തിന് സാധിക്കുന്നു. ഇതാണ് താരത്തെ വേറിട്ട് നിര്‍ത്തുന്നത്. മുന്‍നിര തകര്‍ന്നാലും വാലറ്റത്ത് സ്മിത്തിന്റെ സാന്നിധ്യം എത്ര അസാധ്യമായ വിജയവും പഞ്ചാബിന് നേടിക്കൊടുക്കും.
പേസ് നിരക്കെതിരെ അത്ഭുതകരമായ മികവാണ് സ്മിത്തിനുള്ളത്. ഇന്നലെ അവസാന ഓവറുകളില്‍ സ്മിത്തിന്റെ ആക്രമണം മികവ് തെളിയിക്കുന്നതാണ്. മുന്‍നിരയും പഞ്ചാബിനായി മികച്ച രീതിയില്‍ കളിച്ചു. മായങ്ക് അഗര്‍വാള്‍ (32), ശിഖര്‍ ധവാന് (43), ഭാനുക രജപക്സെ (43) എന്നിവര്‍ മികച്ച പ്രകടനം നടത്തി. നേരത്തെ മുന്‍നിരയുടെ മികവിലാണ് ബെംഗളൂരു വലിയ സ്കോര്‍ നേടിയത്. ഡു പ്ലസിസ് (88), വിരാട് കോഹ്ലി (41), ദിനേശ് കാര്‍ത്തിക് (32), അനുജ് റാവത് (21) എന്നിവര്‍ റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: