കൊല്‍ക്കൊത്ത: എട്ട് പേരെ ജീവനോടെ ചുട്ടുകൊന്ന ബിര്‍ഭും അക്രമത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎല്‍എമാര്‍ക്ക് ബംഗാള്‍ നിയമസഭയില്‍ ക്രൂര മര്‍ദ്ദനം. തൃണമൂല്‍ എംഎല്‍എമാരും മന്ത്രിമാരും അതിക്രൂരമായാണ് ബിജെപി എംഎല്‍എമാരെ ആക്രമിച്ചത്. പരിക്കേറ്റ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായി സുവേന്ദു അധികാരി ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാത്രമല്ല, സഭയിലെ അക്രമത്തിന് കാരണം ബിജെപി എംഎല്‍എമാരാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, മനോജ് ടിഗ്ഗ, ശങ്കര്‍ ഘോഷ് എന്നിവരെ സസ്‌പെന്‍റ് ചെയ്തു. ഇവര്‍ക്ക് ഇനി നിയമസഭയുടെ ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ബിര്‍ഭും അക്രമത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇല്ലാതാക്കുകയാണ് സസ്‌പെന്‍ഷന്‍ ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു. ബിര്‍ഭും അക്രമത്തോടെ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെയാണ് തൃണമൂല്‍ നേതാക്കള്‍ സഭയില്‍ അക്രമം തുടങ്ങിയത്.
ബംഗാള്‍ നിയമസഭയിലെ അക്രമത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ആക്രമണത്തില്‍ ബിജെപി എംഎല്‍എയും ചീഫ് വിപ്പുമായ മനോജ് ടിഗ്ഗയുടെ ഷര്‍ട്ട് കീറി. ഈ വിഡിയോ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ പങ്കുവെച്ചു. ‘മമത ബാനര്‍ജി എന്തോ മറയ്‌ക്കാന്‍ ശ്രമിക്കുകയാണ്,’- വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ അമിത് മാളവ്യ പറഞ്ഞു.
‘തൃണമൂല്‍ രാഷ്‌ട്രീയം മറ്റൊരു തരംതാഴ്ന്ന അവസ്ഥ തുറന്നുകാട്ടി. മമത ബാനര്‍ജി രണ്ടാമതും മുഖ്യമന്ത്രിയായ ചുമതലയേറ്റ ശേഷം അത് വല്ലാതെ ഇടിഞ്ഞുതാഴുകയാണ്.’- ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പറഞ്ഞു.
ബിര്‍ഭും അക്രമത്തെ വിമര്‍ശിച്ച ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രാജിവെയ്‌ക്കണമെന്ന ആവശ്യം മുഴക്കിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍. ഇക്കാര്യം ആവശ്യപ്പെട്ട് തൃണമൂല്‍ എംപിമാര്‍ സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു.
ബിര്‍ഭൂം അക്രമം
മാര്‍ച്ച് 22ന് രാത്രിയാണ് ഒരു സംഘം തൃണമൂല്‍ അക്രമികള്‍ 12 വീടുകള്‍ കത്തിച്ചത്. ഇതില്‍ ഒരു വീട്ടില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കത്തിചാമ്പലായി. പുറത്ത് നിന്നും വാതില്‍ പൂട്ടിയശേഷമാണ് ഈ വീട് കത്തിച്ചത്. ബിര്‍ഭൂമിലെ രാംപുര്‍ഹട്ടിലാണ് ഈ ദാരുണസംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരിച്ചവര്‍ക്കെല്ലാം അതിന് മുന്‍പ് കടുത്ത മര്‍ദ്ദനമേറ്റതായും പറയുന്നു. തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തിന് പ്രതികാരമെന്നോണമാണ് തൃണമൂല്‍ ഗുണ്ടകള്‍ ഈ അക്രമം നടത്തിയത്. ഇതിന്റെ കേസന്വേഷണം സിബി ഐയെ ഏല്‍പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: