ആനന്ദ് എസ്. നായര്‍
രാമേശ്വരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത്, പച്ചയും നീലയും കലര്‍ന്ന ആഴക്കടലിന്റെ ഭംഗിയും കരയും ഭൂമിയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലത്തിന്റെ അത്ഭുതവും, കലര്‍ന്നു കിടക്കുന്ന ആരെയും ഭക്തിയാലും പ്രകൃതിസൗന്ദര്യത്താലും ആകര്‍ഷിക്കുന്ന സ്ഥലമായിട്ടാണ്.
ഹിന്ദുമത വിശ്വാസത്തിന്റെ ഒരു പ്രധാന അധ്യായം തന്നെ കുറിക്കപ്പെട്ട സ്ഥലമാണ് രാമേശ്വരം. ഹിന്ദു മത വിശ്വാസ പ്രകാരം ഭൂമിയില്‍ ശ്രീ മഹാദേവന്റെ പ്രധാന വാസസ്ഥലമായി അറിയപ്പെടുന്നൊരു ഇടമാണ് രാമേശ്വരം. ശ്രീരാമനാല്‍ പ്രതിഷ്ഠ ചെയ്ത രാമേശ്വരത്തു ബലിതര്‍പ്പണം ചെയ്താല്‍ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞു പുനര്ജന്മം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഈ ചരിത്രം പറയുന്ന മണ്ണിനു ഒരു ശാസ്ത്രത്തിന്റെ കഥപറയാനുമുണ്ട്.
ത്രേതായുഗത്തില്‍ മഹാവിഷ്ണുവിന്റെ 7-ാം അവതാരമായി പിറവിയെടുത്ത ശ്രീ രാമന്റെ ജീവിത സന്ദര്‍ഭത്തില്‍ അച്ഛന് കൊടുത്ത വാക്ക് പാലിക്കാന്‍ കൊട്ടാരവാസം വിട്ടു കാനന വാസം തുടങ്ങിയ കാലത്തു ശൂര്‍പ്പണഖയുടെ അനിഷ്ടത്തിനു പാത്രമായ ലക്ഷ്മണനെ വകവരുത്താന്‍ എത്തിയ ലങ്കാധിപതിയുടെ ദൃഷ്ടിയയില്പെട്ട സീതാമാതാവിനെ, പിന്നീട് തട്ടിക്കൊണ്ടുപോയി ലങ്കയില്‍ പാര്‍പ്പിച്ച സംഭവവും തുടര്‍ന്ന് ലങ്കാദഹനവും കഴിഞ്ഞു രാമേശ്വരത്താണ് പര്യവസാനിച്ചത്. മാത്രവുമല്ല ശ്രീരാമനെ രാജാവായി രാവണ സോദരന് വിഭീഷണന് ശ്രീ രാമ പട്ടാഭിഷേകം നടത്തിയ മണ്ണാണ് രാമേശ്വരം.
ഭാരതത്തിന്റെ ചരിത്രം രചിച്ച ഈ മണ്ണില്‍ നിന്നും രാജ്യത്തിന്റെ തല വര മാറ്റിയ ഒരു മനുഷ്യന് ജന്മം എടുത്ത സ്ഥലം കൂടിയാണ് രാമേശ്വരം. പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയപ്പോള്‍ ലോകം തന്നെ ഞെട്ടലോടെയാണ് ഇന്ത്യയെ വീക്ഷിച്ചത്. ഈ ചരിത്രസംഭവത്തിന്റെ നായകനും ഈ പുണ്യഭൂമിയില്‍ നിന്നാണ് എന്ന് അറിയുമ്പോഴാണ് ഈ മണ്ണിന്റെ പ്രാധാന്യം ഒന്നുകൂടി വര്‍ദ്ധിക്കുന്നത്.
‘നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ലക്ഷ്യങ്ങളും തകരുമ്പോള്‍, അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുമ്പോള്‍, അവശിഷ്ടങ്ങളില്‍ മറഞ്ഞിരിക്കുന്ന ഒരു സുവര്‍ണ്ണാവസരം നിങ്ങള്‍ക്ക് കണ്ടെത്താനാകും.’ എന്ന് അദ്ദേഹത്തിന്റെ ‘വിങ്സ് ഓഫ് ഫയര്‍’ ഗ്രന്ഥത്തില്‍ പറഞ്ഞത് പോലെ, തന്റെ ബാല്യകാത്തു ഈ മണ്ണില്‍ പഠനച്ചെലവിനു പോലും നിവര്‍ത്തിയില്ലാതെ പത്രവില്പനക്കാരനായി നടന്നിരുന്ന സാധാരണ മുസ്ലിം സമുദായത്തില്‍ ജനിച്ച കലാമിന് ഈ മണ്ണിനപ്പുറം ഒരു ലോകത്തെത്തിപ്പെടാന് സാധിച്ചതും ലോകമറിയുന്ന ശാസ്ത്രജ്ഞനായതും പില്ക്കാലത്തു ഭാരതത്തിന്റെ പ്രഥമ പൗരനായതും ഒക്കെ സാധിച്ചത് അദ്ദേഹത്തിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമായിരുന്നു.
ഒരു സാധാരണ മനുഷ്യനായിട്ടാണ് ശ്രീരാമന് ഭൂമിയില്‍ അവതാരമെടുത്തത്. ഒരു മനുഷ്യന് അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ചു. ഒരു അവതാര പുരുഷനായിട്ടുകൂടിയും താന്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചിരുന്നു എന്നത് മനുഷ്യരാശിക്കുള്ള ഒരു വഴികാട്ടലായിരുന്നു. കലാമും ഈ മണ്ണില്‍ ജനിച്ചപ്പോള്‍ നേരിട്ടത് മറ്റൊന്നല്ല, അപ്പോഴും ഈ മണ്ണുപഠിപ്പിച്ച പാഠങ്ങളിലൂടെയാണ് അദ്ദേഹവും ജീവിച്ചത്. മര്യാദ പുരുഷോത്തമനായ ശ്രീരാമനും, ശാസ്ത്ര പണ്ഡിതനും, ഭാരതത്തിന്റെ പ്രഥമ പുത്രനുമായിരുന്ന ശ്രി അബ്ദുല്‍ കലാമും മനുഷ്യനെ തന്റെ ജീവിത ക്ലേശങ്ങളില്‍ നിന്നും മറികടക്കുവാനുള്ള മാര്‍ഗം തങ്ങളുടെ ജീവിതം കൊണ്ടാണ് ഉപദേശിച്ചത്.
പ്രകൃതിക്ഷോഭത്താല്‍ സര്‍വ്വതും നശിച്ച പ്രേത ഭൂമിയെന്നുവരെ വിശേഷിപ്പിക്കപെട്ട രാമേശ്വരത്തിലെ ധനുഷ്കോടിയിലെ ജനങ്ങള്‍ ഇന്നും ജീവിക്കുന്നത് ഈ ഉപദേശങ്ങള്‍ മനസാ സ്വീകരിച്ച്, അവരുടെ ഇച്ഛാശക്തിയും ജീവിക്കുവാനുള്ള ആഗ്രഹവും കൊണ്ടാണ് എന്ന് അവരെ കാണുന്ന നമുക്ക് മനസ്സിലാകും. ഇതൊക്കെയും ആ മണ്ണ് മനുഷ്യന് നല്കുന്ന കരുത്താണ്.
ചരിത്രവും ശാസ്ത്രവും മനുഷ്യരാശിയുടെ അസ്തിത്വത്തിന്റെ കെട്ടുറുപ്പുകളാണ്. ചരിത്രം മുന്‍കാല ജീവിതത്തിന്റെ തിരുശേഷിപ്പുകളില്‍ നിന്നും പിന്‍ഗാമികള്‍ക്കു പ്രേരണ നല്ക്കുന്ന ശക്തിയും ,ശാസ്ത്രം മുന്നോട്ടുള്ള ജീവന് പ്രേരണ നല്കുന്ന ശക്തിയുമാണ്. ഇത്തരമൊരു ശക്തിസംഗമത്തിനു സാക്ഷ്യംവരിച്ച മറ്റൊരു ജില്ലയും ഇന്ത്യയില്‍ വേറെ ഉണ്ടാകാന്‍ സാധ്യതയില്ല.
വിണ്ണില്‍ ശ്രീരാമനും, മണ്ണില്‍ കുടികൊള്ളുന്ന ശ്രീ കലാമും രാമേശ്വരത്തു എത്തുന്ന ഓരോ സന്ദര്‍ശകരോടും അവരുടെ ജീവിത അനുഭവങ്ങള്‍ കൊണ്ട് സംവദിക്കുന്നു. ഇന്ന് രാമേശ്വരം എന്ന സ്ഥലം നല്‍കുന്നത് ചരിത്രബോധവും കൂടെ ശാസ്ത്രത്തിന്റെ അറിവുമാണ്. ഭാരതത്തിന്റെ ഈ പ്രധാന അധ്യായങ്ങള്‍ ഈ മണ്ണില്‍ കുറിച്ചിടാന്‍ സാധിച്ചതും ദൈവത്തിന്റെ നിശ്ചയം കൂടിയാണ് എന്ന് കലാമിന്റെ മേല്‍ പറഞ്ഞ വാചകം ഓര്‍ത്താല്‍ തോന്നിപ്പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: