1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടേയും പലായനത്തിന്റെയും കഥ പറഞ്ഞ ‘ദി കശ്മീരി ഫയല്‍സ്’ സിനിമയെ അഭിനന്ദിച്ച് മേജര്‍ രവി. സിനിമയുടെ സംവിധായകന് വിവേക് അഗ്നിഹോത്രിയെയും പ്രശംസിച്ച് കൊണ്ട് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് പങ്കുവച്ചു.
‘കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണെങ്കിലും കശ്മീര്‍ ഫയല്‍സ് കണ്ടു. ലവ് യു വിവേക്. 89, 90 കളില്‍ ഞാന്‍ എന്‍.എസ്.ജി കമാന്‍ഡറായിരുന്നു. റുബയ്യയെ തട്ടിക്കൊണ്ടു പോയ സംഭവം ഞങ്ങളാണ് അന്വേഷിച്ചത്. അതുകൊണ്ട് നിങ്ങള്‍ ചെയ്തത് ശരിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ നമ്മുടെ രാജ്യത്തെ വിറ്റു. സല്യൂട്ട്,’ എന്നാണ് മേജര്‍ രവി ട്വീറ്റ് ചെയ്തത്.
സിനിമ ഇറങ്ങിയതിന് മുന്‍പും ശേഷവും നിരവധി രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു. സംവിധായകന് വിവേകിനെതിരെയും ഭീഷണികള്‍ ഉയര്‍ന്നിരുന്നു. എന്നാലും ഇതില്‍ നിന്ന് പിന്മാറാതെ സിനിമ എടുക്കുകയും സത്യം പുറത്ത് കൊണ്ടുവരികയും ചെയ്തു. കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു. കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് നിരവധി താരങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
‘ദി കശ്മീരി ഫയല്‍സ്’ വളരെ മികച്ച ചിത്രമാണ്. സിനിമയെ കുറിച്ചല്ല അതിലുള്ള യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് പറയുന്നത്.എല്ലാവരും അത് നിര്‍ബന്ധമായും കാണണം. ഇത്തരം സിനിമകളാണ് ഇനി നിര്‍മ്മിക്കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത്തരം സത്യങ്ങള്‍ ആരും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നില്ല. വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത പരത്താനും വേണ്ടിയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത് എന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആറ് ദിവസം കൊണ്ട് 87.40 കോടി കളക്ഷന്‍ നേടി ഇപ്പോഴും വിജയം തുടര്‍ന്ന് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: