ലഖ്നോ: തെരഞ്ഞെടുപ്പില്‍ യോഗി സര്‍ക്കാര്‍ വിജയിച്ചപ്പോള്‍ ഹിന്ദിയില്‍ വന്ന ഒരു ട്വീറ്റ് വലിയ വൈറലായി മാറി. ‘ഉത്തര്‍പ്രദേശില്‍ നടന്ന ഒരു വാഹനാപകടത്തില്‍ ബുള്‍ഡോസറിന് അടിയില്‍പ്പെട്ട് വേഗത്തില്‍ വന്ന ഒരു സൈക്കില്‍ തകര്‍ന്നു’- എന്നായിരുന്നു ഈ ട്വീറ്റ്.
ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഗുണ്ടകളും മാഫിയകളും അനധികൃതമായി പിടിച്ചെടുത്ത ഭൂമികള്‍ ഒഴിപ്പിച്ചതോടെയാണ് യോഗിയെ ബുള്‍ഡോസറുമായി ബന്ധപ്പെടുത്തി തുടങ്ങിയത്. പിന്നീടാണ് അഖിലേഷ് യാദവ് തന്നെ യോഗിയെ ബുള്‍ഡോസര്‍ ബാബ എന്ന് വിശേഷിപ്പിച്ചത്. പണ്ട് ഗോരഖ്നാഥ് ആശ്രമത്തിലെ സന്യാസിയായിരുന്നതിനാലാണ് ബാബ എന്ന വിശേഷണം കൂട്ടിച്ചേര്‍ത്തത്. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് നീങ്ങവേ ബിജെപി വേദികളിലെല്ലാം ബുള്‍ഡോസറും എത്തിത്തുടങ്ങി. ഒടുവില്‍ ബിജെപി വിജയിച്ചപ്പോള്‍ ആഘോഷപരിപാടികള്‍ അനുയായികള്‍ കളറാക്കിയത് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ്.
ഏറ്റവുമൊടുവില്‍ വാരാണാസിയിലെ പാർട്ടി അനുയായികൾ ബിജെപിയുടെ ഈ വിജയം ആഘോഷിക്കുന്നത് ബുള്‍ഡോസര്‍ രൂപ കൈകളില്‍ പച്ചകുത്തിയാണ്. അതോടെ ബുള്‍ഡോസര്‍ ടാറ്റൂ വൈറലായിരിക്കുകയാണ്.
യോഗി ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് വേദികളില്‍ പറഞ്ഞത് ഈ ബുള്‍ഡോസറുകള്‍ മെയിന്റനന്‍സിന് പോയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വീണ്ടും തിരിച്ചുവരുമെന്നുമാണ്. അതായത് വീണ്ടും ബുള്‍ഡോസറുകള്‍ ഇറങ്ങുമെന്നും ഗുണ്ടകളെയും മാഫിയകളെയും അടിച്ചമര്‍ത്തുന്ന തന്റെ ശൈലി തുടരുമെന്നുമാണ് യോഗി ഇതിലൂടെ വ്യക്തമാക്കിയത്.
വാരാണാസിയിലെ അസ്സി ഘട്ടിന് സമീപമുള്ള ടാറ്റൂ കടകളിൽ നിരവധി പേരാണ് പച്ചകുത്താനായി എത്തുന്നത്. ബുൾഡോസർ ബാബാ എന്നും ചിലർ കൈകളിൽ ആലേഖനം ചെയ്യുന്നുണ്ട്. യോഗിക്ക് മഹാരാജ്, ബാബ തുടങ്ങി ഒട്ടേറെ വിളിപ്പേരുകള്‍ ഉണ്ടെങ്കിലും ബുൾഡോസർ ബാബയെ ഉത്തർപ്രദേശിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. യുവാക്കള്‍ക്കിടിയില്‍ കൈത്തണ്ടയില്‍ കുത്തുന്ന ബുള്‍ഡോസര്‍ ബാബ ടാറ്റൂ മസില്‍പവറിന്റെ കൂടി പ്രതീകമായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: