കീവ്: റഷ്യന്‍ ആക്രമണം പതിനാലു ദിവസം പിന്നിടുമ്പോള്‍ ഉക്രൈനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. റഷ്യ വ്യോമാക്രമണം കടുപ്പിച്ചു. ഉക്രൈന്റെ ആകാശത്ത് വിമാനങ്ങള്‍ക്കു പറക്കാന്‍ വിലക്കേര്‍പ്പെടുത്തി റഷ്യന്‍ യുദ്ധവിമാനങ്ങളെ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഇന്നോളമില്ലാത്ത തരത്തിലുള്ള ദുരിതത്തിലേക്ക് ആണ്ടു പോകുന്നത് ലോകം കാണേണ്ടിവരുമെന്ന് ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യയുടെ കനത്ത ആക്രമണത്തില്‍ ഉക്രൈന് തകരുന്നതിന്റെ സൂചനയാണ് സെലന്‍സ്കിയുടെ വാക്കുകള്‍ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം മിഗ് 29 യുദ്ധവിമാനങ്ങള്‍ ഉക്രൈന് നല്‍കാനുള്ള പോളണ്ടിന്റെ നീക്കം അമേരിക്ക തടഞ്ഞു. റാസ്റ്റൈന് വ്യോമത്താവളത്തില്‍ മിഗ് 29 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്കയുടെ നിര്‍ദേശം ലഭിച്ചാല്‍ ഉക്രൈനിലേക്ക് അയയ്ക്കാം എന്നാണ് പോളിഷ് വിദേശകാര്യമന്ത്രി ബിനീവ് റോ പറഞ്ഞത്.
എന്നാല്‍ ബിനീവിന്റെ പ്രസ്താവന അമ്പരപ്പിച്ചെന്നും ഇത്തരത്തിലൊരു നീക്കം ഇപ്പോള്‍ ഗുണം ചെയ്യില്ലെന്നും അമേരിക്കയുടെ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ പറഞ്ഞു. ഉക്രൈന്റെ ആകാശത്തേക്ക് വിമാനങ്ങള്‍ അയച്ച് റഷ്യയുമായി ഏറ്റുമുട്ടുന്നത് മുഴുവന്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ക്കും ഭീഷണിയാവും എന്ന് പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പോളണ്ടിന്റെ കൈയിലുള്ള 28 മിഗ് വിമാനങ്ങള്‍ ഉക്രൈന് നല്‍കാമെന്നും പകരം അമേരിക്ക പുതിയ യുദ്ധവിമാനങ്ങള്‍ പോളണ്ടിന് നല്‍കണമെന്നുമാണ് പോളിഷ് വിദേശകാര്യമന്ത്രി അവതരിപ്പിച്ച പദ്ധതി.
വെടിനിര്‍ത്തല്‍ തുടരുമ്പോഴും തിങ്കളാഴ്ച രാത്രി സുമി കേന്ദ്രമാക്കി റഷ്യ ആക്രമണം ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഏഴായിരത്തോളം പേര് നഗരത്തില്‍ നിന്ന് രക്ഷതേടി പുറത്തു കടന്നു. റഷ്യന്‍ സൈന്യം നേരത്തെ പിടിച്ചെടുത്ത ചെര്‍ണോബില്‍ ആണവകേന്ദ്രത്തില്‍ നിന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് വിവരങ്ങള്‍ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: