ബാങ്കോക്ക്:ഹൃദയാഘാതം മൂലം അന്തരിച്ച ആസ്ത്രേല്യയിലെ ക്രിക്കറ്റ് താരം ഷെയ്ന് വോണിന്റെ മുറിയില്‍ രക്തം കണ്ടെത്തിയെന്ന് തായ്ലാന്റ് പൊലീസ്. മരണത്തില്‍ ചില സംശയം ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു തായ്ലാന്റ് പൊലീസിന്റെ ഈ വെളിപ്പെടുത്തല്‍.
തായ്ലാന്റില് വോണ്‍ താമസിച്ചിരുന്ന മുറിയുടെ തറയില്‍ രക്തക്കറ കണ്ടതായി ബാങ്കോക്ക് പോസ്റ്റ് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറയുന്നു. അദ്ദേഹത്തിന്റെ ബാത് ടവലിലും തലയിണയിലും രക്തക്കറയുണ്ടായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം പ്രാഥമിക അന്വേഷണത്തില്‍ ഷെയ്ന് വോണിന്റെ മരണത്തില്‍ ദുരൂഹതയൊന്നും കണ്ടില്ലെങ്കിലും തായ്ലാന്റിലെ ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് തായ്ലാന്റ് പൊലീസിലെ യുക്കന സിറിസൊംബാറ്റ് എന്ന ഉദ്യോഗസ്ഥന് പറയുന്നു.
മൃതദേഹം വൈകാതെ ആസ്ത്രേല്യയിലേക്ക് കൊണ്ടുപോകും. ഷെയ്ന് വോണിന്റെ ജീവിതം രക്ഷിക്കാന്‍ അവസാന ശ്രമം നടത്തിയതിന്റെ ഭാഗമാണ് തലയിണയിലും ബാത് ടവലിലും തറയിലും കണ്ട രക്തക്കറകളെന്നും പൊലീസ് പറയുന്നു. തായ്ലാന്റില് അവധിക്കാലം ആസ്വദിക്കുന്നതിനിടയിലാണ് ഷെയന്‍ വോണിന്റെ അന്ത്യമുണ്ടായത്. വോണിനെ ആസ്തമയും ഹൃദ്രോഗവും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നതായും തായ്ലാന്റ് പൊലീസ് പറഞ്ഞു. തായ്ലാന്റില് അടുത്ത സുഹൃത്തായ ആന്‍ഡ്രൂ നിയോഫിറ്റുവിനൊന്നിച്ചാണ് ഷെയ്ന് വോണ്‍ അവധി ചെലവഴിച്ചിരുന്നത്.
മരണത്തിന് തൊട്ടുമുമ്പ് ഷെയ്ന് വോണിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായും പറയുന്നു. ഹൃദ്രോഗത്തിന്റെ ഭാഗമായാണ് ഈ വേദനയെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: