കോഴിക്കോട്: കെ റെയില്‍, കെ ഫോണ്‍ തുടങ്ങിയ ‘കെ ഫോര്‍ കേരള’ പരമ്പരയില്‍ ‘കെ സിപിഎമ്മും.’ ‘നമുക്കും കിട്ടും പണമെങ്കില്‍’ എന്തിന് എതിര് നില്‍ക്കണമെന്ന മട്ടില്‍ ഒരു വിയോജിപ്പുമില്ലാതെയാണ് പാര്‍ട്ടിയെ നേതാക്കള്‍ മാര്‍ക്കറ്റ് ചെയ്തത്.
മാറുന്നകാലത്ത് മാറ്റമുള്ള നയം എന്ന അഭിപ്രായമാണ് പ്രതിനിധികള്‍ പ്രകടിപ്പിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചത്. വരും നാളുകളില്‍ നയംമാറ്റത്തോട് വിയോജിക്കുന്നവര്‍ ചര്‍ച്ച നടത്തും, വിശകലനം നടത്തും, പിന്നെ നേതാക്കള്‍ക്ക് കീഴടങ്ങും.
പാര്‍ട്ടിക്ക് പുതിയതല്ല ഇതൊന്നും. വിദേശ മൂലധനത്തിനോ വിദ്യാഭ്യാസമേഖലയിലടക്കം സ്വകാര്യ നിക്ഷേപത്തിനോ കേരളത്തിലെ സിപിഎം നേതാക്കളും ഭരണം നിയന്ത്രിക്കുന്നവരും അഞ്ചുവര്‍ഷമായി എതിരല്ല. അതാണ് നടപ്പാക്കിയത്. പക്ഷേ, ഈ സമ്മേളനത്തോടെ അത് പാര്‍ട്ടി നയമായി. ഇനി പാര്‍ട്ടിക്കാര്‍ക്കോ എല്‍ഡിഎഫിലുള്ളവര്‍ക്കോ എതിര്‍ക്കാനാവില്ല.
വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം എന്നീ മൂന്നു മേഖലയിലാണ് പുതിയ നയം സിപിഎം ഔദ്യോഗികമാക്കിയത്. ഇക്കാലമത്രയും നയങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആയിരുന്നെങ്കില്‍ പിന്നെ എന്തിന് പുതിയ നയം, ആര്‍ക്കുവേണ്ടി എന്നൊക്കെ ചോദ്യമുയരാം. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പ്രത്യക്ഷമായും അനുബന്ധ ചെറു കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പരോക്ഷമായും എന്നാണ് ഉത്തരം. ഈ മൂന്ന് രംഗത്തും വരാന്‍പോകുന്ന വമ്പന്‍പദ്ധതികള്‍ സമ്പന്നര്‍ക്കല്ലാതെ താഴേത്തട്ടിലുള്ളവര്‍ക്ക് നേട്ടമുണ്ടാക്കില്ല.
വിദ്യാഭ്യാസ രംഗത്ത് ‘നോളജ് സിറ്റികള്‍ക്ക്’ വേണ്ടിയാണ് നയം തിരുത്തിയത്. ഇതുവഴി രണ്ട് പ്രബല മതവിഭാഗത്തിന്റെ വോട്ട് മൊത്തക്കച്ചവടം നടത്താമെന്നാണ് സിപിഎം കരുതുന്നത്. സഹസ്രകോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന വിദ്യാഭ്യാസസിറ്റിയിലേക്ക് വരാന്‍ പോകുന്നത് വിദേശ നിക്ഷേപമാണ്. ആരോഗ്യവും വ്യവസായവുമാണ് മറ്റ് സാധ്യതാ മേഖലകള്‍. ഇതില്‍ പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും നിക്ഷേപമായിരിക്കില്ല, നിക്ഷേപ വിഹിതമായിരിക്കും. തുടര്‍ച്ചയായ ഭരണമാണ് പാര്‍ട്ടിക്ക് എതുവിധേനയും വേണ്ടത്. അതിന് ഭരണ-പാര്‍ട്ടി നേതൃത്വത്തിന് നേതാക്കളുടെ പിന്തുണയായി.
കെ സിപിഎമ്മിന്റെ രൂപീകരണത്തില്‍ വിദേശ സമ്പന്ന രാജ്യങ്ങള്‍ക്കും പങ്കാളിത്തമുണ്ട്. വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്മാര് സിപിഎം നയം നിശ്ചയിക്കുന്ന കാലത്ത് പാര്‍ട്ടിക്കമ്പനിയുടെ വമ്പന്‍ ഓഹരി ആ കൈകളിലായിരിക്കും. അങ്ങനെ തൊഴിലാളികള്‍ ‘കാലഹരണപ്പെട്ട സമരനയം’ മാറ്റാന്‍ മുതലാളിയുടെ നിര്‍ദേശം പാര്‍ട്ടി നടപ്പാക്കും. പഴയ കമ്യൂണിസ്റ്റ്റഷ്യ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള അടിസ്ഥാന കാരണം ഗോര്‍ബച്ചേവിന്റെ പാര്‍ട്ടി നിലപാടുകളിലെ പിടിവിട്ട പരിഷ്കാരത്തിലായിരുന്നുവെന്ന് ചിന്തകര്‍ മുന്നറിയിപ്പു നല്കുന്നു. ബംഗാളും ത്രിപുരയും തുടര്‍ഭരണത്തിന്റെ ഫലം കൊയ്തത് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: