ആലപ്പുഴ: ബൈക്കിങ് കമ്മ്യൂണിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ സൈക്കിളിലുള്ള ഐക്യ റോഡ് യാത്രയായ ‘യൂണിറ്റി റോഡ് ട്രിപ്പി’-ന്റെ ആലപ്പുഴയില്‍ നിന്നുള്ള യാത്രാഘട്ടം വൈഎംസിഎ പ്രസിഡന്റ് മൈക്കിള്‍ മത്തായി ഫ്ളാഗ് ഓഫ് ചെയ്തു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുള്ള ഉത്തരവാദപൂര്‍ണവും ലക്ഷ്യബോധത്തോടെയുമുള്ള സാഹസികയാത്ര പ്രോത്സാഹിപ്പിക്കത്തക്കതാണെന്നു പ്രസിഡന്റ് സൂചിപ്പിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ്, ഡയറക്ടര്‍മാരായ സുനില്‍ മാത്യു ഏബ്രഹാം, റോണി മാത്യു, ജോണ്‍ ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിത ഭൂമി സംരഭങ്ങള്‍, സ്ത്രീ ശാക്തീകരണം, മയക്കുമരുന്ന് വിരുദ്ധ പ്രചാരണം എന്നിവ മുന്‍നിര്‍ത്തിയുള്ള ‘യൂണിറ്റി റോഡ് ട്രിപ്പ്’ അഖിലേന്ത്യാ യാത്രയുടെ ആദ്യ ഘട്ടമായി ബംഗളൂരില്‍ നിന്നാരംഭിച്ച് അവിടെത്തന്നെ സമാപിക്കുന്നതില് അഞ്ചംഗ സംഘമാണ് പങ്കെടുക്കുന്നത്. ഇതില്‍ മൂന്നു പേര് പുരുഷന്മാരും രണ്ടു പേര് സ്ത്രീകളുമാണ് മാര്‍ച്ച് ആറിന് സമാപിക്കുന്ന ഒന്നാം ഘട്ടത്തില്‍ ലഫ്. കേണല്‍ ഉമ്മന്‍ ടി. ജേക്കബ് (കേരളം), കേണല്‍ നിലേഷ് (മഹാരാഷ്ട്ര), ആഷിഷ് സിംഗ് (ഉത്തര്‍ പ്രദേശ്), അമിത സിംഗ് (ഒറീസ), മാലിനി അശ്വതി (കര്‍ണാടക) എന്നിവരാണ് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: