കാവുതീണ്ടാത്ത കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഒരു കാവുണ്ട്. തച്ചന്മാര് ഊട്ടിയതെന്ന ഐതിഹ്യം കാവിന് തച്ചോട്ടുകാവെന്ന പേരു നല്കി. ഇനിയും ലംഘിക്കപ്പെടാത്ത ചില വിലക്കുകളുടെ ശക്തി കൊണ്ടാവണം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുറച്ചെങ്കിലും നിലനിര്‍ത്തി ഈ കാവ് ഭൂമിക്ക് കുടയാകുന്നത്. പ്രത്യാശയുടെ പച്ചത്തുരുത്തുകള്‍ അവശേഷിക്കുന്നതിനു തെളിവുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ പേയാടിനു സമീപമുള്ള തച്ചോട്ടുകാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തോട് ചേര്‍ന്നു കിടക്കുന്ന നാഗദേവതകള്‍ വാഴുന്ന ഒരേക്കര്‍ വിസ്തൃതിയുള്ള കാവ്.
പട്ടണമധ്യത്തില് പച്ചപ്പിന്റെ ഊഷ്മളതയും ജൈവസമ്പത്തും നിറഞ്ഞു നില്ക്കുന്ന ഒരു കാടകമാണ് ഇവിടം. കാവ് ഇരിക്കുന്ന പ്രദേശത്തിന് ചുറ്റിലും താമസിച്ചിരുന്ന ‘തച്ചന്മാ’രായിരുന്നു കാവ് എല്ലാ പരിശുദ്ധിയോടും സംരക്ഷിച്ചിരുന്നത്. തച്ചോട്ടുകാവെന്ന പേരു വന്നത് അങ്ങനെ. പുറത്ത് വെയില് കത്തിക്കാളുമ്പോഴും കാവിനുള്ളിലെ സുഖശീതളിമ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കുന്നു. വനം ഒരു വരമാണെന്ന തിരിച്ചറിവിന്റെ വിശാലത നമുക്ക് അനുഭവിച്ചറിയാം. ആല്, ആഞ്ഞിലി, കടമ്പ്, മരുത് പോലുള്ള വന്‍ വൃക്ഷങ്ങളും ചമത, തിപ്പലി, ആടലോടകം, തഴുതാമ പോലുള്ള ധാരാളം ഔഷധ സസ്യങ്ങളും നമുക്കിവിടെ കാണാം. പുള്ള്, നത്ത്, പൊന്മാന്, വവ്വാല്, വിവിധയിനം നാഗത്താന്മാരും ഉള്‍പ്പടെ നാല്‍പ്പതോളം ജൈവ വൈവിധ്യമാണ് തച്ചോട്ടുകാവ് നമുക്ക് മുന്പില് തുറന്നിടുന്നത്.
ഒടിഞ്ഞുകിടക്കുന്ന മരച്ചില്ല പോലും ഉപയോഗിക്കില്ലെന്നുള്ള പ്രത്യയശാസ്ത്രം, മരം വെട്ടി നശിപ്പിക്കാനുള്ള മനുഷ്യന്റെ ആസുര പ്രവണതയ്ക്കു നേരെയുള്ള ആചാരത്തിന്റെ വാളോങ്ങലാവുന്നു ഇവിടെ. വന്യ സൗന്ദര്യം ആവാഹിച്ചു സൂക്ഷിക്കുന്ന കാവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ്. ഐതിഹ്യപ്പെരുമയില്‍ നിലകൊള്ളുന്ന തച്ചോട്ടുകാവിന് 800 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഴമക്കാര്‍. രണ്ട് പ്രധാന വഴികളും പിന്നെ കൊച്ചു പാതകളുമാണ് കാവിനുള്ളിലേക്ക്. കാവിന് കണ്ണാടിയെന്നോണം നിലനിന്നിരുന്ന മച്ചിനാട് കുളം ഇപ്പോള്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: