ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (സിഎഫ്ഐ) പങ്ക് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയടെ വിശാല ബെഞ്ച്. സംസ്ഥാനത്ത് ഹിജാബ് പ്രശ്നം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റി കോളേജ് പ്രസ്തുത സംഭവവികാസങ്ങളില്‍ ഇസ്ലാമിക തീവ്രമതസംഘടനയായ സിഎഫ്ഐയുടെ പങ്ക് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ സിഎഫ്ഐയുടെ പങ്ക് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
ഈ വര്‍ഷം ജനുവരി ഒന്നിന് ഉഡുപ്പിയിലെ പിയു കോളേജിലെ ശിരോവസ്ത്രം ധരിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം ആരംഭിച്ചത്. എന്നാല്‍ 2004 മുതല്‍ കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരായ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കാതെയാണ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നതെന്നും പിയു കോളേജിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എസ്.എസ്.നാഗാനന്ദ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎഫ്ഐയുടെ പ്രതിനിധികള്‍ കോളേജ് അധികൃതരെ കണ്ടിരുന്നു. എന്നാല്‍ ഇത് കോളേജ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും ക്ലാസ്മുറിയില്‍ മതവസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് തീരദേശ ടൗണില്‍ സിഎഫ്ഐ വാര്‍ത്താസമ്മേളനം നടത്തുകയും ഹിജാബ് അനുവദിക്കാതിരുന്നാല്‍ പ്രതിഷേധങ്ങള്‍ അഴിച്ചുവിടുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ വിശാല ബെഞ്ചിനോട് പറഞ്ഞു. അതുവരെ ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചാണ് ക്യാമ്പസിലെത്തിയിരുന്നതെങ്കിലും ഇത് നീക്കം ചെയ്താണ് ക്ലാസ് മുറിയില്‍ പ്രവേശിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ രുദ്രഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തിന് സിഎഫ്ഐ അടക്കമുള്ള ബാഹ്യശക്തികളുടെ പിന്തുണയുണ്ടെന്ന് നാഗാനന്ദ് കോടതിയില്‍ വാദിച്ചു.
സിഎഫ്ഐയോട് വിധേയത്വമുള്ള വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഹിജാബ് വിവാദത്തെ മുന്പോട്ട് കൊണ്ടുപോകുന്നത്. മറ്റുള്ളവര്‍ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില അധ്യാപകരെ സിഎഫ്ഐ ഭീഷണിപ്പെടുത്തിയതായി നാഗാനന്ദ് കോടതിയെ അറിയിച്ചു. സിഎഫ്ഐ എന്ന സംഘടനയെ സംസ്ഥാനത്തെ ഒരു സ്കൂളും കോളേജും അംഗീകരിക്കുന്നില്ലെന്നും അവര്‍ ബഹളമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാഗാനന്ദ് കോടതിയോട് പറഞ്ഞു. ഹര്‍ജിക്കാരുടെ ആധാര്‍ കാര്‍ഡുകളിലെ ചിത്രങ്ങള്‍ പരാമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകന് ഹിജാബ് ഇല്ലാതെയാണ് വിദ്യാര്‍ത്ഥിനികള്‍ ഫോട്ടോ എടുത്തിരിക്കുന്നതെന്നും കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഹിജാബ് നിര്‍ബന്ധ മതവസ്ത്രമാണെന്ന വിദ്യാര്‍ത്ഥിനികളുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും നാഗാനന്ദ് ചൂണ്ടിക്കാട്ടി.
അതേസമയം സിഎഫ്ഐ ഒരു റാഡിക്കല്‍ സംഘടനയാണെന്നും അത് കോളേജുകള്‍ അംഗീകരിക്കുന്നില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് കെ നവദ്ഗി കോടതിയെ അറിയിച്ചു. യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിട്ടിട്ടുണ്ട്. കോളേജ് വികസന കൗണ്‍സില്‍ (സിഡിസി) ആണ് സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ദേശിക്കുന്നത്. സിഎഫ്ഐ സംഘടനയെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വ്യക്തമായ വിവരങ്ങളുണ്ട്. സിഎഫ്ഐക്കെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു അധ്യാപകനും പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സിഎഫ്ഐയെക്കുറിച്ച് ഇന്റലിജന്‍സ് വിവരം സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ തുടര്‍വാദം ഇന്ന് പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: