ചെന്നൈ:തമിഴ് ബിഗ് ബോസ് പരിപാടിയില്‍ നിന്നും അവതാരകന് കമല്‍ ഹാസന് പിന്മാറി. സീസണ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടന് അവതരണത്തില്‍ നിന്നും പിന്മാറുന്നത്. ഷോ പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിന്റെ കാരണം നടന് ഔദ്യോഗിക പ്രസ്താവന വിശദമാക്കി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന കമല്‍ ഹാസന് സിനിമയുടെ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും ബിഗ് ബോസ് അള്‍ട്ടിമേറ്റിന്റെ ഷൂട്ടിംഗും ഒരേസമയമാണ് വന്നെത്തിയത്. രണ്ടും ഒരേസമയം കൈകാര്യം ചെയ്യുന്നത് പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണിനെ തുടര്‍ന്ന് നീണ്ടുപോയ ചില വര്‍ക്കുകളാണ് ഇതിന് കാരണമായതെന്ന് നടന് പ്രസ്താവനയില്‍ പറയുന്നു. വിക്രമില്‍ ഇനിയും ചില ഷോട്ടുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും പ്രധാനപ്പെട്ട പല നടന്മാരും ഉള്‍ക്കൊള്ളുന്ന ഷോട്ടുകളാണതെന്നും കമല്‍ ഹാസന് പറഞ്ഞു. മാറ്റിവെക്കാനോ, നീട്ടിവെക്കാനോ കഴിയാത്ത സാഹചര്യം വന്നു ചേര്‍ന്നതിനാലാണ് ഏറെ പ്രിയപ്പെട്ട ബിഗ്ബോസ് ഷോയില്‍ നിന്ന് പിന്മാറുന്നതെന്നും നടന് വ്യക്തമാക്കി.
കമല്‍ ഹാസനോടൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും എത്തുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ ‘വിക്രം’. കമല്‍ ഹാസന്റെ കമ്പനിയായ രാജ്കമല് ഫിലിംസ് തന്നെയാണ് ഇതിന്റെ പ്രോഡക്ഷനും നിര്‍വഹിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധായകന്. 2018ല്‍ ഇറങ്ങിയ വിശ്വരൂപം രണ്ടാം ഭാഗമാണ് കമല്‍ ഹാസന് അവസാനമായി അഭിനയിച്ച സിനിമ. അതുകൊണ്ടു തന്നെ വിക്രമിന് വളരെ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: