മൂലമറ്റം: പേവിഷബാധയേറ്റ് അറക്കുളത്ത് 2 പശുക്കള്‍ ചത്തു. അറക്കുളം പഞ്ചായത്ത് മെമ്പര്‍ പി.എ. വേലുക്കുട്ടന്റെയും സമീപവാസിയുടെയും വെച്ചൂര്‍ വിഭാഗത്തില്പ്പെട്ടകറവ പശുക്കള്‍ ആണ് ചത്തത്. ഒരു പശുവിനെ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.
തെരുവ് നായ ശല്യവും കുറുക്കന്റെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. കുറുക്കന് കടിച്ചാല്‍ പശുക്കളില്‍ ഇത്തരം ലക്ഷണം കാണിക്കുകയും, ലക്ഷണം കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ പശുക്കളുടെ മരണം സംഭവിക്കുകയും ചെയ്യുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.
തെരുവ് നായയാണോ കുറക്കനാണോ പശുക്കളെ കടിച്ചത് എന്നതില്‍ വ്യക്തതയില്ല. അറക്കുളം പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയുടെ നാശത്തിനായി കുറുക്കനെ വ്യാപകമായി പ്രദേശത്ത് കൊണ്ടുവിട്ടതായി നാട്ടുകാര്‍ സംശയിക്കുന്നു. കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ കുറുക്കന് ഭക്ഷിക്കുന്നത് സാധാരണയാണ്.
കാട്ടുപന്നികള്‍ പെറ്റുപെരുകുന്നത് തടയാനാണ് കുറുക്കന്മാരെ പ്രദേശത്ത് എത്തിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവം നടന്ന ഭാഗത്തുളള 5 പേര് പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ പേവിഷബാധയേറ്റ് ചത്ത പശുക്കളുമായി അടുത്ത് ഇടപ്പെട്ടവരാണ്.
ജനപ്രതിനിധിയുടെ പശു പേവിഷബാധയേറ്റ് ചത്തിട്ടും കാര്യക്ഷമമായി പ്രശ്നത്തില്‍ ഇടപെടുവാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവം പശു വളര്‍ത്തി ഉപജീവനം നടത്തുന്നവരില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
അറക്കുളത്ത് പേവിഷബാധയേറ്റതിനെ തുടര്‍ന്ന് അധികൃതര്‍ വെടിവെച്ച് കൊന്ന പശുവുമായി അടുത്തിടപ്പെട്ട 2 പേര് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും. ഇവര്‍ക്ക് പശുവിന്റെ കടിയേറ്റതിനെ തുടര്‍ന്ന് മുറിവ് ഉണ്ടായിരുന്നു. അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇവരോട് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഇവരെ കോട്ടയത്തേക്ക് റഫര്‍ ചെയ്തു. ഇത്തരം സംഭവങ്ങളില്‍ മൃഗങ്ങളുടെ കടിയേറ്റ് മുറിവ് ഉണ്ടായാല്‍ മുറിവില്‍ കുത്തിവെയ്ക്കണം. അതിനുള്ള മരുന്നും, സൗകര്യവും മെഡിക്കല്‍ കോളേജിലേ ഉള്ളൂ. അതു കൊണ്ടാണ് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: