അഹമ്മദാബാദ്: അഹമ്മദാബാദില്‍ 2008ല്‍ നടന്ന സ്ഫോടനത്തില്‍ പ്രതികളായ 77 പേരില്‍ 49 പേരെ ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ (നേരത്തെ സിമി എന്നറിയപ്പെട്ടിരുന്ന സംഘടന) എന്ന സംഘടനയുടെ അന്ത്യം അതോടെ കുറിക്കപ്പെട്ടു.
കേസില്‍ 28 പ്രതികളെ വെറുതെ വിട്ടു. ഇതില്‍ 12 പേരെ തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. 16 പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടു. സ്ഫോടനത്തിന് അഞ്ച് മിനിറ്റ് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 6.41ന് 14 പേജുള്ള ഇമെയില്‍ മിക്ക വാര്‍ത്താ ഏജന്‍സികള്‍ക്കും 2008 ജൂലായ് 26ന് ലഭിച്ചു. ‘ഗുജറാത്തിനോടുള്ള പ്രതികാരത്തിന് അഞ്ച് മിനിറ്റ് കൂടി കാത്തിരിക്കൂ’- എന്നതായിരുന്നു ഈ ഇമെയിലിലെ പ്രധാന സന്ദേശം. ഗോധ്ര കൂട്ടക്കൊലയ്ക്ക ശേഷം നടന്ന 2002ലെ ഗുജറാത്ത് കലാപത്തിനോടുള്ള പ്രതികാരമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഇസ്ലാമിക തീവ്രവാദ സംഘടന ഉദ്ദേശിച്ചത്. അള്ളായുടെ നാമത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തിരിച്ചടിക്കുന്നു….മരണത്തിന്റെ ഭീതി അനുഭവിക്കൂ- സന്ദേശത്തില്‍ മറ്റൊരിടത്ത് പറയുന്നു.
അഞ്ച് മിനിറ്റിന് ശേഷം അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6.45ന് സ്ഫോടനം ആരംഭിച്ചു. 21 സ്ഫോടനങ്ങളാണ് നടന്നത്. നഗരത്തിലെ 14 വിവിധ കേന്ദ്രങ്ങളിലായി അടുത്ത 70 മുതല്‍ 80 മിനിറ്റ് വരെ സ്ഫോടനങ്ങളുടെ പരമ്പര നടന്നു. ഖാദിയ, സാരംഗ്പൂര്, മണിനഗര്‍, ഹട്കേശ്വര് സര്‍ക്കിള്‍, ബാപു നഗര്‍, തക്കര്ബാപ നഗര്‍, ജവഹര്‍ ചൗക്ക്, ഗോവിന്ദ് വാഡി, ഇസന്പൂര്, നരോള്‍, സര്‍ഖേജ് എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നു. ആകെ 56 പേര് കൊല്ലപ്പെട്ടു. 243 പേര്‍ക്ക് പരിക്കേറ്റു.
ആളുകള്‍ ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്ഫോടനം നടന്നത്. പിന്നീട് ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകളുടെ പ്രവാഹമായിരുന്നു. ഒപ്പം പൊലീസ് വാഹനങ്ങളുടെ സൈറണുകള്‍. ആളുകളുടെ പ്രാണരക്ഷാര്‍ത്ഥമുള്ള മരണപ്പാച്ചില്‍. ഒരു സ്ഫോടനം അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലും നടന്നു. ഈ സ്ഫോടനം ഉഗ്രസ്ഫോടനമായിരുന്നു. ഇവിടെ മാത്രം 37 പേര് കൊല്ലപ്പെട്ടു. ആശുപത്രിയിലെ സ്ഫോടനത്തിന് പിന്നില്‍ പരിക്കേറ്റ് വരുന്നവര്‍ക്ക് ചികിത്സ ലഭിക്കരുതെന്ന ഉദ്ദേശമുണ്ടായിരുന്നു.
അന്ന് നരേന്ദ്രമോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്കാന് മോദി നിര്‍ദേശിച്ചു. മരിച്ചവരുടെ ഉറ്റവര്‍ക്ക് അഞ്ച് ലക്ഷം വീതം നല്കി. അന്ന് ആഭ്യന്തരമന്ത്രി അമിത്ഷായാണ്. ഇരുവരും ഉടനെ പൊലീസ് കമ്മീഷണറെ കണ്ടു. ഡിജിപി പി.സി. പാണ്ഡേയ്ക്കും കമ്മീഷണര്‍ ഒ.പി. മാഥൂറിനും നിര്‍ദേശങ്ങള്‍ നല്കി. ഇതിന് പിന്നിലുള്ള മുഴുവന്‍ പേരെയും കണ്ടെത്താനായിരുന്നു അന്ത്യാശാസനം.
വൈകാതെ സ്ഫോടനത്തിന് പിന്നിലെ സിമിയുടെ കൈകള്‍ വെളിച്ചത്ത് വന്നു. അഹമ്മദാബാദ് പൊലീസ് ക്രൈംബ്രാഞ്ചിലെ ഡിസിപി അഭയ് ചുഡാസമയായിരുന്നു സമര്‍ത്ഥമായി കരുക്കള്‍ നീക്കിയത്. വൈകാതെ ജിഎല്‍ സിംഗാല്‍, ഹിമാംശു ശുക്ല, രാജേന്ദ്ര ആശാരി, മയൂര്‍ ചാവ്ഡ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അഭയ് ചുഡാസമ വൈകാതെ ബോംബ് സ്ഫോടനത്തെക്കുറിച്ച് താക്കീത് നല്കുന്ന ഇ-മെയില്‍ സന്ദേശത്തിന് പിന്നിലെ കമ്പ്യൂട്ടറുകള്‍ കണ്ടെത്തി. ഇതോടെ കാര്യങ്ങല്‍ എളുപ്പമായി. യുഎസ് സ്വദേശി കെന്‍ ഹെയ് വുഡിന്റെ കമ്പ്യൂട്ടറില്‍ നിന്നായിരുന്നു സന്ദേശം അയച്ചത്. ന്യൂ മുംബൈയിലെ സന്പാദയിലാണ് കെന്‍ ഹെയ് വുഡ് ജീവിച്ചിരുന്നത്. അവിടെ റെയ്ഡ് നടത്തി.
അധികം വൈകാതെ ഒരു രഹസ്യകാള് ചുഡാസമയ്ക്ക് കിട്ടി. സ്ഫോടനത്തിന് ഉപയോഗിച്ചത് ചുകപ്പും വെളുപ്പും നിറത്തിലുള്ള കാര്‍ ആണെന്ന്ായിരുന്നു ഇയാള്‍ നല്കിയ സന്ദേശം. ഈ കാര്‍ ബറൂച്ച് നഗരത്തില്‍ കണ്ടതായും പറയുന്നു. ഉടനെ ഡിസിപി ചുഡാസമ ബറൂച്ചില്‍ എത്തി. ഐപിഎസ് ഓഫീസര്‍ ജിഎല്‍ സിഗാളും ഡിഎസ്പി മയൂര്‍ ചാവ്ഡയും അദ്ദേഹത്തെ അനുഗമിച്ചു.
ആ കാറുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആദ്യത്തെ സൂചന ലഭിച്ചത്. ആ വീട്ടില്‍വെച്ചാണ് സ്ഫോടനത്തിനുള്ള ബോംബുകള്‍ നിര്‍മ്മിച്ചത്. ഇതോടെ അഹമ്മദാബാദ് സ്ഫോടനത്തിന്റെ ചുരുളഴിയാന്‍ തുടങ്ങി. ഹൈദരാബാദ്, ബെംഗളൂരു, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ രഹസ്യങ്ങളും ലഭിച്ചു. പിന്നീട് മൂന്ന് ഓഫീസര്‍മാരും ഇതിന് പിന്നിലെ തീവ്രവാദശൃംഖല തകര്ക്കേണ്ടതെങ്ങിനെ എന്നാലോചിച്ചു. റെയ്ഡ്, അറസ്റ്റ്, ചോദ്യം ചെയ്യല്‍, തെളിവു ശേഖരണം, കുറ്റം ചുമത്തല്‍ എന്നിങ്ങനെ വലിയൊരു കര്‍മ്മ പരമ്പര അന്വേഷണ സംഘം താണ്ടി.
ഇന്ത്യയാകെ പരന്നുകിടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായിരുന്നു അഹമ്മദാബാദ് സ്ഫോടനം. ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ നിന്നാണ് പ്രധാന പ്രതികളിലൊരാളായ മുഫ്തി അബു ബഷീറിനെ പിടിച്ചത്. അതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി മോദി പ്രത്യേക വിമാനം വരെ ഒരുക്കിയിരുന്നു. പ്രതി ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പ് വരുത്താന്‍. പിന്നീട് അറസ്റ്റിന്റെ പരമ്പരയായിരുന്നു. 78 പരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുറത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, കേരള, ആന്ധ്ര, രാജസ്ഥാന്, ജാര്‍ഖണ്ഡ്, ബീഹാര്‍, അഹമ്മദാബാദ്, വഡോദര, ബറൂച്ച്, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഈ 78 പേരെ പൊക്കിയത്. ഇതോടെ സിമി എന്ന തീവ്രവാദസംഘടനയുടെയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും കഥ കഴിഞ്ഞു. പക്ഷെ ഇപ്പോഴും പുതിയ രൂപത്തില്‍ ഇസ്ലാമിക തീവ്രവാദം തലപൊക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: