രണ്ട് മഹാപ്രളയങ്ങള്‍, നിരവധി പ്രകൃതി ദുരന്തങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ കേരളം അരക്ഷിതമായപ്പോള്‍ രക്ഷയ്ക്ക് അവരെത്തിയിരുന്നു – ഭാരത സൈനികര്‍. ഇപ്പോഴിതാ മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനും അവര്‍ വേണ്ടിവന്നു. ആയിരം മീറ്റര്‍ വരെ ഉയരമുള്ള മലയിടുക്കില്‍നിന്ന് കാല് വഴുതി താഴേക്കു വീണ യുവാവിനെ കരസേനാംഗങ്ങള്‍ അതി സാഹസികമായി രക്ഷിച്ചത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം വീക്ഷിച്ചത്. യുവാവിന് ഭക്ഷണമെത്തിക്കാനും അയാളെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ നേരത്തെ നടന്നെങ്കിലും കാലാവസ്ഥ മോശമായതുള്‍പ്പെടെ പല കാരണങ്ങളാലും അതിനു കഴിഞ്ഞില്ല. ഏറ്റവും ഒടുവിലാണ് സൈനികര്‍ മലമുകളിലെത്തി രക്ഷാദൗത്യത്തിന് തുടക്കംകുറിച്ചത്. വടംകെട്ടി താഴേക്കിറങ്ങിയ സൈനികന് വെള്ളവും ഭക്ഷണവും നല്‍കിയശേഷം യുവാവിനെ ബെല്‍റ്റുകൊണ്ട് തന്റെ ശരീരവുമായി ബന്ധിപ്പിച്ച് മുകളിലേക്ക് കൊണ്ടുവരികയായിരുന്നു. നാല്‍പ്പത്തിയഞ്ച് മിനിറ്റെടുത്ത ഈ ദൗത്യം ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം കാണുകയായിരുന്ന ഓരോരുത്തരും അത് വിജയിക്കാന്‍ പ്രാര്‍ത്ഥിച്ചു. അപകടമൊന്നും സംഭവിക്കാതെ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞപ്പോള്‍ ഓരോ മലയാളിയും മനസ്സുകൊണ്ട് സൈനികര്‍ക്ക് നന്ദി പറയുകയായിരുന്നു. മകനെ തിരിച്ചുകിട്ടിയ അമ്മയുടെ സന്തോഷത്തില്‍ എല്ലാവര്ക്കും പങ്കുചേരാം.
മരണമുഖത്തുനിന്ന് ഒരു ചെറിയ പരിക്കുപോലുമില്ലാതെ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സൈനിക ദൗത്യം ഒരു വിസ്മയമായി ജനങ്ങളുടെ മനസ്സില്‍ അവശേഷിക്കും. ദൗത്യപൂര്‍ത്തീകരണത്തിന്റെ അന്തിമ നിമിഷത്തില്‍ ആഹ്ലാദം അടക്കാനാവാതെ മലമുകളില്‍ നിന്ന് ഉയര്‍ന്നുകേട്ട ഭാരത് മാതാ കി ജയ് മുദ്രാവാക്യം ഈ നാടിനോടും ജനങ്ങളോടും ഓരോ സൈനികനും പുലര്‍ത്തുന്ന സ്നേഹത്തിനും പ്രതിബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രമാണ്. ജനങ്ങള്‍ കൂട്ടത്തോടെ അകപ്പെടുന്ന ദുരന്തങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാനാണ് ഇതിനു മുന്‍പ് സൈനികരെത്തിയിട്ടുള്ളത്. ഒരു വ്യക്തിയുടെ ജീവന് രക്ഷിക്കാന്‍ ഇങ്ങനെയൊരു സൈനിക ദൗത്യം കേരളത്തില്‍ ആദ്യം. നമ്മുടെ സായുധസേനയെക്കുറിച്ചുള്ള ശരാശരി മലയാളിയുടെ ധാരണ തന്നെ മാറ്റുന്നതാണിത്. സൈനികര്‍ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നത് അവരുടെ തൊഴിലായി മാത്രം കാണുന്ന ശീലമാണ് ചിലര്‍ക്കുള്ളത്. അതിനവര്‍ക്ക് ശമ്പളം കിട്ടുന്നുണ്ടല്ലോ എന്നതാണ് ഭാവം. അസ്ഥിപോലും മരവിപ്പിക്കുന്ന അതിശൈത്യത്തിലും, വെന്തുരുകുന്ന കൊടുംചൂടിലും രാഷ്ട്ര സുരക്ഷയ്ക്കുവേണ്ടി നിലകൊള്ളുന്ന സൈനികരില്‍നിന്ന് അകലം പാലിക്കാനുള്ള ഒരു മനോഭാവം മലയാളികളില്‍ കുത്തിവയ്ക്കുന്നതില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും മതതീവ്രവാദികളുമൊക്കെ മത്സരിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെയാണ് കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍ രക്ഷയ്ക്കെത്തിയ സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ അംഗീകരിക്കാത്ത പെരുമാറ്റം ഭരണകേന്ദ്രങ്ങളില്‍ നിന്നു തന്നെയുണ്ടായത്. സ്വന്തം സൈന്യവുമായി യുദ്ധത്തിനു പ്രേരിപ്പിക്കുന്ന മനോഭാവമാണല്ലോ മതതീവ്രവാദികള്‍ യുവാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്.
രാഷ്ട്ര സുരക്ഷ എന്നത് പരമപ്രധാനമായ ഒരു ദൗത്യമാണ്. അത് നിര്‍വഹിക്കുന്നവരാണ് സൈനികര്‍. രാഷ്ട്ര സുരക്ഷയുടെ അഭാവത്തില്‍ ഒരു ജനതയ്ക്കും സ്വസ്ഥമായി ജീവിക്കാനാവില്ല. യുദ്ധകാലത്തു മാത്രമല്ല, സമാധാന കാലത്തും സൈന്യം ജനങ്ങളുടെ രക്ഷകരാണ്. മറ്റ് പല സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ഇത് ബോധ്യമുണ്ട്. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ അങ്ങേയറ്റം സാഹസികമായാണ് അവിടങ്ങളില്‍ സൈന്യം പ്രവര്‍ത്തിക്കാറുള്ളത്. അതൊക്കെ വെറും വാര്‍ത്തകളായിക്കണ്ടാസ്വദിച്ചിരുന്ന ചിലര്‍ക്ക്് യാഥാര്‍ത്ഥ്യബോധമുദിച്ചത് പ്രളയകാലത്താണ്. അതുവരെ സുരക്ഷിതമെന്നു കരുതിയിരുന്ന ഇടങ്ങളില്‍നിന്ന് എത്രയധികം പേരെയാണ് സൈന്യത്തിന് രക്ഷിക്കേണ്ടി വന്നത്്. ദേശീയതയിലും ദേശസ്നേഹത്തിലുമൊക്കെ വിശ്വസിക്കുന്ന ചില സംഘടനകളായിരുന്നു സൈനികരോടുള്ള ആദരവ് ഒരു വികാരമായി കേരളത്തില്‍ കൊണ്ടുനടന്നിരുന്നത്. സൈന്യത്തിന്റെ ധീരതയെയും ത്യാഗത്തെയും നന്ദിയോടെ അനുസ്മരിച്ചിരുന്നതും അവരാണ്. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ആധുനിക കേരളത്തില്‍ പ്രചാരത്തില്‍ കൊണ്ടുവന്നതും മറ്റാരുമായിരുന്നില്ല. സൈന്യവുമായി താദാത്മ്യം പ്രാപിച്ചിട്ടുള്ള മുദ്രാവാക്യം ഇന്ന് ഭാരതമെമ്പാടും ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. രാഷ്ട്രത്തിന്റെ കരുത്തില്‍ അഭിമാനിക്കുന്ന സൈനികര്‍ ജനങ്ങളെ ഒന്നായി കാണുന്നവരുമാണ്. മതത്തിന്റെ വേലിക്കെട്ടുകളൊന്നും അവര്‍ക്കില്ല. പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ രക്ഷയ്ക്കെത്താന്‍ അവര്‍ സദാസന്നദ്ധരാണെന്നറിയുക. നിര്‍ദേശം ലഭിച്ചാല്‍ ഏത് പ്രതികൂല സാഹചര്യത്തിലും കര്‍മനിരതരാവുന്ന സൈനികരോട് നമുക്ക് എന്നും നന്ദിയുള്ളവരാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: