കേരള മീഡിയ അക്കാദമി ‘ക്വിസ്പ്രസ്’ എന്ന പ്രശ്നോത്തരി സംസ്ഥാന തലത്തില്‍ ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നു.ശാസ്ത്രം, വികസനം, മാധ്യമം എന്നിവയെ കേന്ദ്രീകരിച്ചുളള ഈ ക്വിസ്മത്സരം കൈറ്റ്-വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഏറ്റവും മികച്ച വിദ്യാലയ ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും അര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നല്‍കുമെന്ന് അക്കാദമി ചെയര്മാന് ആര്.എസ്.ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30,000 രൂപ, 15,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനമായി നല്‍കുക.
പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ&പിആര്‍ഡി, സി-ഡിറ്റ്, കൈറ്റ്-വിക്ടേഴ്സ്,ഐസിഫോസ് എന്നിവയുമായി സഹകരിച്ചാണ് അക്കാദമി ക്വിസ്പ്രസ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25ന് തിരുവനന്തപുരത്ത് റഷ്യല്‍ കള്‍ച്ചറല്‍ സെന്ററിലെ സി-ഡിറ്റ് സ്റ്റുഡിയോയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ് മത്സരം നയിക്കും. ടൊവിനോ തോമസ് ബ്രാന്‍ഡ് അംബാസഡറാണ്. വികസന-ശാസ്ത്ര-മാധ്യമ ചിന്ത പുതുതലമുറയില്‍ വളര്‍ത്തുക എന്നതാണ് ക്വിസ്പ്രസിന്റെ ഉദ്ദേശ്യം. അക്കാദമിയുടെ മീഡിയ ക്ലബ് പദ്ധതിയുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
എട്ടുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാര്‍ക്ക് ടീമുകളെ അയക്കാം. മത്സരത്തിനായി സംസ്ഥാനതലത്തില്‍ 12 സ്കൂള്‍ ടീമുകളെ തെരഞ്ഞെടുക്കും. ഇതിനുവേണ്ടിയുളള ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ ഫെബ്രുവരി 19ന് രാവിലെ 11നും ഓണ്‍ലൈന്‍ അഭിമുഖം ഫെബ്രുവരി 20ന് രാവിലെ 11നും നടക്കും.
സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന രണ്ടുപേരാണ് ഒരു ടീമില്‍ ഉണ്ടാകുക. രണ്ടുപേരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന കുട്ടിയുടെ സ്കോര്‍ ആയിരിക്കും സ്കൂള്‍ സ്കോര്‍ ആയി പരിഗണിക്കുക.ഫെബ്രുവരി 25, 26 തീയതികളില്‍ തെരഞ്ഞെടുത്ത ടീമുകള്‍ക്കുളള ക്വിസ് മത്സരം തിരുവനന്തപുരത്ത് നേരിട്ട് നടത്തും.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിതമാതൃകയിലുളള ഫോറത്തില്‍ ഫെബ്രുവരി 15നകം ഓണ്‍ലൈനായി ടീം രജിസ്ട്രേഷന് നടത്തണം. രജിസ്ട്രേഷനുള്ള ലിങ്ക് കേരള മീഡിയ അക്കാദമി വെബ്സൈറ്റില്‍ നിന്ന് ലഭിക്കും www.keralamediaacademy.org വിശദാംശങ്ങള്‍ക്ക് ഫോണ്‍: 0484 2422068, വാട്സ്ആപ്പ് നമ്പര്‍: 9447225524. ഇ-മെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: