ശാസ്താംകോട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായല്‍ അടക്കമുള്ള തടാകങ്ങളുടെ സംരക്ഷണത്തിന്റെ മറവില്‍ മൂന്നര കോടിയോളം രൂപ കൈക്കലാക്കിയതിന്റെ രേഖകള്‍ പുറത്ത്. ശാസ്താംകോട്ടയെ കൂടാതെ അഷ്ടമുടി, വേമ്പനാട്ട് കായലുകളുടെ സംരക്ഷണങ്ങള്ക്കായാണ് 3.43 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ നിയമ പ്രകാരം അറിയാനായത്. എന്നാല്‍ ഇത് പ്രകാരം ഒരു തരത്തിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായി.
റാംസര്‍ സൈറ്റുകളുടെ പട്ടികയില്‍പ്പെട്ട തടാകങ്ങളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട് തണ്ണീര്‍തടങ്ങളുടെ ഗുണനിലവാരം അളക്കല്‍, നീര്‍മറി പ്രദേശങ്ങളുടെ സംരക്ഷണപ്ലാന് തയ്യാറാക്കല്‍, വേമ്പനാട്ട് കായലില്‍ കൂട് മത്സ്യകൃഷി, ശാസ്താംകോട്ട തടാകത്തിലെ മത്സ്യസമ്പത്തിന്റെ ജൈവ വൈവിധ്യം തിട്ടപ്പെടുത്തല്‍, പായല്‍ നീക്കം ചെയ്യല്‍, വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ് വികസനം തുടങ്ങിയവക്കാണ് പണം ചെലവഴിച്ചതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ ശാസ്താംകോട്ട തടാകത്തില്‍ നിന്നും പായല്‍ നീക്കം ചെയ്തത് മാത്രമാണ് നടപ്പിലാക്കിയ സംരക്ഷണ പ്രവര്‍ത്തനം. നാട്ടുകാരും സന്നദ്ധസംഘടനകളും ചേര്‍ന്ന് സേവന പ്രവര്‍ത്തനമായിട്ടാണ് പായല്‍ നീക്കിയത്. എന്നാല്‍ ഇതിനു മാത്രം മൂന്നുലക്ഷം രൂപ ചെലവായതായാണ് കണക്ക്. ശാസ്താംകോട്ട തടാകത്തിന് 59.63 ലക്ഷം രൂപയും അഷ്ടമുടിക്ക് 144.75 ലക്ഷം രൂപയും വേമ്പനാടിന് 140. 75 ലക്ഷം രൂപയും ഇത്തരത്തില്‍ ചെലവഴിച്ചതായി സംസ്ഥാന തണ്ണീര്‍തട അതോറിറ്റി നല്കിയ മറുപടിയില്‍ പറയുന്നു. ശാസ്താംകോട്ട തടാകസംരക്ഷണ സമിതി ചെയര്മാന് കെ. കരുണാകരന്‍പിള്ളയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. കൊവിഡ് വ്യാപനത്തിന്റെ മറവില്‍ നടന്ന ഈ പകല്‍കൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: