അജയ് മേനോന്
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച ബജറ്റ് ഇന്ത്യയുടെ പുരോഗതിക്ക് മാറ്റുകൂട്ടാനായി നിരവധി കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ളതാണ്. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 9.2 ശതമാനത്തില്‍ എത്തി. രാജ്യപുരോഗതിയെ മുന്‍നിര്‍ത്തിയുള്ള ബജറ്റില്‍, കൊവിഡ് മഹാമാരി തളര്‍ത്തിയെങ്കിലും രാജ്യം ഈ വര്‍ഷം ജനുവരിയില്‍ മാത്രം ജിഎസ്ടി ഇനത്തില്‍ 1,40,986 കോടി രൂപ സമാഹരിച്ചു എന്നത് ഇന്ത്യയെ ഒരു മഹാമാരിക്കും തളര്‍ത്താനാകില്ല എന്നതിന് ഉദാഹരണമാണെന്നാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്.
ബജറ്റില്‍ നാലു കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി ഗതിശക്തി യോജനയ്ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. 25,000 കി.മി ദൂരം വരുന്ന ദേശീയ പാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 20000 കോടി രൂപ വകയിരുത്തി. നാടിന്റെ വികസനത്തില്‍ ദേശീയപാതകള്‍ക്കും വലിയ പങ്കുണ്ട്. ഗ്രാമ – നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ശക്തമായ ദേശീയപാത വികസനം കൊണ്ടു മാത്രമേ സാധിക്കൂ. ഒരിന്ത്യ, ഒരു ജനത എന്ന സങ്കല്പ്പത്തിലേക്ക് വളരുന്നതിനായി റെയില്‍വേയും റോഡുകളും വികസിക്കേണ്ടതുണ്ട്. മെട്രോ റെയിലിനും ഇവിടെ പ്രസക്തിയുണ്ട്. മെട്രോ റെയില്‍ വികസനത്തിനുംബജറ്റില് തുക വകയിരുത്തുന്നു. ഇതിനും പുറമെ പര്‍വ്വത പ്രദേശങ്ങളില്‍ റോപ്വേകള് (പര്‍വ്വത് മാല) സജ്ജമാക്കും. എട്ട് റോപ്വേകള് (ഏകദേശം 60 കി.മി വീതം) നിര്‍മ്മിക്കാനും തുക വകയിരുത്തി.
കര്‍ഷകര്‍ക്കൊപ്പം കരുതലോടെ
കാര്‍ഷിക മേഖലക്ക് ആശ്വാസമായി 2.73 ലക്ഷം കോടി രൂപ ധാന്യസംഭരണത്തിന് താങ്ങുവിലയായി നേരിട്ട് അനുവദിക്കും. എണ്ണക്കുരു ഇറക്കുമതി കുറച്ച് നാട്ടിലെ ഉത്പാദനം കൂട്ടുവാനായി കര്‍ഷകര്‍ക്ക് സഹായം. ശാസ്ത്രീയമായി കൃഷി ചെയ്യാനുള്ള സാങ്കേതിക പരിജ്ഞാനവും ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി (പിപിപി) മോഡലില്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരും. നബാര്‍ഡ് പോലെയുള്ള സ്ഥാപനങ്ങളിലൂടെയും കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങളും മറ്റും വാടകയ്ക്ക് നല്‍കുന്നതിനുള്ള സൗകര്യമൊരുക്കും. കര്‍ഷകര്‍ക്ക് അത്തരത്തിലുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്രെഡിറ്റ് ലഭ്യമാക്കാന്‍ സഹായിക്കും. നദീ സംരക്ഷണത്തിനും കര്‍ഷകര്‍ക്കാവശ്യമുള്ള ജലലഭ്യത ഉറപ്പാക്കാനും വിശദമായ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും.
ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായി അനുവദിക്കപ്പെട്ടിരുന്ന ഇസിഎല്‍ജിഎസ് പദ്ധതി 2023 വരെ നീട്ടും. രണ്ട് ലക്ഷം കോടി രൂപ അധിക വായ്പ അനുവദിക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇ-വിദ്യ ക്ലാസ് ഒന്നു മുതല്‍ പത്ത് വരെ നടപ്പിലാക്കാന്‍ നിലവിലുള്ള 12 ചാനലില്‍ നിന്ന് 200 ചാനലായി ഉയര്‍ത്താനും നടപടിയെടുക്കും. പ്രാദേശിക ഭാഷകളില്‍ പഠനസാധ്യത ഉറപ്പാക്കാനായി ഇതുവഴി സാധിക്കും. അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കും, മാനസികപ്രശ്നമുള്ള കുട്ടികള്‍ക്കും സഹായകമാകും വിധം 23 കേന്ദ്രങ്ങളില്‍ ദേശീയ മാനസിക ആരോഗ്യ ഡിജിറ്റല്‍ കേന്ദ്രങ്ങള്‍ തുറക്കും. നിംഹാന്‍സ് പോലെയുള്ള സ്ഥാപനങ്ങള്‍ ഇത് ഏകീകരിക്കും.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മൂന്ന് സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. രണ്ട് ലക്ഷം പുതിയ അങ്കണവാടികള്‍ക്ക് അനുമതി നല്‍കും. പ്രധാനമന്ത്രി ആവാസ് യോജനക്ക് 48,000 കോടി രൂപ അനുവദിക്കും. 2022-2023ല്‍ 18 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് തുക വകയിരുത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉന്നമനത്തിനായി 112 ജില്ലകളിലെ വികസന പരിപാടികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അതിര്‍ത്തിപ്രദേശത്തുള്ള ഗ്രാമങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ദേശീയതലത്തിലുള്ള 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ക്ക് കോര്‍ ബാങ്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സാധാരണക്കാരായ, പ്രത്യേകിച്ചും കര്‍ഷകരായ ഗ്രാമീണ ജനതയ്ക്ക് ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനമാണിത്.
ഒരു രാജ്യം ഒരു രജിസ്ട്രേഷന്
ഭരണം ജനതക്ക് താങ്ങും തണലുമാകണം, മറിച്ച് ബാധ്യതയാകരുത്. ഇതിന്റെ ഭാഗമായി, 1486 കാലഹരണപ്പെട്ട നിയമങ്ങള്‍ കേന്ദ്രം അസാധുവാക്കി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിവിധ അനുമതികള്‍ക്കായി നെട്ടോട്ടമോടാതെ ഒരു കുടക്കീഴില് ആവശ്യമുള്ള പെര്‍മിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമൊരുക്കി ആ മേഖലയ്ക്ക് കരുത്ത് പകരും. പ്രവാസികള്‍ക്ക് അനുഗ്രഹമായി ചിപ്പോടുകൂടിയ ഇ-പാസ്പോര്ട്ടുകള് നിലവില്‍ വരും. നഗരവികസനം തീവ്രവേഗതയില്‍ നടപ്പാക്കും. എഐസിടി പോലുള്ള സ്ഥാപനങ്ങള്‍ അഞ്ചെണ്ണം കൂടി നിലവില്‍ വരും. ഓരോന്നിനും 250 കോടി രൂപ വീതം അനുവദിക്കും. സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ നിയമങ്ങള്‍ പൊളിച്ചെഴുതും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കും. ഗ്രീന്‍ ഇന്ത്യ എന്ന പേരില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കും. പെട്രോള്‍ ബങ്കുകളില്‍ ചാര്‍ജ്ജ് ചെയ്യുവാനും ബാറ്ററി സ്വാപ്പ് ചെയ്യാനുമുള്ള സംവിധാനമൊരുക്കും. അതില്‍ സ്വകാര്യ പങ്കാളിത്തവും ഉണ്ടാകും. ഒരു രാജ്യം ഒരു രജിസ്ട്രേഷന് എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കും. എവിടെ നിന്നും ഏതു ഭൂമിയും രജിസ്റ്റര്‍ ചെയ്യാനുതകും വിധം ഡേറ്റാബേസ് ദേശീയതലത്തില്‍ സജ്ജമാക്കും. സംരംഭകരുടെ സൗകര്യത്തിനായി ഇ-പെയ്മന്റ് പോര്‍ട്ടല്‍ നിലവില്‍ വരും. ബാങ്ക് ഗ്യാരണ്ടിക്കു പകരം ഐഅര്ഡിഎഐ നല്കുന്ന സെക്യൂരിറ്റി ബോണ്ട് മതിയാകും. ടെലികോം മേഖലക്ക് ശക്തിപകര്‍ന്ന് 5 ജി സര്‍വ്വീസുകള്‍ രാജ്യത്തുടനീളം നിലവില്‍ വരും. ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന്റെ പ്രസക്തി വര്‍ധിക്കും. ആ മേഖലയുടെ ആകെ വരുമാനത്തിന്റെ 5 ശതമാനം അതിനായി മാറ്റിവയ്ക്കും.
വരുന്നൂ, ഡിജിറ്റല്‍ കറന്‍സി
സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഒപ്ടിക്കല്‍ ഫൈബര്‍ വിപുലീകരിക്കും. രാജ്യസുരക്ഷക്കായി സ്വായത്തത കൈവരിക്കുന്നതിന് ദേശീയതലത്തില്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രോത്സാഹനം നല്‍കും. ഇറക്കുമതി കുറച്ച് രാജ്യത്തു തന്നെ യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ തുടക്കം കുറിക്കും. സ്വകാര്യസ്ഥാപനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കും. സൗരോര്‍ജം 280 ഗിഗാവാട്ടില്‍ എത്തിക്കാന്‍ 19,500 കോടിരൂപ വകയിരുത്തി. മൂലധന ചിലവുകള്‍ക്കായി 5.54 ലക്ഷം കോടി രൂപയില്‍ നിന്ന് 7.50 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. ജിഡിപിയുടെ 2.9 ശതമാനമാണിത്. കേന്ദ്രീകൃതമായി ഒരു ഡിജിറ്റല്‍ സെന്‍ട്രല്‍ ബാങ്ക് തുടങ്ങും. ഡിജിറ്റല്‍ കറന്‍സി ആര്‍ബിഐയുടെ അനുവാദത്തോടെ നിലവില്‍ വരും. സംസ്ഥാനങ്ങളുടെ മൂലധന ചിലവുകള്‍ക്കായി ഒരു ലക്ഷം കോടി രൂപ വകയിരുത്തി. അതില്‍ പ്രധാനമന്ത്രിയുടെ ഗതിശക്തി തുടങ്ങിയ സംരംഭങ്ങള്‍ക്കു വേണ്ടിയുള്ള ചിലവുകളും ഉള്‍പ്പെടും. ബജറ്റ് പ്രകാരം മൊത്തം ചിലവ് 39.45 ലക്ഷം കോടി രൂപയും വരവ് 22.84 കോടി രൂപയുമാണ്. കമ്മി 6.9 ലക്ഷം കോടി രൂപ. ആദായ നികുതിദായകര്‍ക്ക് ആശ്വാസമായി മുന്‍കാല ടാക്സ് റിട്ടേണ്‍സ് തിരുത്തി സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് വരെയുള്ള റിട്ടേണുകളാണ് തിരുത്തി സമര്‍പ്പിക്കുവാന്‍ കഴിയുക. ഒരു നികുതിദായകന് നല്കിയ കേസ് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ തീരുമാനമാകാതെ കിടക്കുകയാണെങ്കില്‍ അതേ നിയമപ്രശ്നത്തില്‍ മറ്റൊരു നികുതിദായകന്റെ കേസിന് സാമ്യമുണ്ടെങ്കില്‍ അത് ആദ്യ കേസ് തീരുമാനമാകും വരെ തടഞ്ഞ് വയ്ക്കാന്‍ കോടതികള്‍ക്ക് അനുമതി നല്‍കും. ഇത് ഒരേ രീതിയിലുള്ള പല കേസുകള്‍ ഇല്ലാതാക്കും.
ഡിജിറ്റല്‍ അഥവാ വെര്‍ച്വല്‍ ആസ്തികള്‍ കൈമാറുന്നതിനും അതിലുള്ള വരുമാനത്തിനും 30% നികുതി നല്‍കണം. അവയ്ക്ക് സര്‍ചാര്‍ജും 15 ശതമാനം നല്‍കേണ്ടി വരും. കസ്റ്റംസ് ഡ്യൂട്ടി ഇളവുകളുള്ള 350 വകകള്‍ ഡി ലിസ്റ്റ് ചെയ്തു. ചില പുതിയ ഇനങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. ഇലക്ടോണിക്സ് ഐറ്റംസ്, മൊബൈല്‍ ചാര്‍ജര്‍ തുടങ്ങിയവക്ക് 5% കസ്റ്റംസ് ഡ്യൂട്ടി നല്‍കണം. കുടകള്‍ നിര്‍മ്മിക്കുന്ന ഭാഗങ്ങള്‍ക്ക് 20% തീരുവ ഏര്‍പ്പെടുത്തി. ചെമ്മീന്‍ സംസ്കരണത്തിനുള്ള ഉപകരണങ്ങള്‍ക്ക് നികുതി കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് മൂലധന ആസ്തികള്‍ക്കുള്ള ചിലവുകള്‍ക്ക് ഈ ബജറ്റ് വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്ധിക്കുവാനുതകുന്ന ദേശീയപാതകളുടെ വികസനം, കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാല്‍വയ്പ്പാണ്. കെ റെയിലിനെപ്പറ്റി പ്രത്യേകം പരാമര്ശമുണ്ടായില്ലെങ്കിലും, പ്രധാനമന്ത്രി ഗതിശക്തിയില്‍ ഇതിനു ഇടമുണ്ടോ എന്നറിവില്ല.
പുതിയ തൊഴിലവസരങ്ങളും, ഇ പഠന സൗകര്യങ്ങളും ഒരുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷക്ക് വക നല്കുന്നു. മേക്ക് ഇന്‍ ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് കൂടുതലും ചായ്വ് കാണിച്ചിട്ടുള്ളത്. അത് നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുതകും. ക്രിപ്റ്റൊ കറന്‍സിയുടെയും ദേശീയ ഡിജിറ്റല്‍ ബാങ്കുകളുടെ ആവിര്‍ഭാവവും രാജ്യപുരോഗതിക്ക് ഉതകുമെന്നതില്‍ സംശയമില്ല. കഴിഞ്ഞവര്‍ഷം ധനമന്ത്രി അവതരിപ്പിച്ചതിന്റെ തുടര്ച്ചയാണീ ബജറ്റ്. ജനങ്ങള്‍ക്ക് നേരിട്ട് ഇളവുകള്‍ നല്കുന്നതിനു പകരം അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് അതിലൂടെ തൊഴിലവസരങ്ങളും വികസനവും നല്‍കുക എന്ന ഉദാത്തമായ ആശയമാണ് ഇവിടെ ലക്ഷ്യംവെച്ചിരിക്കുന്നത് 7.5 ലക്ഷം കോടിയോളം ധനം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വകയിരുത്തിയത് നല്ല ചുവടുവയ്പ്പാണ്. 5 ജിയിലൂടെ ഡിജിറ്റല്‍ മീഡിയക്ക് നല്കുന്ന കരുത്ത് രാജ്യത്തിന്റെ വളര്‍ച്ചക്ക് സഹായിക്കും. പ്രത്യേകിച്ചും മഹാമാരിയുടെ ഈ സമയത്ത് വിദ്യാഭ്യാസാത്തിന്, വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റിനേക്കാളും 25 ശതമാനം വര്‍ധന പുതുതലമുറക്ക് അനുഗ്രഹമാകും. ക്രിപ്റ്റൊ കറന്‍സി വരുന്നതോടെ കള്ളനോട്ടുകളുടെ കുത്തൊഴുക്ക് തടയാനുതകും. സഹകരണ മേഖലയിലെ നികുതി 18 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഏകീകരിച്ചത് ആ മേഖലയിലുള്ള കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വളരെ ഉപകാരപ്രദമാകും. പൊതുവെ വികസന പ്രവര്‍ത്തികള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന ഒരു ബജറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: