ചെന്നൈ: ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്കൂള്‍ അധികൃതരുടെ പീഡനം സഹിക്കാനാകാതെ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തെന്ന് പരാതി ഉയര്‍ന്ന സംഭവം സിബിഐ അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ തിരുക്കാട്ടുപാളി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എം.ലാവണ്യയുയെ ആത്മഹത്യയാണ് സിബിഐ അന്വേഷണത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ലാവണ്യയുടെ മാതാപിതാക്കളും കോടതിയെ അറിയിച്ചിരുന്നു.
സ്കൂളില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ ക്രിസ്തുമതം സ്വീകരിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്കൂളിന് അടുത്തുള്ള സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹോസ്റ്റലിലാണ് ലാവണ്യ താമസിച്ചിരുന്നത്. എന്നാല്‍ മതം മാറാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാവണ്യ. ഇതിന്റെ പേരില്‍ പല രീതിയിലും സ്കൂള്‍ അധികൃതര്‍ പീഡിപ്പിച്ചിരുന്നതായി ലാവണ്യ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. പൊങ്കല്‍ അവധിക്ക് ലാവണ്യയെ വീട്ടിലേക്ക് വിടാനും അധികൃതര്‍ തയ്യാറായില്ല. അവധി ദിവസങ്ങളില്‍ സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികള്‍ ചെയ്യിച്ചുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് പൂന്തോട്ടത്തില്‍ അടിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനി എടുത്ത് കഴിച്ച് ലാവണ്യ ആത്മഹത്യാശ്രമം നടത്തിയത്.
കുട്ടി അവശയായതോടെ പ്രദേശത്തെ ക്ലിനിക്കില്‍ പ്രവേശിച്ചപ്പോഴാണ് വിഷം കഴിച്ച വിവരം അറിയുന്നത്. മാതാപിതാക്കളെത്തിയാണ് ലാവണ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്നലെ അന്ത്യം സംഭവിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതിനിടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ ചിത്രീകരിച്ച ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇതില്‍ ലാവണ്യ ഉന്നയിക്കുന്നത്.
ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തുടര്‍പഠനത്തിനും സഹായിക്കാമെന്ന് സ്കൂളുകാര് വാഗ്ദാനം ചെയ്തതായി ലാവണ്യ ഈ വീഡിയോയില്‍ പറയുന്നു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലും ഇക്കാര്യം ചോദിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാത്തതോടെ അവര്‍ എപ്പോഴും ദേഷ്യപ്പെടുമായിരുന്നുവെന്നും ലാവണ്യ പറയുന്നുണ്ട്. റേച്ചല്‍ മേരി എന്നയാളുടെ പേരും ഇതില്‍ പറയുന്നുണ്ട്. സ്കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാവണ്യയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരുക്കാട്ടുപള്ളി പോലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയിരുന്നു. ഹിന്ദു സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി, രാഷ്ട്രീയ സംഘടനയായ ഇന്ദു മക്കള്‍ പാര്‍ട്ടി തുടങ്ങീ നിരവധി സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: