തൃശൂര്‍: വിവാഹനാളുകളിലെ ധന്യമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ വലിയ ആഡംബര ആല്‍ബങ്ങള്‍ പിന്നീട് സംരക്ഷിക്കാന്‍ പാടുപെടേണ്ടി വരാറുണ്ട്. എന്നാല്‍ ആല്‍ബങ്ങള്‍ക്കൊപ്പം വിവാഹ ദിനം പ്രത്യേകം തയാറാക്കി ഉപയോഗിച്ച വസ്തുക്കളും കൂടി സുരക്ഷിതമായി വെക്കാന്‍ പറ്റിയ മനോഹരമായ ഒരു കസ്റ്റമൈസ്ഡ് അലമാരിയുണ്ടെങ്കിലോ? അത്തരമൊരു അലമാരിയുടെ വിശേഷങ്ങള്‍ ഇതാ.
ജനുവരി 1 ന് വിവാഹിതരായ തൃശൂര്‍ വെളുത്തൂര്‍ സ്വദേശിയും സേഫ് ആന്റ് സ്ട്രോങ്ങ് ബിസിനസ് കണ്‍സള്‍ട്ടന്റ് പ്രൈ. ലിമിറ്റഡ് സി.എം.ഡി യുമായ ഡോ. പ്രവീണ്‍ കെ.പി.യുടെയും, മുംബൈ സ്വദേശിനി വയന ചന്ദ്രന്റെയും വിവാഹ ആല്‍ബമാണ് നിര്‍മ്മാണത്തിലെ പുതുമ കൊണ്ട് വ്യതസ്തമാകുന്നത്. സിനിമാ നിശ്ചല ഛായാഗ്രാഹകനായ ശാലു പേയാടിന്റെ മനസിലുദിച്ച ആശയമാണ് പുതുമകള്‍ നിറഞ്ഞ ചിത്രക്കൂട് എന്ന ആല്‍ബം അലമാരി.
മൂന്ന് ഗ്രാം സ്വര്‍ണം കൊണ്ട് വധൂവരന്മാരുടെ പേരുകള്‍ ആലേഖനം ചെയ്ത പൂര്‍ണമായും ഈട്ടിത്തടിയില്‍ നാലര അടി പൊക്കത്തിലും രണ്ടര അടി വീതിയുമുള്ള ഈ അലമാരിക്ക് 4 അറകളാണുള്ളത്. നിറയെ അലങ്കാര കൊത്തുപണികളോടു കൂടിയ ഇതില്‍ മൂന്ന് അറകളില്‍ കല്യാണത്തോടനുബന്ധിച്ചുള്ള 3 വ്യതസ്ത ആല്‍ബങ്ങള്‍ സൂക്ഷിക്കാം. ആല്‍ബങ്ങള്‍ മൂന്നിന്റെയും ചട്ടയും ആല്‍ബം സൂക്ഷിക്കുന്ന ബോക്സും ഈട്ടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവ ഓരോ അറകളില്‍ ഭദ്രമായി സൂക്ഷിക്കാം. ഇതോടൊപ്പം താഴെയുള്ള അറയില്‍ വിവാഹ ദിനം ഉപയോഗിച്ച വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങി ഓര്‍മ്മകളായി സൂക്ഷിക്കേണ്ടതെല്ലാം ഇവിടെ വെക്കാം.
വീട്ടിലെ അതിഥി മുറിയില്‍ അലങ്കാരമായി ഉപയോഗിക്കാവുന്ന ഈ അലമാരി തുറന്ന് ആല്‍ബം കാണുന്നവര്‍ക്ക് ഓരോ ആല്‍ബം അറയിലും കൊടുത്തിരിക്കുന്ന ക്യൂ.ആര്. കോഡ് സ്കാന്‍ ചെയ്ത് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും സാധിക്കും. അലമാരിയില്‍ വധൂവരന്മാരുടെ ചിത്രം തടിയില്‍ നേരിട്ട് പ്രിന്റ് ചെയ്തിരിക്കുന്നതും മനോഹരമാണ്.
രണ്ടു പതിറ്റാണ്ടായി സിനിമാ നിശ്ചല ഛായാഗ്രാഹകനായ തിരുവനന്തപുരം സ്വദേശി ശാലു പേയാടാണ് ഡോ. പ്രവീണിന് മുന്നില്‍ ഇത്തരം ആശയം വച്ചത്. വന്‍ ചിലവില്‍ എടുക്കുന്ന വിവാഹ ആല്‍ബങ്ങള്‍ പലതും ആദ്യത്തെ പുതുമ കഴിഞ്ഞാല്‍ സൂക്ഷിക്കാന്‍ മിക്കവര്‍ക്കും ബാധ്യതയാണ്. അതിനാല്‍ ഇത്തരം ആല്‍ബങ്ങള്‍ കാലാകാലം കണ്മുന്നില് മുറിക്കുള്ളില്‍ ഒരു സുരക്ഷിത കവചത്തിലാക്കി അലങ്കാരമായി സൂക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.
വിവാഹം കഴിഞ്ഞ് 20 ദിവസം കൊണ്ട് ആല്‍ബം മേക്കിങ്ങും അലമാരി നിര്‍മാണവും കഴിഞ്ഞു. ചാലക്കുടിയിലെ ഇന്‍ഡോട്ട് കളര്‍ ലാബില്‍ വച്ചായിരുന്നു പ്രിന്റിങ്ങും, മരപ്പണികളും ചെയ്തത്. ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഇത്തരത്തിലുള്ള ആല്‍ബങ്ങള്‍ക്കും അലമാരിക്കും മാത്രം ചിലവ് വരുന്നതെന്ന് ശാലു പേയാട് പറഞ്ഞു. ആഡംബരങ്ങള്‍ കൂടുന്നതിനനുസരിച്ച് തുകയും മാറും എന്ന് മാത്രം.
പത്ത് വര്‍ഷത്തിലധികമായി പ്രിയദര്ശന് ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിക്കുന്നയാളാണ് ശാലു പേയാട്. തൃശൂര്‍ മെര്ലിന് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍, സംവിധായകന് കണ്ണന് താമരക്കുളം, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവര്‍ ചേര്‍ന്ന് ഡോ. പ്രവീണിനും, വയന ചന്ദ്രനും ആല്‍ബവും അലമാരിയും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: