കൊച്ചി : വെള്ളം വിതരണം ചെയ്തതിന് പണം അടയ്ക്കാതെ ചരക്കുകപ്പല്‍ തുറമുഖം വീടുന്നത് വിലക്കി ഹൈക്കോടതി. കൊച്ചിയില്‍ നങ്കൂരമിട്ടിരുന്ന എംവി ഓഷ്യന്‍ റോസ് എന്ന എന്ന ചരക്കു കപ്പല്‍ തുറമുഖം വിടുന്നതാണ് ഹൈക്കോടതി തടഞ്ഞത്. അര്‍ധരാത്രിയില്‍ പ്രത്യേക സിറ്റിങ് നടത്തിയായിരുന്നു കോടതി വിധി. അഭിഭാഷകരും ജീവനക്കാരും ഉള്‍പ്പടെ എല്ലാവരും ഓണ്‍ലൈനിലൂടെയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്.
ഇന്ന് പുലര്‍ച്ചെ കപ്പല്‍ തീരം വിടുന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് രാത്രി അടിയന്തരമായി കേസ് പരിഗണിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് അര്‍ദ്ധരാത്രിയില്‍ കോടതി ചേരുന്നത്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തില്‍ രണ്ടര കോടി രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഗ്രേസ് യാങ് ഇന്റര്‍നാഷണല്‍ കമ്പനി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അടിയന്തിര ഇടപെടല്‍.
അമ്പലമുകള്‍ ഫാക്ടിലേക്ക് സള്‍ഫറുമായി എത്തിയതാണ് ഈ ചരക്കു കപ്പല്‍. ഇവര്‍ കൊച്ചി തുറമുഖം വിടാനിരിക്കേ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന് നല്‍കാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവെക്കുകയോ ഈ തുകക്ക് ആനുപാതികമായ ഈടോ നല്‍കാതെ കപ്പലിനെ തുറമുഖം വിടാന്‍ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിര്‍ദേശം നല്കി. പതിനഞ്ച് ദിവസത്തിനകം ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യാന്‍ ഹര്ജിക്കാരന് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: