ഗാന്ധിനഗര്‍: ഒരേ ദിവസം രണ്ടു സ്ഥലത്ത് ഒരാളുടെ തന്നെ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം ലഭിച്ചപ്പോള്‍ ഒന്ന് പൊസിറ്റീവ്. മറ്റേത് നെഗറ്റീവും. ഇതില്‍ ഏതാണ് ശരിയെന്നറിയാതെ യുവതിയും പരിഭ്രാന്തിയില്‍.
ആര്‍പ്പൂക്കര മണലേല്‍ പള്ളി ഭാഗത്തുള്ള യുവതിയുടെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമാണ് ഇങ്ങനെ ലഭിച്ചത്. മെഡിക്കല്‍ കോളജിലെ ദന്തരോഗ വിഭാഗത്തില്‍ പല്ലിന്റെ റൂട്ട് കനാല്‍ ചെയ്യുന്നതിനാണ് മെഡിക്കല്‍ കോളജില്‍ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തില്‍ ഇവര്‍ എത്തിയത്. കഴിഞ്ഞ 20ന് മൂക്കില്‍ നിന്നും സ്രവം എടുക്കുകയും ചെയ്തു. അന്നു രാത്രിയില്‍ തന്നെ ഫോണില്‍ വിളിച്ച് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചു.
എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത തനിക്ക് പൊസിറ്റീവാണെന്നു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ലെന്നു യുവതി പറയുന്നു. മാത്രമല്ല വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഹൃദയ സംബന്ധമായ അസുഖമുള്ള വയോധികരായ മാതാപിതാക്കളുണ്ടെന്നും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ അവരെയും രോഗം ബാധിക്കുകയില്ലെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി നല്കിയുമില്ല. പരിശോധനയ്ക്ക് വരിനില്കുമ്പോള് ഇവിടെ പരിശോധിച്ചാല്‍ എല്ലാവരും രോഗികളായിരിക്കുമെന്ന് ചിലര്‍ പറഞ്ഞ അഭിപ്രായം കൂടി കേട്ടപ്പോള്‍ ഇതു തെറ്റായ ഫലമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
അതു കൊണ്ട് 20നു തന്നെ സമീപത്തെ സ്വകാര്യ ലാബിലും സ്രവ പരിശോധന നടത്തി. 21ന് വൈകിട്ട് അവിടെ നിന്നും ലഭിച്ച പരിശോധനാ ഫലം നെഗറ്റീവ് എന്നായിരുന്നു. അപ്പോഴാണ് താന്‍ ശരിക്കും ഞെട്ടിയതെന്ന് യുവതി പറയുന്നു. ഇതിനു മുമ്പ് 18ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും നെഗറ്റിവ് തന്നെ ആയിരുന്നു.
സംസ്ഥാനത്തെ തന്നെ നമ്പര്‍ വണ്‍ എന്നു വിശേഷിപ്പിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഇങ്ങനെ തെറ്റായ പരിശോധനാ ഫലമാണ് ലഭിക്കുന്നതെങ്കില്‍ സാധാരണക്കാരന് ആശുപത്രിയില്‍ എങ്ങനെ ചികിത്സ തേടും എന്ന ചോദ്യമാണ് ഉയരുന്നത്.
ലാബിലെ ടെക്നീഷ്യന്മാരുടെ യോഗ്യതയാണ് സംശയത്തിനിടയാക്കുന്നത്. മതിയായ യോഗ്യതയില്ലാത്തവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ നിയമിക്കുമ്പോള്‍ അതു ജനങ്ങളുടെ ജീവന് വച്ചുള്ള കളിയാണെന്നെങ്കിലും ഓര്‍ക്കണം. സംഭവത്തില്‍ യുവതി ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: