കൊവിഡ് മൂന്നാം തരംഗം വലിയ നാശം വിതച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിന രോഗവ്യാപന നിരക്ക് ദേശീയ ശരാശരിയേക്കാള് മൂന്നിരട്ടിയോളം കേരളത്തില് കൂടുതലാണ്. മരണനിരക്കിലും കേരളം മുന്നിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാല് കൊവിഡ് മൂലം ഏറ്റവും അധികം പേര് മരിച്ചിട്ടുള്ളത് കേരളത്തിലാണെന്ന് കണക്കുകള് വ്യക്തമാക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്ക്കാരിന്റെ അനാസ്ഥ. പൊള്ളയായ അവകാശവാദങ്ങള് ആവര്ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്ജും ജനങ്ങളെ കബളിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല് കൂടുതല് വ്യക്തമാവുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്ന്നിരിക്കുന്നു. സര്ക്കാര് പുറത്തുവിടുന്നതിനപ്പുറമാണ് യഥാര്ത്ഥ കണക്കുകളെന്നും ജനസംഖ്യയുടെ വലിയൊരു വിഭാഗം രോഗത്തിന്റെ പിടിയിലാണെന്നും കരുതേണ്ടിയിരിക്കുന്നു. വാക്കുകളില് മാത്രമാണ് സര്ക്കാരിന്റെ രോഗപ്രതിരോധം. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും മറ്റുമുള്ള അനാസ്ഥയ്ക്കുനേരെ അധികൃതര് ബോധപൂര്വം കണ്ണടയ്ക്കുകയാണ്. സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും മറ്റുമുള്ള സാന്നിറ്റൈസേഷന് സര്ക്കാര് മറന്നുകളഞ്ഞിരിക്കുന്നു.
സര്ക്കാരിന് നേതൃത്വം നല്കുന്ന സിപിഎം കൊവിഡ് നിയന്ത്രണങ്ങളെ ആസൂത്രിതമായി അട്ടിമറിക്കുകയാണ്. പാര്ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില് നിയന്ത്രണങ്ങള് കാറ്റില്പ്പറത്തുന്നതാണ് ജനങ്ങള് കണ്ടത്. മാനദണ്ഡങ്ങള്ക്ക് പുല്ലുവില കല്പ്പിച്ച് അഞ്ഞൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്തും തൃശൂരും നടത്തിയ മെഗാ തിരുവാതിരകള് കൊവിഡ് വ്യാപനത്തിന് ആക്കംകൂട്ടി. ജില്ലാ സമ്മേളനങ്ങളില് പങ്കെടുത്ത ചില നേതാക്കളും രോഗികളായി. രോഗികളുടെ എണ്ണത്തില് ഇത്ര വലിയ കുതിപ്പുണ്ടാകാന് കാരണം സിപിഎമ്മിന്റെ സമ്മേളനങ്ങളാണെന്ന് വ്യക്തമാകുകയാണ്. ഇതിനെതിരെ പ്രതിപക്ഷ പാര്ട്ടികളില്നിന്ന് വിമര്ശനമുയരുകയും, സമൂഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുമ്പോള് മരണത്തിന്റെ വ്യാപാരികളായി മാറിയ സിപിഎം നേതാക്കള് അധികാര ധാര്ഷ്ട്യം പ്രകടിപ്പിച്ച് ജനങ്ങളെ കൊലയ്ക്കു കൊടുക്കുകയാണ്. പാര്ട്ടി സമ്മേളനങ്ങള് നിയമം പാലിച്ച് നടക്കുമെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. അഴിമതിയിലും അക്രമരാഷ്ട്രീയത്തിലുമെന്നപോലെ, കൊവിഡ് പ്രതിരോധത്തിലും പൊതുനിയമമല്ല, പാര്ട്ടിയുടെ നിയമങ്ങളാണ് തങ്ങള്ക്ക് ബാധകമെന്നാണ് സിപിഎം നേതൃത്വം പ്രഖ്യാപിക്കുന്നത്. സര്ക്കാര് സംവിധാനം ഇക്കാര്യത്തില് സിപിഎമ്മിന് സമ്പൂര്ണമായി കീഴടങ്ങിയിരിക്കുകയാണ്. ആരോഗ്യമന്ത്രി പാര്ട്ടിയുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്നു.
നിയന്ത്രണങ്ങള് പാലിച്ചാണ് പാര്ട്ടി സമ്മേളനങ്ങള് നടക്കുന്നതെന്ന് സിപിഎം പറയുന്നതിന്റെ കാപട്യമാണ് കാസര്കോഡ് വ്യക്തമായത്. പൊതുസമ്മേളനങ്ങള് വിലക്കി ജില്ലാ കളക്ടര് ഇറക്കിയ ഉത്തരവ് സിപിഎമ്മിനുവേണ്ടി പിന്വലിക്കുകയായിരുന്നു. ഇതിനെതിരായ ഹര്ജി പരിഗണിച്ച ഹൈക്കോടതി അന്പതില് കൂടുതല് പേര് പങ്കെടുക്കുന്ന സമ്മേളനം വിലക്കിയത് സിപിഎമ്മിന് തിരിച്ചടിയായി. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില് സിപിഎം നേതാക്കള് നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള് ജനവഞ്ചനയാണെന്ന് ഇതില്നിന്ന് വ്യക്തമാവുന്നു.
ഒന്നാം പിണറായി സര്ക്കാരിന്റെ സ്വര്ണകള്ളക്കടത്ത് ഉള്പ്പെടെയുള്ള അഴിമതിക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാന് കൊവിഡിനെ മറയാക്കിയതുപോലെ കെ-റെയില് പദ്ധതിക്കെതിരെ അതിശക്തമായി ജനരോഷം ഉയരാതിരിക്കാന് കൊവിഡ് വ്യാപനം ഉപകരിക്കുമെന്നാണ് സര്ക്കാരിനെ നയിക്കുന്നവരുടെ ദുഷ്ടലാക്ക്. ഇത്തരമൊരു ഭരണസംവിധാനം വലിയൊരു സാമൂഹ്യവിപത്തുതന്നെയാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: