കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിനായി ഏറ്റെടുത്ത ഭൂമി ദേശീയപാത അതോറിറ്റിക്ക് 30നകം കൈമാറും. ജില്ലയില്‍ ആകെ ഏറ്റെടുക്കുന്നത് 57 ഹെക്ടര്‍ ഭൂമിയാണ്. നഷ്ടപരിഹാരത്തുക ലഭ്യമാക്കി ഉടമ ഭൂമി വിട്ടൊഴിയുന്ന നടപടി മാത്രമാണ് അവശേഷിക്കുന്നത്. 2000 കോടി രൂപയാണ് നഷ്ടപരിഹാരമായി ആകെ വിതരണം ചെയ്യേണ്ടത്. ഇതുവരെ 14 ഹെക്ടര്‍ ഭൂമി ദേശീയപാത അതോറിറ്റിക്ക് ഏറ്റെടുത്ത് നല്കി.
നഷ്ടപരിഹാരമായി 492 കോടി രൂപയും കൈമാറി. കായംകുളം കൊറ്റുകുളങ്ങര-കൊല്ലം ബൈപാസ് (കാവനാട്) റീച്ചില്‍ എട്ട് ഹെക്ടറും ബൈപാസ്- കടമ്പാട്ടുകോണം റീച്ചില്‍ ആറു ഹെക്ടറും ഭൂമിയാണ് റവന്യു വിഭാഗം ഏറ്റെടുത്തു കൈമാറിയത്. ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള കരുനാഗപ്പള്ളി സ്പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റിലാണ് നഷ്ടപരിഹാരത്തുക ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത്. ഇവിടെ 161 കോടി രൂപ ഇതിനകം ഭൂവുടമകള്‍ക്ക് കൊടുത്തിട്ടുണ്ട്. കാവനാട് യൂനിറ്റില്‍ 142 കോടി, വടക്കേവിള യൂണിറ്റില്‍ 105 കോടി, ചാത്തന്നൂര്‍ യൂനിറ്റില്‍ 84 കോടി രൂപയും ഉടമകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഏറ്റെടുത്ത ഭൂമിയില്‍നിന്നു നിര്‍മിതികള്‍ പൊളിച്ച് നീക്കുന്ന പ്രവൃത്തി ഓച്ചിറയിലും ചാത്തന്നൂരിലും ആരംഭിച്ചിരുന്നു. വൈദ്യുതി പോസ്റ്റുകളും ലൈനും ജലവിതരണ പൈപ്പും മാറ്റിസ്ഥാപിക്കാനുള്ള തുക എന്‍എച്ച്എഐ കെഎസ്ഇബിക്കും ജലഅതോറിറ്റിക്കും നല്‍കിയിട്ടുണ്ട്. അതിനിടെ ഫ്ളൈഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും മണ്ണു പരിശോധനയും തുടങ്ങി. മരംമുറിച്ചു മാറ്റുന്നതിനുള്ള നടപടിയും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: