മുംബൈ: നടന് ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ആചാരത്തെ കുറ്റപ്പെടുത്തി സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. വിവാഹത്തെ അപലപിക്കുകയും വിവാഹമോചനത്തെ ആഘോഷിക്കുകയും ചെയ്യുന്ന വിധത്തിലുള്ള പോസ്റ്റുകളാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ പങ്കുവച്ചത്.
‘വിവാഹത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള നല്ല ട്രെന്‍ഡ്സെറ്ററുകളാണ് താരങ്ങളുടെ വിവാഹമോചനങ്ങള്‍’ എന്ന് പേരൊന്നും പരാമര്‍ശിക്കാതെ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു. തന്റെ ബ്ലോഗില്‍ രാം ഗോപാല്‍ വര്‍മ്മ വിവാഹത്തെ വിശേഷിപ്പിച്ചത് ‘ജയില്‍’ എന്നാണ്.
വിവാഹത്തില്‍ പ്രണയം കുറച്ച് ദിവസങ്ങള്‍ മാത്രമെ നിലനില്ക്കുകയുള്ളു. അതായത് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ. വിഡ്ഢികള്‍ മാത്രമേ വിവാഹം കഴിക്കൂ. സ്മാര്‍ട്ടായ ആളുകള്‍ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോചനം ലഭിച്ചതിനാല്‍ വിവാഹമോചനങ്ങള്‍ സംഗീതത്തോടെ ആഘോഷിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. പരസ്പരം അപകടകരമായ ഗുണങ്ങള്‍ കണ്ടെത്തുന്ന കാര്യമായതിനാല്‍ വിവാഹങ്ങള്‍ നിശബ്ദമായി നടക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
നമ്മുടെ ദുഷിച്ച പൂര്‍വ്വികര്‍ സമൂഹത്തിന്മേല് അടിച്ചേല്‍പ്പിക്കുന്ന ഏറ്റവും ദുഷിച്ച ആചാരമാണ് വിവാഹമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. ഇതിന് മുമ്പ് സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞപ്പോഴും രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചിരുന്നു. ആറ് മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18 നായിരുന്നു ധനുഷ് ഐശ്വര്യ വിവാഹതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: