ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ തീരം വ്യാപകമായി ഇടിയുന്നത് പുഴയോരത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നു.
ഉദയനാപുരം പഞ്ചായത്ത് 17-ാം വാര്‍ഡിലെ അക്കരപ്പാടത്താണ് ശക്തമായ വേലിയേറ്റത്തില്‍ പുഴ കരകവിഞ്ഞ് വീടുകള്‍ പുഴയിലേക്ക് ഇടിയുമെന്ന നിലയിലായത്. വേലിയിറക്കത്തില് വെള്ളമിറങ്ങുമ്പോള്‍ വീടുകളുടെ അടിത്തറയ്ക്കും ഭിത്തികള്‍ക്കും വിള്ളലുകള്‍ വീഴുകയും വീട്ടുവളപ്പിലെ മണ്ണ് പുഴയിലേക്ക് വാര്‍ന്നു പോകുകയുമാണ്. വേലിയേറ്റം ശക്തമായി തുടരുന്നതിനാല്‍ വീടുകള്‍ പുഴയിലേയ്ക്ക് ഏതു നിമിഷവും ഇടിയുമെന്ന ഭീതി ജനകമായ സ്ഥിതിയാണുള്ളത്.
അക്കരപ്പാടം പറമ്പത്തുപടവില് പി. സോമന്റെ പുഴയ്ക്ക് അഭിമുഖമായുള്ള വീടുള്‍പ്പെടെയുള്ള സ്ഥലം പുഴയിലേക്കു ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. കയര്‍ പിരുത്തവും കന്നുകാലി വളര്‍ത്തലുമായി ഉപജീവനം നടത്തുന്ന സോമനും കുടുംബവും വീടും പരിസരവും വെള്ളത്തില്‍ സ്ഥിരമായി മുങ്ങിയതോടെ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട തൊഴുത്തില്‍ നിന്ന് രണ്ട് കറവ പശുക്കളെയും കിടാരികളെയും പുറത്തിറക്കാനാവുന്നില്ല. കയര്‍ പിരിക്കാനായി കൊണ്ടുവന്ന ചകിരി ഉണക്കാനോ റാട്ടുപുരയില്‍ നിന്ന് കയര്‍ പിരിക്കാനോ ഇവര്‍ക്കാവുന്നില്ല. സോമന്റെ മകന്റെ മൂന്നു വയസുള്ള കുട്ടി ആദിദേവ് ഇടിഞ്ഞ് താണ പുഴയോരത്ത് കാല് വഴുതി പുഴയില്‍ വീണ് മുങ്ങിതാണത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. കുഞ്ഞ് വീണത് വീട്ടുകാര്‍ കണ്ടതിനാല്‍ ഉടന്‍ പിന്നാലെ ചാടി രക്ഷപ്പെടുത്തുകയായിരുന്നു.
സോമന്റെ പുഴയോരത്തു നിന്ന നല്ല കായ്ഫലമുള്ള ഏഴു തെങ്ങുകളും പുഴയിലേയ്ക്ക് ഇടിഞ്ഞുതാണു. 10 സെന്റ് സ്ഥലത്തില്‍ മൂന്നു സെന്റോളം പുഴയിലേക്ക് ഇതികം ഇടിഞ്ഞു. പുഴയോരം കല്ലുകെട്ടി സംരക്ഷിക്കണമെന്ന ആവശ്യവുമായി സോമന് 2018 മുതല്‍ ഗ്രാമ ബ്ലോക്ക്പഞ്ചായത്ത് ഇറിഗേഷന്‍ അധികൃതരുടെ ഓഫീസുകള്‍ നിരവധി തവണ കയറിയിറങ്ങി. 2020ല്ഇറിഗേഷന് അധികൃതര്‍ സ്ഥലത്തെത്തി അപകട സ്ഥിതി ബോധ്യപ്പെട്ട് എസ്റ്റിമേറ്റ് എടുത്ത് അയച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. സോമന്റെ അയല്‍ വാസികളായ നികര്‍ത്തില്‍ സജീവന്, വെള്ളറുകാട് ജയേഷ് എന്നിവരുടെ വീടുകളും പുഴയിലേക്ക് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: