ദേവഭൂമിയാണ് ഉത്തരാഖണ്ഡ്. അനേകം ദേവതാ സങ്കല്‍പ്പങ്ങള്‍ക്ക് വാസസ്ഥാനമായ പുണ്യഭൂമി. ആരാധാനാലയങ്ങള്‍ എന്നതിനപ്പുറം തനതായ വാസ്തു ശില്പപാരമ്പര്യവും ഉത്തരാഖണ്ഡിനുണ്ട്. ഹിമാലയന്‍ വന്യതയുടെ സംഭാവനയായ കല്ലും മരങ്ങളും ഉപയോഗിച്ചുള്ള നിര്‍മ്മിതികളാണ് ക്ഷേത്രങ്ങളെല്ലാം.
കത്യൂരി രാജവംശത്തിന്റെ കാലത്തു പണിത ജാഗേശ്വര്‍ ധാം ഇവയില്‍ വേറിട്ടു നില്ക്കുന്നു. അല്‍മോറയിലാണ് ഈ ക്ഷേത്രമുള്ളത്. പ്രധാനക്ഷേത്രത്തിനു ചുറ്റിലുമായി കല്ലില്‍ നിര്‍മ്മിച്ച 124 കൊച്ചു ക്ഷേത്രങ്ങള്‍ ജാഗേശ്വറിനെ ചേതോഹരമാക്കുന്നു. ദേവദാരുക്കള്‍ നിറഞ്ഞ വനത്തിനുള്ളില്‍ ജടഗംഗാനദിക്കരികെയുള്ള ജാഗേശ്വര്‍ സന്ദര്‍ശിക്കാന്‍ ഭക്തരെപ്പോലെ വിനോദസഞ്ചാരികളും ധാരാളമെത്തുന്നു. പതിനൊന്നാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്ന ജാഗേശ്വറില്‍ സ്വയംഭൂ ലിംഗമാണ് പ്രധാനപ്രതിഷ്ഠ. കൂടാതെ ലക്ഷി, ചണ്ഡിക, ദുര്‍ഗ തുടങ്ങിയ ദേവതകള്‍ക്കൊപ്പം പ്രാദേശികമായി ആരാധിക്കുന്ന ദേവീദേവന്മാരും പ്രതിഷ്ഠികളായുണ്ട്. സംസ്കൃതം, ബ്രാഹ്മി ലിപികളിലുള്ള ധാരാളം ലിഖിതങ്ങള്‍ ക്ഷേത്രച്ചുമരുകളിലും തൂണുകളിലും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: