വിളപ്പില്‍: വിശക്കുന്നവന്റെ വയറിലെ തീയണയ്‌ക്കാന്‍ അന്നം വിളമ്പിയ പതിനഞ്ച് വര്‍ഷങ്ങള്‍. കാട്ടാക്കട കിള്ളി പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ‘പാഥേയം’ എന്ന ഊട്ടുപുര നാടിന്റെ വിശപ്പകറ്റാന്‍ തുടങ്ങിയിട്ട് ഇന്ന് 15 വര്‍ഷം തികയുകയാണ്.
പതിനഞ്ചുവര്‍ഷം മുമ്പ് ഒരു നട്ടുച്ച നേരം…. വിശന്നുവലഞ്ഞ് ഭക്ഷണത്തിനായി തനിക്കു മുന്നില്‍ കൈനീട്ടി വന്ന യാചകന് വീട്ടില്‍ നിന്ന് ഭാര്യ പൊതികെട്ടി കൊടുത്തയച്ച ചോറ് സന്തോഷത്തോടെ നല്‍കുമ്പോള്‍ ഡോ. ഹരീന്ദ്രന്‍നായര്‍ ഒരു തീരുമാനം കൂടി എടുത്തിരുന്നു… ഇനി വിശക്കുന്ന വയറുമായി ഈ നാട്ടില്‍ ആരും അലയരുത്. അങ്ങനെയാണ് വിശക്കുന്നവര്‍ക്ക് അന്നമൂട്ടാന്‍ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ‘പാഥേയം’ എന്ന ഊട്ടുപുര അദ്ദേഹം ആരംഭിച്ചത്. ഇന്ന് പ്രദേശത്തെ മാത്രമല്ല, പേരറിയാ നാട്ടില്‍ നിന്നുപോലും ഇവിടേക്ക് അന്നം തേടിയെത്തുന്നവര്‍ നിരവധി.
2007 ജനുവരി 9ന് തുടങ്ങിയ പാഥേയത്തില്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ല, അന്നദാനമെന്ന സുകൃതം. കൊവിഡ് കാലത്ത് ഇരുത്തി ഭക്ഷണം അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ പൊതിച്ചോറായി പാഥേയത്തിലെ വിഭവങ്ങള്‍ വിശക്കുന്നവന്റെ കൈകളിലെത്തി. ഇപ്പോള്‍ ദിവസേന ആയിരത്തോളം ആളുകളാണ് പാഥേയത്തിലെ ഉച്ചയൂണ് കഴിക്കാനെത്തുന്നത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ 2.30 വരെയാണ് ഭക്ഷണ വിതരണം. 13 വനിതാജീവനക്കാര്‍ക്കാണ് ഊട്ടുപുരയുടെ ചുമതല.
ദാനമാണെങ്കിലും ഭക്ഷണം എങ്ങനെയെങ്കിലും ഉണ്ടാക്കി നല്‍കാറില്ല പാഥേയത്തില്‍. മൂന്ന് തൊടുകറികളും രണ്ട് ഒഴിച്ചുകൂട്ടാനുമടക്കം വിഭവസമൃദ്ധമായ ഊണ്. നിരാലംബര്‍ക്ക് ഊണ് വിളമ്പാനും അവര്‍ക്കൊപ്പം കഴിക്കാനും ചിലപ്പോഴൊക്കെ പങ്കജകസ്തൂരി എംഡി ഡോ. ഹരീന്ദ്രന്‍ നായരുമുണ്ടാകും. പങ്കജകസ്തൂരിയുടെ എല്ലാ ചെലവുകളും കൃത്യമായി രേഖപ്പെടുത്താന്‍ കണക്കുപുസ്തകമുണ്ട്… അക്കൗണ്ടന്റും ആഡിറ്ററുമുണ്ട്…. പാഥേയത്തിനൊഴികെ. തന്റെ വരുമാനത്തിലൊരല്‍പ്പം അന്യന്റെ വിശപ്പകറ്റാന്‍ നല്‍കുന്ന പുണ്യത്തിന് കണക്കു വേണ്ടെന്ന കാഴ്ചപ്പാടാണ് ഈ ഡോക്ടര്‍ക്ക്.
എന്റേത്, എനിക്കെന്ന ചിന്തയില്‍ പരക്കം പായുന്നവര്‍ക്കിടയില്‍, ‘എനിക്കുള്ളതില്‍ ഒരു പങ്ക് നിങ്ങള്‍ക്കും…!’ ഈ നന്മയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹരീന്ദ്രന്‍നായരെയും പങ്കജകസ്തൂരിയെയും വ്യത്യസ്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: