കൊച്ചി: ഔദ്യോഗിക വിവരങ്ങള്‍ പോലീസ് ഡേറ്റ ബേസില്‍ നിന്ന് ചോര്‍ത്തി പോപ്പുലര്‍ ഫ്രണ്ടിന് നല്കിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നേരത്തേ മുതല്‍ ഇത്തരം ചാരപ്രവര്‍ത്തനം നടന്നിട്ടുണ്ടാകാമെന്നുമാണ് പോലീസിലെ ഒരു വിഭാഗം കരുതുന്നത്.
വിവരങ്ങള്‍ ചോര്‍ത്തിയ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസ്വാമി ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. അനസിനെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ജന്മഭൂമിയോട് പറഞ്ഞു. ഇടുക്കി നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗം കൂടി കേട്ടാകും റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വണ്ണപ്പുറം പ്ലാമൂട്ടില്‍ ഷാനവാസിനാണ് ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ അനസ് വിവരങ്ങള്‍ കൈമാറിയത്. പതിമൂന്നു വര്‍ഷത്തെ സര്‍വീസുള്ള അനസ് നേരത്തേ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലായിരുന്നു.
വണ്ണപ്പുറം ചീങ്കല്‍ സിറ്റിയിലാണ് താമസം. മുമ്പ് ഓട്ടോഡ്രൈവറായിരുന്നു. ശബരിമലയടക്കമുള്ള സ്ഥലങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് കരിമണ്ണൂര്‍ സ്റ്റേഷനിലെത്തിയത്. ഔദ്യോഗികമായി ഉപയോഗിക്കേണ്ട വിവരങ്ങള്‍ ഇയാള്‍ ഇ-മെയിലിലൂടെ ഫോണിലേക്ക് മാറ്റി വാട്സ്ആപ്പ് വഴിയാണ് സുഹൃത്തായ ഷാനവാസിന് അയച്ചത്.
ഇടുക്കി ലോ റേഞ്ച് മേഖലയില്‍ ഇത്തരത്തില്‍ നിരവധിപേര്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തേ സംശയമുയര്‍ന്നിരുന്നു. സമീപ ജില്ലകളിലെ വിവരങ്ങളും പോപ്പുലര്‍ ഫ്രണ്ടിന് പോലീസുകാര്‍ തന്നെ കൈമാറിയതായി സൂചനയുണ്ട്. അതിനിടെ, അനസിനെ പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായി
ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട പോലീസ്, ഭീകരര്‍ക്കൊപ്പം ചേരുന്നതിനെ കടുത്ത ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നത്. വിവരം ചോര്‍ത്തിയ സംഭവം ജന്മഭൂമി പുറത്തുവിട്ടതോടെയാണ് അന്വേഷണ വിധേയമായി അനസിനെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: