ന്യൂദല്‍ഹി: മണിപ്പൂരിലെ കായികമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ എംഎല്‍എയുമായ ലെറ്റ്പാവോ ഹാവോകിബ് ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സമ്പിത് പത്രയും പങ്കെടുത്ത ചടങ്ങിലായിരുന്നു ലെറ്റ്പാവോയുടെ ബിജെപി പ്രവേശനം.
മണിപ്പൂരില്‍ ബിജെപിയുടെ തന്നെ സഖ്യകക്ഷിയാണ് എന്‍പിപി. മേഘാലയയിലും മണിപ്പൂരിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് എന്‍പിപി. മേഘാലയ മുഖ്യമന്ത്രിയും എന്‍പിപിയുടെ നേതാവുമായ കോണ്‍റാഡ് സംഗ്മ മണിപ്പൂരിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള യോഗം ചേരുന്നതിനിടെ ലെറ്റ്പാവോ ഹാവോകിബ് എന്‍പിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് വന്‍തിരിച്ചടിയായി.
ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളോടൊപ്പം മണിപ്പൂരിലും 2022 ഫിബ്രവരി-മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
മണിപ്പൂരില്‍ എന്‍. ബീരേന്‍ സിങ് നയിക്കുന്ന മണിപ്പൂര്‍ സര്‍ക്കാരില്‍ എന്‍പിപി എംഎല്‍എ വൈ. ജോയ്കുമാറാണ് ഉപമുഖ്യമന്ത്രി. 2017ല്‍ നടന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ 21സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തിരുന്നു. കോണ്‍റാഡ് സംഗ്മയുടെ എന്‍പിപി നാല് സീറ്റുകള്‍ നേടി. ഇരുവരും ചേര്‍ന്നുള്ള സഖ്യകക്ഷി മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. ആകെ നാല് എംഎല്‍എമാരുള്ള എന്‍പിപിയുടെ രണ്ട് പേരെ ബിജെപി പുതിയ മന്ത്രിസഭയില്‍ മന്ത്രിയാക്കി.
മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഇക്കുറി ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാശിയേറിയ ഏറ്റുമുട്ടലായിരിക്കുമെന്നതിനാല് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നത്. നാഗാ വിമത ഗ്രൂപ്പുമായി സമാധാനക്കരാര്‍ ഒപ്പുവെയ്ക്കാനുള്ള അവസാനനീക്കങ്ങളിലാണ് ബിജെപി-എന്‍പിപി സര്‍ക്കാര്‍. മണിപ്പൂരിലെ മലമ്പ്രദേശങ്ങളില്‍ നാഗാ ഭൂരിപക്ഷപ്രദേശങ്ങളാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ നാഗാ പാര്‍ട്ടിയായ എന്‍പിഎഫും നാല് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു.
40കാരനായ ലെറ്റ്പാവോ ഹവോകിബ് ചന്റേല് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ്. 2017ല്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ചന്റേല് ലെറ്റ്പാവോ ഹവോകിബ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍, എന്‍പിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളെ തറപറ്റിച്ചാണ് ലെറ്റ്പാവോ ഹാവോകിബ് ജയിച്ചുകയറിയത്. കുകി ഗോത്രസമുദായാംഗമാണ് ഫുട്ബാള്‍ കളിക്കാരന് കൂടിയായ ഹവോകിബ്. ലെറ്റ്പാവോ ഹവോകിബിന്റെ വരവ് കൂടുതല്‍ ചെറുപ്പക്കാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇക്കുറി എന്‍പിപി 15 സീറ്റുകളിലാണ് തനിച്ച് മത്സരിക്കുക. ബിജെപി 60 സീറ്റുകളിലും മാറ്റുരയ്ക്കും. ഇതില്‍ 40 സീറ്റുകളെങ്കിലും വിജയിച്ച് ഭരണം പിടിക്കാനാണ് ബിജെപി ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: