മുംബൈ: 2008ലെ മാലിഗോണ്‍ സ്ഫോടനക്കേസില്‍ പ്രതിയായി യോഗി ആദിത്യനാഥിന്റെ പേര് പറയാന്‍ മഹാരാഷ്ട്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) കേസിലെ ഒരു സാക്ഷിയെ നിര്‍ബന്ധിച്ചതായ വെളിപ്പടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ വ്യാജക്കേസുകളില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് യോഗി തിരിച്ചടിച്ചു. ചൊവ്വാഴ്ച ഫറൂഖാബാദില്‍ 196 കോടിയുടെ 174 പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് യോഗി പൊട്ടിത്തെറിച്ചത്. അന്നത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിന് സോണിയാഗാന്ധി പരസ്യമായി മാപ്പ് പറയണമെന്നും യോഗി ആവശ്യപ്പെട്ടു.
എന്‍ ഐഎ കോടതിയില്‍ നല്കിയ മൊഴിയിലാണ് മാലിഗോണ്‍ സ്ഫോടനക്കേസിലെ സാക്ഷി പ്രതിപ്പട്ടികയില്‍ യോഗി ആദിത്യനാഥിന്റെ കൂടി പേര് പറയാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കീഴിലുള്ള ഭീകരവിരുദ്ധ സ്ക്വാഡ് വാദിഭാഗം തന്നെ നിര്‍ബന്ധിച്ചതായി എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥിനെ വീഴ്ത്താനുള്ള ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായുള്ള നീക്കമാണിതെന്ന് സംശയിക്കപ്പെടുന്നു.
ക്രിമിനല്‍ നടപടിക്രമത്തിലെ 161-ാം വകുപ്പ് പ്രകാരം മൊഴി നല്‍കിയെങ്കിലും ഈ സാക്ഷി പിന്നീട് കൂറുമാറിയതായി കേസിന്റെ ചുമതലയുള്ള ഭീകരവാദ വിരുദ്ധ സ്ക്വാഡ് പ്രഖ്യാപിക്കുകയായിരുന്നു. മാലിഗോണ്‍ സ്ഫോടനക്കേസില്‍ കൂറുമാറുന്ന 15ാം സാക്ഷിയാണ് ഇത്. ആര്‍എസ്എസ് നേതാക്കളെ കേസില്‍ കുടുക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വാമി അസീമാനന്ദ്, ഇന്ദ്രേഷ് കുമാര്‍, കാകാജി, ദിയോധര്ജി എന്നിങ്ങനെ അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി സാക്ഷി എന്‍ ഐഎ കോടതിയില്‍ പറഞ്ഞു.
തന്നെ എടിഎസ് ബലമായി വീട്ടില്‍ നിന്നും കൊണ്ടുപോയെന്നും പുനെയിലെയും മുംബൈയിലെയും തടവുകളില്‍ അനധികൃതമായി പാര്‍പ്പിച്ചെന്നും സാക്ഷി കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നു. തന്റെ കുടുംബത്തെ പീഡിപ്പിച്ചെന്നും യോഗി ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയെ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിക്കുമെന്നും എടിഎസ് ഭീഷണിപ്പെടുത്തിയെന്നും സാക്ഷി കോടതിയില്‍ മൊഴി നല്കി. ഇവരുടെ പേര് പറഞ്ഞില്ലെങ്കില്‍ കേസിലെ മറ്റ് കുറ്റവാളികളുടെ ഗതി നിനക്കും വരുമെന്ന് എടിഎസ് ഭീഷണിപ്പെടുത്തിയെന്നും സാക്ഷി പറഞ്ഞു.
മഹാരാഷ്ട്രയിലെ മാലിഗോണിലെ മുസ്ലിം പള്ളിക്കരികില്‍ വെച്ച് ഒരു മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008 സപ്തംബര്‍ 29നായിരുന്നു മാലിഗോണ്‍ സ്ഫോടനം നടന്നത്. ബിജെപി നേതാവും എംപിയുമായ പ്രഗ്യ താക്കൂര്‍ ഉള്‍പ്പെടെയുള്ളവരെ ഈ കേസില്‍ പ്രതിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: