കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പോലീസ് ഇടപെടലുകള്‍ സജീവമാക്കാനൊരുങ്ങി സംസ്ഥാന പോലീസ്. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡിജിപി അനില്‍ കാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ത്തു.
വിവിധ ജില്ലകളിലുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ പോലീസ് ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കണം. ഇതിനായി സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും ഡിവൈഎസ്പിമാരും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം ദൃഢമാക്കാന്‍ എഡിജിപി വിജയ് സാക്കറെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
അതേസമയം കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുദ്യോഗസ്ഥരുടെ ചികിത്സ ചെലവ് ഏറ്റെടുക്കുന്നതായി ഡിജിപി അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ ഉദ്യോഗസ്ഥര്‍ ഇതുവരെ മുടക്കിയ പണം തിരികെ നല്‍കും. അവരുടെ തുടര്‍ ചികിത്സകള്‍ക്ക് ആവശ്യമായ പണം നല്കാന് തീരുമാനിച്ചതായും എഡിജിപി അറിയിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് കേരള പോലീസ് അസോസിയേഷന് ആരോപിച്ചിരുന്നു. ഡിസ്ചാര്‍ജ് ആയ പോലീസുകാര്‍ സ്വന്തം പോക്കിറ്റില് നിന്നും പണം നല്‍കിയാണ് ആശുപത്രി വിട്ടത്. ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും കേരള പോലീസ് അസോസിയേഷന് ആവശ്യപ്പെട്ടതിനെ തുടര്ന്നാണ്്്്് ഇത് ഏറ്റെടുക്കുന്നതായി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: