തിരുവനന്തപുരം: ശ്രീകാര്യം എന്‍ജിനീയറിംഗ് കോളജിന് സമീപം അലത്തററോഡില് ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ട്രാന്‍സ് ജെന്‍ഡറെ അഞ്ചംഗ മദ്യപസംഘം വീട്ടില്‍ കയറി മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎമ്മുകാരായ രണ്ട് പ്രതികളെ ശ്രീകാര്യം പോലീസ് പിടികൂടി. ശാസ്താംകോണത്ത് വീട്ടില്‍ രാജീവ് (44), ഇയാളുടെ സുഹൃത്ത് ശാസ്താംകോണം ദുര്‍ഗാ നഗറില്‍ മാക്കു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (48) എന്നിവരെയാണ് ഞായറാഴ്ച പോലീസ് പിടികൂടിയത്.
ക്രിസ്തുമസ് തലേന്ന് രാത്രിയായിരുന്നു സംഭവം. ശാസ്താംകോണം അയ്യപ്പക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്ക്കുമാണ് സമീപവാസികള്‍ കൂടിയായ മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. തലയ്ക്ക് തടി കൊണ്ടുള്ള അടിയില്‍ ഗുരുതര പരിക്കേറ്റ ട്രാന്‍സ്മെന്‍ ആയ ഇടുക്കി സ്വദേശി ആല്‍ബി(22)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു ഏഴ് തുന്നലുകളുണ്ട്. 24ന് രാത്രി വീട്ടില്‍ നിന്നും പുറത്തേക്ക് പോകാനിറങ്ങിയ ലൈജുവിനും കുട്ടികള്‍ക്കും നേരെ സമീപത്തെ റോഡില്‍ മദ്യപിച്ചുകൊണ്ട് നിന്നഅഞ്ചംഗസംഘം ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ആല്‍ബിനെയാണ് മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചതെന്ന് ശ്രീകാര്യം പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണവും ശക്തമാണ്. പാര്‍ട്ടി സ്വാധീനം മുന്‍നിര്‍ത്തി പോലീസ് ഇവര്‍ക്കെതിരെ മതിയായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. സംഭവം വിവാദമായതോടെയാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.
എന്നാല്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് ശ്രീകാര്യം പോലീസ് പറഞ്ഞു. പ്രതികള്‍ റോഡിലിരുന്ന് മദ്യപിക്കുന്നത് സ്ഥിരം സംഭവമാണെന്നും ഇതിനെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: