ചേര്‍ത്തല: ഒച്ചുകളുടെ പുറംതോടുകൊണ്ട് ക്രിസ്മസ് നക്ഷത്രം ഒരുക്കി കുടുംബ കൂട്ടായ്മ. വാരനാട് ലിസ്യു നഗര്‍ പള്ളിയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഒച്ച് രഹിത പ്രതീക്ഷ നക്ഷത്രം ഉയര്‍ത്തിയത്. പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സഹകരണത്തോടെ തണ്ണീര്‍മുക്കം പഞ്ചായത്തിലെ രണ്ട്, മൂന്ന്, 21, 22, 23 എന്നീ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച 3680 ഒച്ചുകളുടെ ശുദ്ധമാക്കിയ പുറം തോടുകള്‍ നിറച്ചാണ് ക്രിസ്മസ് നക്ഷത്രം നിര്‍മിച്ചത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് കുടുംബ കൂട്ടായ്മകളിലൂടെ ഒച്ചുകളുടെ പുറം തോടുകള്‍ ശേഖരിച്ചത്. പരിസ്ഥിതിക്കും കൃഷിക്കും ആരോഗ്യത്തിനും ഹാനികരമായ ആഫ്രിക്കന്‍ ഒച്ചുകള്‍ ഇല്ലാത്ത നാളെയെന്ന പ്രതീക്ഷ ജനങ്ങളില്‍ എത്തിക്കാനാണ് നക്ഷത്രം ഒരുക്കിയതെന്നും രക്ഷകന്റെ പിറവിയുടെ പ്രകാശം നല്കിയ നക്ഷത്രം നാടിന്റെ ദുരിതമായ ഒച്ചുകളില്ലാത്ത നാളെയിലേക്ക് നയിക്കട്ടെയെന്ന സന്ദേശമാണ് ഇതിലൂടെ പങ്കുവയ്ക്കുന്നതെന്നും വികാരി ഫാ. പീറ്റര്‍ കോയിക്കര പറഞ്ഞു. നക്ഷത്രം കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര് എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: