കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള രണ്ടു വീഡിയോകള്‍ വല്ലാതെ വൈറലായി. ഒന്ന്, ബംഗാളില്‍ നിന്നുള്ള ഒരു മുസ്ലിം യുവാവ്; മറ്റൊന്ന് ബീഹാറി ശൈലിയില്‍ സംസാരിക്കുന്ന യുവാവ്. ബംഗാളി യുവാവ് ചാനല്‍ പ്രവര്‍ത്തകരോട് തട്ടിക്കയറുകയാണ്. ‘ഇവിടെ മുസ്ലിം പള്ളിയെവിടെ, അത് കാണാനേ കഴിയുന്നില്ലല്ലോ? ഇത് ഭീകരതയാണ്’ എന്നും മറ്റും. കാശി ക്ഷേത്ര പുന രുദ്ധാരണത്തിന് ശേഷമുള്ള കാഴ്ചയാണ്. കാശിയില്‍ വന്നിട്ടുള്ള മാറ്റമെത്ര പ്രധാനമാണ് എന്നത് അതില്‍ തെളിയുന്നുണ്ട്. രണ്ടാമത്തെ വ്യക്തി, ബീഹാറി യുവാ വ്, അപ്പോള്‍ പ്രതികരിക്കുന്നു:’ അവര്‍ക്ക് (ഔറംഗസേബിന്) ഞങ്ങളുടെ പവിത്രമായ ക്ഷേത്രങ്ങള്‍ ആക്രമിച്ചു തകര്‍ക്കാം; ഞങ്ങള്‍ക്കത് പുനരുദ്ധരിച്ചുകൂടാ എന്നാണോ’. അവിടെ പ്രകോപനമുണ്ടാക്കാന്‍ ആ മാധ്യമ പ്രവര്‍ത്തക ആവുന്നത്ര ശ്രമിക്കുന്നുമുണ്ട്.
എന്താണ് കാശിയില്‍ നടന്നത് എന്ന് ഈ സംഭവങ്ങള്‍ കാണിച്ചുതരുന്നു. വിദേശ അക്രമികള്‍ രാജ്യത്തിന്റെ സ്വാഭിമാനത്തെ ചോദ്യം ചെയ്തതിന്റെ ശേഷിപ്പുകള്‍ നീക്കം ചെയ്യാന്‍ ശ്രമം തുടങ്ങിയത് സര്‍ദാര്‍ പട്ടേലാണ്, ഗുജറാത്തിലെ സോമനാഥ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിലൂടെ. പിന്നീട് സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചെങ്കിലും ചെയ്യാനാവാതിരുന്നതാണ് ഇപ്പോള്‍ നരേന്ദ്ര മോദി ചെയ്തുതീര്‍ക്കുന്നത്. പട്ടേല്‍ തെളിച്ച പാതയിലൂടെ നരേന്ദ്ര മോദി മുന്നോട്ട് നീങ്ങുന്നു. അതുമാത്രമല്ല, മോദി ഇവിടെ ചരിത്രം മാറ്റിയെഴുതുകയാണ്, മറ്റൊരു ചരിത്രം കുറിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ പലയിടത്തും നായകസ്ഥാനത്ത് നിലനിന്ന മുഗളന്മാരും ബ്രിട്ടീഷുകാരും മറ്റു വിദേശികളും ചില കോണ്‍ഗ്രസുകാരും ഒഴിഞ്ഞുപോകുന്നതും പകരക്കാരനായി മോദി അവിടെ ഉണ്ടാവുമെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നാളെ ഇന്ത്യന്‍ ചരിത്രം പരിശോധിക്കുമ്പോള്‍ അനവധി സുപ്രധാന കാര്യങ്ങള്‍ നടന്നത്, ചെയ്തത് മോദിയുടെ കാലഘട്ടത്തിലാണ് എന്നത് കാണാം. കാശിയിലേത് വിശദമായി പരിശോധിക്കാം. അതിനുമുന്‍പ് മറ്റുചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. അതാണ് മോദിയുടെ ഡിസംബറിന്റെ കഥകള്‍.
തലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരവും സെക്രട്ടറിയേറ്റും നിര്‍മ്മിക്കുന്നത് അറിയാത്തവരുണ്ടാവില്ല, സെന്‍ട്രല്‍ വിസ്ത. അതു സംബന്ധിച്ച് കുറേ വാര്‍ത്തകളും വിശകലനങ്ങളുമൊക്കെ ഇതിനകം വെളിച്ചം കണ്ടിട്ടുണ്ട്. അതുകൊണ്ട് അതിലേക്കിനി അത്രയേറെ കടന്നുചെല്ലേണ്ടതില്ല. എന്നാല്‍, ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാര്‍ലമെന്റ് മന്ദിരം, വിദേശ മേല്‍ക്കോയ്മയുടെ ദുഃസ്മരണകള്‍ പേറുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ നിലകൊള്ളുന്ന കുറെ കെട്ടിടങ്ങള്‍ അവയൊക്കെയും പഴക്കം കൊണ്ടുമാത്രമല്ല സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും പോരായ്മകള്‍ മാത്രമാണ് സമ്മാനിക്കുന്നത്. പാര്‍ലമെന്റ് മന്ദിരം പലവിധേനയും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്. അതിനുപകരമായി ഒന്നുവേണം എന്നത് കുറേക്കാലമായുള്ള ചിന്തയാണ്. അതാണിപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് അടുത്തവര്‍ഷം ഡിസംബറില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രവര്‍ത്തനക്ഷമമാവും.
മറ്റൊന്നുകൂടിയുണ്ട്, അതും വിദേശാധിപത്യത്തിന്റെ കളങ്കം കഴുകിക്കളയുന്ന സംഭവം തന്നെ. അയോധ്യയിലെ രാമജന്മഭൂമിയുടെ കാര്യമാണ്. അവിടെയിപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണം നടക്കുന്നു. എല്ലാം വിചാരിച്ച പോലെ മുന്നോട്ടുപോകുന്നു എന്നാണ് സൂചനകള്‍. ക്ഷേത്രത്തിലെ പ്രതിഷ്ഠ അടക്കം 2023 ഡിസംബറില്‍ നടക്കുമെന്നാണ് കരുതേണ്ടത്. രാമക്ഷേത്രത്തിന് ശിലാപൂജ നടത്തിയത് പ്രധാനമന്ത്രി എന്ന നിലയ്ക്ക് നരേന്ദ്ര മോദിയാണ്. അതിന്റെ ഉദ്ഘാടന വേദിയിലും അദ്ദേഹമുണ്ടാവുമെന്നതില്‍ സംശയമുണ്ടോ?. എത്രയോ വര്‍ഷത്തെ നിരന്തര പോരാട്ടങ്ങളുടെ കഥകളാണ് അയോധ്യക്ക് പറയാനുള്ളത്. അവസാനം മോദി യുഗത്തിലാണ് ശ്രീരാമന് മോചനമുണ്ടായത്, രാമജന്മഭൂമി ഹിന്ദു സമൂഹത്തിന് ലഭ്യമായത്. ഇനിയിപ്പോള്‍ ലോകം കാത്തിരിക്കുന്നത് 2023 ആണ്. രാംലല്ലയുടെ വിഗ്രഹം കണ്ണുനിറയെ കണ്ടുതൊഴാന്‍. അവിടെയെത്തുന്ന ഓരോ ഭക്തനും ചരിത്രവും രേഖപ്പെടുത്തുക എന്താണ്, മോദി സര്‍ക്കാരാണ് ക്ഷേത്ര നിര്‍മ്മിതിക്ക് പിന്നില്‍ എന്നല്ലേ!
കാശിയുടെ കാര്യം നോക്കാം. കാശി വിശ്വനാഥ ക്ഷേത്ര പുനരുദ്ധാരണം ഇതിനകം ലോകം ചര്‍ച്ച ചെയ്തുകഴിഞ്ഞു. മുഗളന്മാരുടെ ഭരണകാലത്ത് തച്ചുതകര്‍ക്കപ്പെട്ട, ഹിന്ദു സമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട കാശി ക്ഷേത്രത്തെ അതിന്റെ ഔന്നത്യത്തില്‍ എത്തിക്കുകയായിരുന്നു മോദി. മുമ്പ് കാശി സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് കാര്യങ്ങളറിയാം. ജയിലറയിലെന്ന പോലെയാണ് അവിടെ കാശി വിശ്വനാഥന് കഴിഞ്ഞിരുന്നത്. ക്ഷേത്രത്തെ വിഴുങ്ങിക്കൊണ്ട് ഒരു മുസ്ലിം പള്ളിയും. വരാണസിയെ തന്റെ നിയോജക മണ്ഡലമായി മാത്രമല്ല പ്രധാന കര്‍മ്മ മണ്ഡലമായും നിശ്ചയിച്ചപ്പോള്‍ മോദി തീരുമാനിച്ചിരിക്കണം, ഈ നാണക്കേടിന് പരിഹാരമുണ്ടായേ തീരൂ എന്ന്. ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു; അതൊക്കെ പൊന്നും വിലക്കെടുത്തു. ആ ഭൂമിയൊക്കെ ശ്രദ്ധിക്കേണ്ടതുതന്നെ. ആ കെട്ടിടങ്ങള്‍ പലതും നിര്‍മ്മിച്ചിരുന്നത് ക്ഷേത്രങ്ങള്‍ക്ക് മേലാണ്. അവ പൊളിച്ചപ്പോള്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു. അവിടെയൊക്കെ വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഒക്കെ കെട്ടിപ്പൊക്കിയത് ഭഗവാന്മാരുടെ ശിരസ്സിന് മീതെയായിരുന്നു എന്നര്‍ത്ഥം. കാശിയെ നവീകരിച്ചതും ആരെന്ന് പറയേണ്ടതില്ലല്ലോ. മോദി തന്നെ, 2021 ഡിസംബറില്‍.
കാശി ക്ഷേത്രം ഗംഗയുടെ തീരത്താണ്. എന്നാല്‍ ഔറംഗസേബിന്റെ കാലമായതോടെ ആ വഴികള്‍ അടഞ്ഞുപോയി. ഗംഗാതീരത്തേക്ക് ക്ഷേത്രത്തില്‍ നിന്ന് കടന്നുവരാന്‍ മാര്‍ഗ്ഗമില്ലാതെയായി. കാശി വിശ്വനാഥന് എത്ര വേദനിച്ചിരിക്കും; അതുപോലെതന്നെ ഗംഗാ മാതാവും. ഇന്നിപ്പോള്‍ ഗംഗാതീരത്തേക്ക് കടക്കാമെന്നായി, അവിടെ മനോഹരമായ നടപ്പാതയും തീര്‍ത്തു. ഇപ്പോള്‍ കാശിയില്‍ വന്നുനിന്നാല്‍ മനോഹരമായ ക്ഷേത്രമാണ് കാണുക, ആയിരക്കണക്കിന് പേര്‍ക്ക് ഒരേസമയം വരാനും പോകാനും കഴിയുന്ന നിലയില്‍ വ്യത്യസ്തമായ ക്ഷേത്ര പരിസരം. അവിടെയാണ് ‘പള്ളി കാണാനില്ല’ എന്ന ദീനരോദനമുയരുന്നത്.
യഥാര്‍ഥത്തില്‍ വിദേശാക്രമണത്തിന്റെ ആ സ്മാരകത്തെ പിന്നിലേക്ക് മാറ്റി ഹിന്ദുത്വത്തിന്റെ, സ്വാഭിമാനത്തിന്റെ ബിംബമായി കാശിയെ തീര്‍ക്കുകയായിരുന്നു മോദി ചെയ്തത്. ഒരു അല്ലലും വഴക്കും കോലാഹലവുമില്ലാതെ. സോമനാഥ ക്ഷേത്ര പുനരുദ്ധാരണ കാലഘട്ടത്തിലും സമാനമായിരുന്നല്ലോ അവസ്ഥ. ഇന്ത്യാ ചരിത്രത്തില്‍ ഈ ഡിസംബറുകള്‍ തീര്‍ച്ചയായും സ്മരിക്കപ്പെടാന്‍ പോകുകയാണ്, എന്നന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: