പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ ഗതാഗതത്തിന് നിയന്ത്രണം കര്‍ശനമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തെ ബാധിക്കുന്നു.
തിരക്ക് വര്‍ധിക്കുമ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന ഈ നിയന്ത്രണം നിലവിലെ സാഹചര്യത്തില്‍ അനുചിതമാണെന്നാണ് ട്രാക്ടര്‍ തൊഴിലാളികള്‍ പറയുന്നത്. സന്നിധാനത്തേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കണമെങ്കില്‍ ഇപ്പോള്‍ സ്പെഷ്യല്‍ കമ്മീഷണറുടെ പ്രത്യേക അനുമതി തേടണം.
പമ്പയില്‍ ലോഡ് കയറ്റിയ ട്രാക്ടറുകള്‍ നിര്‍ദ്ദിഷ്ട സമയമാകുന്നതിനായി കാത്ത് കിടക്കേണ്ട അവസ്ഥയിലായെന്നും തൊഴിലാളികള്‍ പറയുന്നു. ഈ മണ്ഡലകാലത്ത് നീലിമല വഴിയുള്ള പരമ്പരാഗത പാത അടച്ചിട്ടപ്പോള്‍ ട്രാക്ടര്‍ ഗതാഗതം നടക്കുന്ന സ്വാമി അയ്യപ്പന് റോഡ് വഴിയാണ് തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് ഹൈക്കോടതി മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം നീലിമല പാത വഴി തീര്‍ത്ഥാടനം നടത്താന്‍ അനുമതി ലഭിച്ചതോടെ സ്വാമി അയ്യപ്പന് റോഡിലെ തിരക്ക് മൂന്നില്‍ ഒന്നായി കുറഞ്ഞെങ്കിലും ട്രാക്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരുകയാണ്.
സന്നിധാനത്തേക്കുള്ള ശര്‍ക്കരയും ഹോട്ടലുകളിലേക്കും കടകളിലേക്കുമുളള സാമഗ്രികളും എത്തിക്കുന്നത് മന്ദഗതിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: