മാഡ്രിഡ്: തുടര്‍ച്ചയായി പതിനേഴ് വര്‍ഷം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കടന്ന ബാഴ്സലോണയ്ക്ക് ഇത്തവണ അടിതെറ്റി. ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതോടെ ബാഴ്സ നോക്കൗട്ട് കാണാതെ പുറത്തായി.
നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബാഴ്സയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. തോമസ് മുള്ളര്‍, ലിറോയ് സെയ്ന്, മുസൈലാ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗൂപ്പ് ഇ യില്‍ ബയേണിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. ആറു മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി അവര്‍ നോക്കൗട്ടില്‍ കടന്നു. ബാഴ്സ ആറു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാഴ്സലോണയ്ക്ക് ഇനി യൂറോപ്പ ലീഗ് കളിക്കാം. രണ്ട് ദശാബ്ദത്തിനുശേഷം ഇതാദ്യമായാണ് ബാഴ്സ യൂറോപ്പ ലീഗില്‍ കളിക്കുന്നത്.
ആറു മത്സരങ്ങളില്‍ എട്ടുപോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയ ബെന്‍ഫിക്ക ബയേണിനൊപ്പം നോക്കൗട്ടില്‍ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബെന്‍ഫിക്ക ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ കീവിനെ തോല്‍പ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും യുവന്റസും ഗ്രൂപ്പ് എച്ചില് നിന്ന് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മല്മോഫിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച യുവന്റസ് ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടില്‍ കടന്നത്. കീനാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ആറു മത്സരങ്ങളില്‍ 15 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തെത്തി. ചെല്‍സി രണ്ടാം സ്ഥാനക്കാരായി. അവര്‍ക്ക് ആറു മത്സരങ്ങളില്‍ 13 പോയിന്റ് ലഭിച്ചു. അവസാന മത്സരത്തില്‍ ചെല്‍സി സെനിറ്റുമായി സമനില പിടിച്ചു. ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി.
അവസാന മത്സരത്തില്‍ യങ് ബോയ്സിനെ സമനിലയില്‍ കുരുക്കി (1-1) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് എഫില്‍ ജേതാക്കളായി നോക്കൗട്ടിലെത്തി. ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റോടെയാണ് യുണൈറ്റഡ് ഒന്നാം സ്ഥാനക്കാരായത്. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അറ്റ്ലാന്റയും വിയാ റയലും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കടക്കും.
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് തിങ്കളാഴ്ച യുവേഫയുടെ ആസ്ഥനമായ സ്വിറ്റ്സര്‍ലന്‍ഡിലെ നിയോണില് നടക്കും. പ്രീ ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍: മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, അയാക്സ്, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലില്ലി, യുവന്റ്സ്, പിഎസ്ജി, അത്ലറ്റിക്കോ മാഡ്രിഡി, സ്പോര്‍ട്ടിങ് ലിസ്ബണ്‍, ഇന്റര്‍ മിലാന്, ബെന്‍ഫിക്ക, അറ്റലാന്റ അല്ലെങ്കില്‍ വിയാറയല്‍, സാല്‍സ്ബര്‍ഗ്, ചെല്‍സി. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കും. രണ്ടാം പാദം മാര്‍ച്ച് എട്ട് മുതല്‍ പതിനാറുവരെയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: