ശബരിമല ക്ഷേത്രത്തിലെ സുപ്രധാന ആചാരമാണ് മകരവിളക്കുത്സവം. മകര സംക്രമനാള്‍ മുതല്‍ അഞ്ചു നാളുകളിലായാണ് ഉത്സവം നടക്കുക. കളമെഴുത്ത്, എഴുന്നെള്ളത്ത്, നായാട്ടു വിളി, പാട്ട്, ഗുരുതി എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
പടഹാദി ആചാരമാണ് മകര വിളക്കുത്സവത്തിന് സ്വീകരിച്ചിട്ടുള്ളത്. തീവെട്ടിയുടെ അകമ്പടിയില്‍ വാദ്യഘോഷങ്ങളോടെ ചടങ്ങുകള്‍ നടത്തും. മകരവിളക്ക് ദിവസം മണിമണ്ഡപത്തില്‍ സന്ധ്യാ ദീപാരാധനയ്ക്കു ശേഷം ആരംഭിക്കുന്ന കളമെഴുത്ത് അത്താഴ പൂജക്ക് മുന്‍പ് സമാപിക്കും. ആദ്യ ദിവസം അയ്യപ്പന്റെ ബാലകരൂപത്തിലുള്ള കളമാണ് വരയ്ക്കുന്നത്. രണ്ടാം ദിവസം യോദ്ധാവായും, തുടര്‍ന്ന് രാജകുമാരന്,
പുലിവാഹനന്‍, തിരുവാഭരണ ഘോഷിതന് എന്നീ രൂപങ്ങളിലും കളമെഴുതും. കളമെഴുത്ത് പൂര്‍ത്തിയാകുന്നതോടെ തിരുവാഭരണ പെട്ടിയിലെ, കൊമ്പന് മീശയോട് കൂടിയ പ്രധാന തിടമ്പ് മണിമണ്ഡപത്തില്‍ പൂജിക്കും. തിരുവാഭരണപ്പെട്ടിയില്‍ തന്നെ അടക്കം ചെയ്തിരിക്കുന്ന രണ്ടു കൊടിക്കൂറകള്‍ അകമ്പടിയാക്കി തിടമ്പ് എഴുന്നെള്ളിക്കാനാരംഭിക്കും. 18 മലകളില്‍ പ്രധാനികളായ തലപ്പാറമലയെയും, ഉടുമ്പാമലയെയും പ്രധിനിധീകരിക്കുന്ന കൊടിക്കൂറകളാണിവ.
നിലപാട് തറയും നായാട്ടു വിളിയും
എഴുന്നെള്ളത്ത് 18ാം പടിക്കു മുന്നിലുള്ള നിലപാട് തറയിലെത്തുമ്പോള് പള്ളി കുറുപ്പ് നിലപാട് നില്ക്കും. നായാട്ടു വിളിയാണ് നിലപാട് ചൊല്ല്. 576 ശീലുകളാണ് നായാട്ടു വിളി. ഏകദേശം അരമണിക്കൂര്‍ നായാട്ടു വിളി ഉണ്ടാകും. ഈ സമയം, കൊട്ടാരം രാജ പ്രതിനിധിയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും നായാട്ടു വിളി കേട്ട് നില്ക്കും. ശേഷം വാദ്യ ഘോഷങ്ങളോടെ മണിമണ്ഡപത്തിലെത്തി ചടങ്ങു പൂര്‍ത്തിയാക്കും.
രണ്ടാം ദിവസം പതിവ് എഴുന്നെള്ളത്തിനൊപ്പം അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എഴുന്നെള്ളത്തും ഉണ്ടാകും. മൂന്നും, നാലും ദിവസങ്ങളില്‍ എഴുന്നെള്ളത്ത് പതിവ് പോലെ നടക്കും. അഞ്ചാം ദിവസം എഴുന്നെള്ളത്ത് ശബരീപീഠം വരെ പോകും. ഈ ദിവസം നായാട്ടു വിളിയും മറ്റു ചടങ്ങുകളും ശബരീപീഠത്തിലാണ് നടത്തുക.
തിരികെ സമാധിസ്ഥിതിയിലേക്ക് നായാട്ടു വിളിക്കു ശേഷം ഭഗവാന് ശബരീപീഠത്തില്‍ ദുഷ്ട നിഗ്രഹം നടത്തും. പ്രതീകാത്മകമായി വച്ചിരിക്കുന്ന കരിക്കിലേക്കു മൂന്നു തവണ അമ്പെയ്തു കൊള്ളിക്കും. ശൈവ വെള്ളാള കുലത്തില്‍ പെട്ട പള്ളിക്കുറുപ്പന്മാരാണ് ഈ ചടങ്ങുകള്‍ ചെയ്യുക. തുടര്‍ന്ന് തീവെട്ടിയും വാദ്യഘോഷങ്ങളും അവസാനിപ്പിക്കും. തിരിച്ചുള്ള യാത്രയില്‍ വഴി കാണാനായി പാണി വിളക്ക് മാത്രമാകും ഉണ്ടാകുക. പ്രകാശ ശബ്ദ അലങ്കാര ഘോഷങ്ങളെല്ലാം തിരസ്കരിച്ച് തന്റെ ഭൂത ഗണങ്ങളോടൊപ്പം അയ്യപ്പന് സമാധി സ്ഥിതി പ്രാപിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് ഈ ആചാരത്തിന്റെ സങ്കല്പം.
തുടര്‍ന്ന് ഭൂതഗണങ്ങളോടൊപ്പം ഭഗവാന് തിരിച്ചു മണിമണ്ഡപത്തിലെത്തും. ഇവിടെ കര്‍പ്പൂര ദീപക്കാഴ്ചയും, നിവേദ്യവും സമര്‍പ്പിക്കും. അവസാനമായി പാട്ടു പാടി അയ്യപ്പനെ സമാധിയിലാക്കും. കേശാദിപാദ സ്തുതിയാണ് പാട്ട്. തുടര്‍ന്ന് നടക്കുന്ന ഗുരുതിയോടെ മണ്ഡല മകര വിളക്കുത്സവം സമാപിക്കും. റാന്നി കുന്നക്കാട് കുറുപ്പന് മാരാണ് ഈ ചടങ്ങുകള്‍ക്ക് ഇപ്പോള്‍ അധികാരിയായിട്ടുള്ളത്.
ഗുരുതിക്കു ശേഷം പതിനെട്ടാം പടി കയറാന്‍ ആരെയും അനുവദിക്കില്ല. എന്നാല്‍ ഇതു വഴി തിരിച്ചിറങ്ങാനാകും. മകരവിളക്കുത്സവത്തിന് എഴുന്നെള്ളിക്കുന്ന തിടമ്പും കൊടികളും പിന്നീട് രണ്ടു ക്ഷേത്രങ്ങളില്‍ കൂടി എഴുന്നെള്ളത്തിന് ഏറ്റും.
പെരുനാട് കക്കാട്ട് കോയിക്കല്‍ ശാസ്താ ക്ഷേത്രത്തിലും, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും. ശബരിമലയിലെ ആചാര പദ്ധതികളില്‍ ഏറ്റവും പ്രാമുഖ്യമുള്ള ചടങ്ങാണ് മകരവിളക്കുത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: