ജാവ: പൊട്ടി ഒഴുകുന്ന അഗ്നിപര്‍വ്വത ലാവക്ക് മുന്നിലൂടെ നിലവിളിച്ച് ഒാടുന്ന ജനങ്ങള്‍. പിറകെ ഭീകരപുക. ഭയാനക ദൃശ്യം ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ നിന്നുളളതാണ്. സജീവ അഗ്നിപര്‍വ്വതവും ഏറ്റവും ഉയരം കൂടിയതുമായ സെമേരു അഗനിപര്വ്വതമാണ് മാസങ്ങള്‍ക്കിടയില്‍ രണ്ടാമതും പൊട്ടിയത്. കട്ടിയുളള പുകയും ലാവയും കുത്തി ഒഴുകി വരുന്നതിന് മുന്നിലായി കുട്ടികളും സ്ത്രീകളും, വൃദ്ധന്മാരും പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിന്റെ ദൃശ്യങ്ങൾ ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി പുറത്ത് വിട്ടു.
2017ലും, 19ലും അഗ്നിപര്‍വ്വതം പൊട്ടിയിരുന്നു. അവസാനമായി ജനുവരിയിലും പൊട്ടിത്തെറിച്ചു. വര്‍ഷത്തില്‍ പല തവണയിപ്പോള് പര്‍വ്വതം പൊട്ടുന്നുണ്ട്. ഇത് കടുത്തനാശനഷ്ടങ്ങള്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്ന് സമീപ പ്രദേശങ്ങളിലേക്ക് ലാവ പ്രവഹിച്ചു തുടങ്ങി. അവസ്ഥ ഭീകരമായതിനാല് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. വിമാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുക വന്‍തോതില്‍ ഉയർന്നതിനാൽ പ്രദേശമാകെ ഇരുട്ട് പരന്നിരിക്കുകയാണ്.
വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെങ്കിലും മരണങ്ങള് ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വര്‍ഷം മുഴുവനും പ്രകൃതി ദുരന്തങ്ങളാല്‍ കഷ്ടത അനുഭവിക്കുന്ന ജനതയാണ് ഇന്തോനേഷ്യന്‍ ജനത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: