മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കരുത്തരായ ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. അല്‍വാരോ വാസ്ക്വസും പ്രശാന്തുമാണ് ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ നിഖില്‍ രാജാണ് ഒഡീഷയുടെ ഏക ഗോള്‍ നേടിയത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് നാലു മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി ആറാം സ്ഥാനത്തെത്തി.
ആദ്യ മിനിറ്റുകളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ ഗോളിയെ പരീക്ഷിച്ചു. രണ്ടാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദ്് ബോക്സിന് പുറത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ട്് ഒഡീഷ ഗോളി കമല്‍ജിത്ത് തട്ടിയകറ്റി. തൊട്ടു പിന്നാലെ ആഡ്രിയാന്‍ ലൂണയുടെ ഫ്രീ കിക്കും കമല്‍ജിത് രക്ഷപ്പെടുത്തി. 14-ാം മിനിറ്റില്‍ ഒഡീഷയ്്ക്ക് ആദ്യ അവസരം കിട്ടി. പക്ഷെ ഹാവി ഹെര്‍ണാണ്ടസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നുപോയി. 25-ാം മിനിറ്റിലും ഹെര്‍ണാണ്ടസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോര്‍ 0-0.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് തകര്‍ത്തുകളിച്ചു. ഒന്നാന്തരം നീക്കങ്ങള്‍ നടത്തിയ ബ്ലാസ്റ്റേഴ്സ് ഒടുവില്‍ ലക്ഷ്യം കണ്ടു. അറുപത്തിരണ്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയുടെ വല കുലുക്കിയത്. ആഡ്രിയാന്‍ ലൂണയുടെ പാസ് മുതലാക്കി അല്‍വാരോ വാസ്ക്വസാണ് സ്കോര്‍ ചെയ്തത്.
കളിയവസാനിക്കാന്‍ അഞ്ചുമിനിറ്റുളളപ്പോള്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും കുറിച്ചു. പ്രശാന്താണ് ലക്ഷ്യം കണ്ടത്. ആഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ നിഖില്‍ രാജ്് ഒഡീഷയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: