ജൊഹന്നസ്ബര്‍ഗ്: ഒമിക്രോണ്‍ വ്യാപനത്തില്‍ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങളുമായി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍. ഒരിക്കല്‍ കൊവിഡ് വന്നവരില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും ഈ വ്യാപനം ഡെല്‍റ്റ വൈറസിനെക്കാള്‍ മൂന്നിരട്ടിയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
കൊവിഡിലൂടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുന്നെന്നാണ് പ്രാഥമിക വിവരം. കൊവിഡ് വന്ന് 90 ദിവസം തികയാത്തവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെയാണ് പഠനങ്ങളുമായി ആരോഗ്യ വിദഗ്ധര്‍ മുന്നിട്ടിറങ്ങിയത്. കൊവിഡ് മുക്തരായവരില്‍ ഡെല്‍റ്റ വൈറസിനെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ഒമിക്രോണ്‍ പകരുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വന്ന 35,670 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ പലര്‍ക്കും ഡെല്‍റ്റാ തരംഗത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വന്നവരിലെ പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുന്നതിന്റെ സൂചനയാണിതെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധ ജൂലിയറ്റ് പുല്ല്യം പറഞ്ഞു.
എന്നാല്‍ വാക്‌സിനെടുത്തവരില്‍ ഒമിക്രോണിന്റെ സാന്നിധ്യം വര്‍ധിക്കുന്നുണ്ടോയെന്നതില്‍ സ്ഥിരീകരണമില്ല. ഒമിക്രോണ്‍ വ്യാപക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ നാലായിരത്തിനു മുകളിലാണ് പ്രതിദിന ഒമിക്രോണ്‍ കേസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: