സഹകരണ മേഖലയിലെ ചില പൊതുവായ പ്രശ്നങ്ങളിലേക്ക് ഭാരതീയ റിസര്‍വ് ബാങ്ക് ശ്രദ്ധ ക്ഷണിച്ചപ്പോഴുണ്ടായ ഹാലിളക്കം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ആദ്യമേ സൂചിപ്പിക്കട്ടെ, ഇവിടെ റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിനോ സഹകരണ ബാങ്കുകള്‍ക്കോ ഒരു നിര്‍ദ്ദേശവും കൊടുത്തിട്ടില്ല; ചില സൂചനകള്‍ നല്‍കിയത് നിക്ഷേപകര്‍ക്കാണ്. അവര്‍ ആകെ പറഞ്ഞത്, നിങ്ങള്‍ ബാങ്ക് എന്ന് പറഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന അല്ലെങ്കില്‍ ബാങ്ക് എന്ന് ബോര്‍ഡ് വെച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് രാജ്യത്തെ ബാങ്കിങ് റെഗുലേഷന് നിയമമനുസരിച്ചുള്ള അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണം എന്ന്മാത്രം. ബാങ്കിങ് നിയമമനുസരിച്ചുള്ള അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചാല്‍, ആ സ്ഥാപനം പൂട്ടിപ്പോയാല്‍, പൊളിഞ്ഞാല്‍, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്പ്പറേഷന് നല്‍കിവരുന്ന നഷ്ടപരിഹാരം കിട്ടുകയില്ല. ഇത്രയേ ആര്‍ബിഐ ആകെ സൂചിപ്പിച്ചിട്ടുള്ളൂ.
ഇത് സാമാന്യ മര്യാദക്ക് ഒരാളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കലാണ്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ കബളിപ്പിക്കപ്പെടും എന്ന് അതുകൊണ്ട് അര്‍ഥമാക്കുന്നില്ല. എന്നാല്‍ കാശ് പോയാല്‍ തങ്ങളുടെ നേരെവന്നു കൈനീട്ടിയിട്ട് കാര്യമില്ല എന്ന് പറയാനുള്ള അല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കാനുള്ള ചുമതല രാജ്യത്തെ ബാങ്കുകളുടെ ബാങ്കായ ആര്ബിഐക്കുണ്ടല്ലോ. അത് അവര്‍ നിര്‍വഹിച്ചു എന്നേയുള്ളു. ഇത് ഒരു സൂചനയാണ്. അത് കേരളത്തിന് മാത്രമല്ല, സഹകരണ മേഖലയില്‍ ഒരു പക്ഷെ കേരളത്തേക്കാള്‍ വളരെ മുന്നിലുള്ള, മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്കുന്ന സൂചനയാണ്. അതില്‍ കേരളത്തിന് പുറത്ത് സിപിഎമ്മിന് ഒരു പ്രസക്തിയുമില്ലല്ലോ; പക്ഷെ, ഗുജറാത്ത്, കര്‍ണാടകം, മഹാരാഷ്ട്ര, യുപി, രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക്, ‘സഹകാര്‍ ഭാരതി’ പോലുള്ള സംഘ പ്രസ്ഥാനങ്ങള്‍ക്ക് നല്ല പങ്കുണ്ട്. ബിജെപിയും സഹകാര്‍ ഭാരതിയുമൊക്കെ അവിടെ പ്രധാനപ്പെട്ട റോള്‍ ഈ മേഖലയില്‍ വഹിക്കുന്നുണ്ട്. അനവധി അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ അവരായിട്ട് തുടങ്ങിയിട്ടുണ്ട്, നന്നായി നടത്തുന്നുമുണ്ട്. അപ്പോള്‍ ആര്‍ബിഐ ലക്ഷ്യമിട്ടത് എല്ലാവരെയുമാണ്. എന്നാല്‍ തട്ടിപ്പ് നടത്തി ചീത്തപ്പേര് സമ്പാദിച്ചവര്‍ക്ക് ആശങ്കകള്‍ കൂടുന്നത് സ്വാഭാവികം. സഹകാര്‍ ഭാരതിക്കോ ബിജെപിക്കോ ആ വിഷമവുമുണ്ടാവുന്നുമില്ല.
പിന്നെ, വസ്തുതകള്‍ മറന്നുകൊണ്ട് നാം വികാരപ്രകടനം നടത്തിയിട്ട് കാര്യമില്ല. പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന് അത്രമാത്രം അധികാരങ്ങളൊന്നുമില്ല. പ്രാദേശിക സര്‍വീസ് സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനും സംസ്ഥാന ഭരണകൂടത്തിന്റെ ജോലിയാണ്. സംസ്ഥാനത്തെ സഹകരണ രജിസ്ട്രാര്‍ ആണ് അത് ചെയ്യുന്നത്. എന്നാല്‍ ഈ സംഘങ്ങളൊക്കെ ഇടക്കാലത്ത് പേരിനൊപ്പം ബാങ്ക് എന്നുചേര്‍ക്കാന്‍ തുടങ്ങി; നിലവിലെ നിയമപ്രകാരം ഈ സഹകരണ സംഘങ്ങള്‍ക്ക് അതിനുള്ള അധികാരമില്ല. അതാണ് 2020- ലെ നിയമ ഭേദഗതിയില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയത്. സൊസൈറ്റി എന്ന നിലക്കുള്ള രജിസ്ട്രേഷനാണ് അവര്‍ക്ക് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ നല്‍കിയിട്ടുള്ളത്. അവര്‍ക്ക് സൊസൈറ്റി അഥവാ സംഘം എന്ന് പേര് നല്‍കാം; ബാങ്ക് എന്നുപയോഗിച്ചുകൂടാ. മാത്രമല്ല ‘എ ക്ലാസ് ‘ അംഗങ്ങളില്‍ നിന്ന് മാത്രമേ അവര്‍ക്ക് നിക്ഷേപം
സ്വീകരിക്കാനാവൂ; അവര്‍ക്ക് മാത്രമേ വായ്പയും നല്‍കാനാവൂ. ഇതാണ് രാജ്യത്തെ ചട്ടങ്ങള്‍. അത് ഇന്നിപ്പോള്‍ രാജ്യത്തെ നിയമമാണ്. അത് തങ്ങള്‍ക്ക് ബാധകമല്ല എന്ന് പറഞ്ഞാല്‍ അവരുടെ വിവരക്കേട് എന്ന് പറയേണ്ടിവരില്ലേ. ഒന്നേ ചോദിക്കാനുള്ളൂ, കേരളം ഇന്ത്യയുടെ ഭാഗമാണല്ലോ; ഇത് വേറെ റിപ്പബ്ലിക്ക് ഒന്നുമല്ലല്ലോ?
സഹകരണ രംഗത്ത് കുറെ പ്രശ്നങ്ങളുണ്ട്. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ -ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന തട്ടിപ്പ് ഓര്‍മ്മയില്ലേ? 8,680 കോടി ആസ്തിയുള്ള ബാങ്ക് അതില്‍ 6,500 കോടിയും ഒരു റിയല്‍ എസ്റ്റേറ്റ് ഭീമന് കൊടുത്തത് രാജ്യം ചര്‍ച്ച ചെയ്തതാണ്. അതില്‍ ആര്‍ബിഐ ഇടപെട്ട് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും തുനിഞ്ഞു. മഹാരാഷ്ട്ര സ്റ്റേറ്റ് സഹകരണ ബാങ്കില്‍ 2007- 2017 കാലഘട്ടത്തില്‍ നടന്ന ഏതാണ്ട് 25,000 കോടിയുടെ തട്ടിപ്പ് പുറത്തു വന്നത് അണ്ണാ ഹസാരെയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ഈ തട്ടിപ്പ് കേസില്‍ പെട്ടു. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പഞ്ചസാര മില്ലും സ്വത്തുക്കളും മറ്റും അടുത്തിടെ കണ്ടുകെട്ടിയിരുന്നല്ലോ. ശരദ് പവാറിലേക്കാണ് ഈ ആക്ഷേപങ്ങളുടെ മുന നീളുന്നത്. പവാറിന്റെ പ്രതികരണങ്ങളില്‍ ഈയിടെയായി അതിനു തക്ക രോഷവും വിദ്വേഷവുമൊക്കെ പ്രകടവുമാണ്.
കേരളത്തിലും സഹകരണ ബാങ്ക് മേഖലയില്‍ എത്രയോ തട്ടിപ്പുകള്‍ നാം കണ്ടു, കണ്ടുകൊണ്ടിരിക്കുന്നു. ബാങ്കുകളുടെ പേരുകള്‍ പറയുന്നില്ല. ജനങ്ങള്‍ക്ക് അതൊക്കെ അറിയാം. എന്നാല്‍ നൂറു കണക്കിന് കോടികളുടെ തട്ടിപ്പാണ് നടന്നത്. അതിനൊക്കെ പിന്നിലുണ്ടായിരുന്നത് രാഷ്ട്രീയക്കാരല്ലേ? സിപിഎമ്മിന് അതിലുള്ള പങ്ക് ചെറുതാണോ. തട്ടിപ്പ് പുറത്തുവരുമ്പോള്‍ സിപിഎം തന്നെ അന്വേഷിക്കുന്നു, വിചാരണയും പാര്‍ട്ടി നടത്തുന്നു. ഇതൊക്കെ ഇന്നിപ്പോള്‍ കേരളം കാണുന്നതല്ലേ. എന്നിട്ട് മണി ലോണ്ടറിംഗ് നിയമമനുസരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ഇടപെടുമ്പോള്‍ തെരുവില്‍ കിടന്നു ബഹളമുണ്ടാക്കലും. ഇടത് സര്‍ക്കാരിന് കീഴിലെ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പാര്‍ട്ടി സഖാക്കളായ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ആര്‍ക്കാണ് കരുതാനാവുക? തലശേരിയില്‍ മുമ്പ് സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന മുസ്ലിം സഖാവിനെ വെട്ടിക്കൊലപ്പെടുത്തിയതും, അത് കണ്ടെത്തിയ ഐപിഎസ് ഓഫീസര്‍ക്കുണ്ടായ ദുരനുഭവങ്ങളും കേരളം ചര്ച്ചചെയ്തുകൊണ്ടിരിക്കുകയല്ലേ. അതൊക്കെയാവും സഹകരണ തട്ടിപ്പുകള്‍ അന്വേഷിക്കുന്നവരുടെയും ഗതി എന്ന് കേരളം ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ?.
കാര്യക്ഷമമാകണം ഓഡിറ്റിങ്
നമ്മുടെ സഹകരണ മേഖലയില്‍ സര്‍ക്കാരിന് ചെയ്യാവുന്ന കുറേ കാര്യങ്ങളുണ്ട്. ഓഡിറ്റിങ് കാര്യക്ഷമമാക്കുക എന്നതാണ് അതിലൊന്ന്. എന്നാല്‍ ഓഡിറ്റ് രംഗത്ത് വര്‍ഷങ്ങള്‍ മുന്‍പുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് നിലവിലുള്ളത്. സഹകരണ സ്ഥാപങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു; അവരുടെ ബ്രാഞ്ചുകള്‍ കൂടി. വ്യത്യസ്ത സാമ്പത്തിക – വാണിജ്യ ഇടപാടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ കീഴില്‍ നടക്കുന്നു. അതൊക്കെയും സൂക്ഷ്മമായി പരിശോധിക്കാന്‍ തക്ക സംവിധാനങ്ങള്‍ ഇന്നില്ല. സഹകരണ സ്ഥാപനങ്ങള്‍ കംപ്യൂട്ടറൈസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. കുറെയൊക്കെ നടന്നു. എന്നാല്‍ ഓഡിറ്റ് നടത്തുന്നവര്‍ക്ക് അതൊന്നും പരിചിതമല്ലെങ്കിലോ ? ഇതൊക്കെ അറിയാത്തവരല്ല ആ വകുപ്പിലുള്ളത്, സിപിഎമ്മിലുള്ളത്. ഓഡിറ്റ് സംവിധാനം വേണ്ടവിധമായാല് തന്നെ കുറെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു. ഇത്തരത്തില്‍ ചിലതൊക്കെ കാര്യഗൗരവത്തോടെ ചെയ്തിട്ട് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ കേന്ദ്രത്തിനെതിരെയും ആര്ബിഐക്കെതിരെയും സമരത്തിന് പുറപ്പെട്ടാല്‍ നല്ലത്.
കോടിക്കണക്കിന് രൂപ നമ്മുടെ സഹകരണ മേഖലയില്‍ നിക്ഷേപമായുണ്ട്. അതില്‍ കണക്കില്‍പ്പെടുന്നതും പെടാത്തതുമായ പണമുണ്ട് എന്നതും ( ചിലരൊക്കെ അത് സമ്മതിക്കില്ലെങ്കിലും) വസ്തുതയാണ്. സഹകരണ ബാങ്കുകള്‍ അവരുടെ ലാഭത്തിന്റെ വെളിച്ചത്തില്‍ ആദായ നികുതി കൊടുക്കേണ്ടതില്ല എന്നത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിടെ വരുന്ന നിക്ഷേപങ്ങള്‍ സുതാര്യമാണ് എന്നും കള്ളപ്പണമില്ല എന്നും ഉറപ്പുവരുത്തേണ്ടതില്ലേ. രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കാണ് അത് ചെയ്യാതിരിക്കാനാവുക? ആ കണക്കില്‍ പെടുത്താത്ത പണത്തിന് നികുതി ഒടുക്കേണ്ട സ്ഥിതി വന്നാല്‍ അതുമൂലം കേരളത്തിനുണ്ടാവുന്ന വരുമാന വര്‍ധന എത്രയാവും. കടക്കെണിയില്‍ കിടന്നുഴലുന്ന കേരളത്തിന് രക്ഷപ്പെടാനുള്ള ഒരു വഴിയായി അത് തുറന്നുകിട്ടിയാല്‍ പോലും അതിശയിക്കാനില്ല. കേരളത്തെ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തവര്‍ എന്തുകൊണ്ടാണ് ഇതിന് ശ്രമിക്കാത്തത്? മറ്റൊന്ന് ആര്‍ക്ക് വേണ്ടിയാണെങ്കിലും വിദേശത്തുപോയി വലിയ പലിശക്ക് പണമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് ഈ സഹകരണ മേഖലയെ മറന്നുപോകുന്നു? അവിടെയുള്ള നിക്ഷേപം രാജ്യ താല്പര്യത്തിന്, കേരളത്തിന്റെ വികസനത്തിന് ഉപയോഗിക്കാന്‍ ഒരു കര്‍മ്മ പദ്ധതി എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ. വിമര്‍ശനമുയര്‍ത്തുമ്പോള്‍ തന്നെയാണ് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും.
നരേന്ദ്ര മോദി അടുത്തിടെ സഹകരണ മേഖലയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വികസന സങ്കല്‍പ്പത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് നിര്‍വഹിക്കാനുണ്ട് എന്നതാണ് മോദിയും അമിത് ഷായുമൊക്കെ പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ മനസ്സ് ഇതില്‍ നിന്നൊക്കെ മനസിലായിട്ടുണ്ടാവും. അമിത് ഷാ കേന്ദ്ര സഹകരണ വകുപ്പ് ഏറ്റെടുത്തത് പൊറാട്ട് നാടകം കളിക്കാനാണ് എന്നൊന്നും ആരും കരുതുന്നുണ്ടാവില്ല. അതായത് സഹകരണ രംഗത്തെ തകര്‍ക്കാനല്ല മറിച്ച്, അര്‍ഹിക്കുന്ന നിലയിലേക്ക് ഉയര്‍ത്താനാണ് കേന്ദ്രം തയ്യാറാവുന്നത്. അതിനാവശ്യമായ നീക്കങ്ങള്‍ നമുക്ക് ദല്‍ഹിയില്‍ നിന്ന് നാളെകളില്‍ പ്രതീക്ഷിക്കാം. പിന്നെ സിപിഎമ്മിന്റെ സമരം, ഭീഷണി. നോട്ട് റദ്ദാക്കിയപ്പോള്‍ ഇവര്‍ എന്തൊക്കെ ചെയ്തു? ഇപ്പോള്‍ മുഖ്യമന്ത്രി അടക്കം കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങുകയാണ്. അതിനുള്ള അവകാശമുണ്ട്. സിഎജിക്കെതിരെയും ആര്ബിഐക്കെതിരെയുമൊക്കെ സമരം ചെയ്യുന്നവരോട് സഹതപിക്കാനേ പറ്റൂ. എന്നാല്‍ ഇതൊന്നും കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ പിന്‍വലിക്കുമെന്ന് കരുതേണ്ടതില്ല. ലക്ഷ്യം വ്യക്തതയുള്ളതാണ് എന്നതാണ് ദല്‍ഹിയില്‍ നാം കാണുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: