കഴിഞ്ഞയാഴ്ചയില്‍ അതായത് നവംബര്‍ 19 ന് പേരാമ്പ്രയിലെ മുതിര്‍ന്ന സ്വയംസേവകന് രത്നഗിരി അന്തരിച്ച വിവരം മുന്‍ കേസരി സഹപത്രാധിപര്‍ ടി. വിജയന് വിളിച്ചറിയിച്ചിരുന്നു. ഗിരി ഏതാനും വര്‍ഷങ്ങള്‍ കേസരി വാരികയില്‍ ജീവനക്കാരനായിരുന്നു. പേരാമ്പ്രയിലെ തന്റെ കുടുംബ സ്വത്തുക്കള്‍ പരിപാലിക്കാന്‍ സാന്നിദ്ധ്യം അത്യാവശ്യമായി വന്നതിനാല്‍ കേസരിയിലെ ജീവനം മതിയാക്കി അങ്ങോട്ടു താമസം മാറ്റുകയായിരുന്നു.
രത്നഗിരിയുടെ വീടുമായി എന്റെ പ്രചാരക ജീവിതത്തിന് അവിസ്മരണീയ ബന്ധമുണ്ട്. 1958 കാലത്ത് പേരാമ്പ്ര വരെയുള്ള ശാഖകള്‍ കണ്ണൂര്‍ ജില്ലയുടെ ഭാഗമായാണ് പരിഗണിച്ചുവന്നത് എന്നത് ഇന്നത്തെ പ്രവര്‍ത്തകര്‍ക്ക് വിസ്മയകരമായി തോന്നാം. അന്നു വി.പി. ജനാര്‍ദ്ദനനായിരുന്നു കണ്ണൂര്‍ ജില്ലാ പ്രചാരകന്. തുടക്കത്തില്‍ കണ്ണൂര്‍, തലശ്ശേരി നഗരങ്ങളുടെ മാത്രം ചുമതലയുണ്ടായിരുന്ന എനിക്ക് പേരാമ്പ്ര വരെയുള്ള ശാഖകളുടെ കാര്യം കൂടി ഏല്‍പ്പിക്കപ്പെട്ടതും, എന്നെ ആദ്യമായി അങ്ങോട്ട് കൊണ്ടുപോയതും ആ സവിശേഷ അവസരത്തിലായിരുന്നു. അന്നത്തെ തമിഴ്നാട് കേരളമുള്‍പ്പെട്ട പ്രാന്തത്തിന്റെ കാര്യവാഹ് മാനനീയ അണ്ണാ എന്നുവിളിക്കപ്പെട്ടിരുന്ന എം. ദക്ഷിണാമൂര്‍ത്തിയുടെ യാത്രയോടൊപ്പമാണ് പോകേണ്ടിയിരുന്നത്. അന്നേ ദിവസം രക്ഷാബന്ധനായിരുന്നു. അന്നുതന്നെയാണല്ലോ യജ്ഞോപവീതം മാറ്റേണ്ട ഉപാകര്മവും. പേരാമ്പ്രയിലെ ആദ്യ സ്വയംസേവകനെന്നു പറയാവുന്ന കൈലാസത്തിന്റെ മഠത്തില്‍ അണ്ണാജിയുടെ താമസം ഏര്‍പ്പാടു ചെയ്തു. അവിടെത്തന്നെ ഗായത്രി ജപത്തിനും പൂണൂല് മാറ്റത്തിനും സൗകര്യമുണ്ടാക്കി. കൈലാസത്തിന്റെ മഠം ഏതാണ്ട് കാര്യാലയംപോലെ ഉപയോഗിക്കപ്പെട്ടുവന്നിരുന്നു. മുന്‍ പ്രചാരകനായിരുന്ന രാമചന്ദ്രന് കര്‍ത്താ സാര്‍ പേരാമ്പ്രയിലെ ആദ്യകാല സ്വയംസേവകര്‍ക്ക് ആരാധ്യപുരുഷനെപ്പോലെയായിരുന്നു. പൂണൂല് മാറുന്ന ചടങ്ങിന് അണ്ണാജിയെപ്പോലുള്ള വിശിഷ്ടവ്യക്തിയെ ലഭിച്ചതില്‍ കൈലാസത്തിനും കുടുംബത്തിനും നിര്‍വൃതി അനുഭവപ്പെട്ടു. തലേ സന്ധ്യക്കുതന്നെ രക്ഷാബന്ധന്റെ ശാഖാ ഉത്സവവും അണ്ണാജിയുടെ ബൗദ്ധിക്കും കഴിഞ്ഞിരുന്നതിനാല്‍, അന്ന് തിരുക്കുണ്ടായില്ല. അദ്ദേഹത്തിന് സ്വജനങ്ങള്‍ക്കിടയില്‍ തന്നെ ആ ദിവസം ചെലവിടാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമായി. ഗൃഹനാഥ അലമേലു അമ്മാളും വിശിഷ്ടാതിഥിയെയും വളരെക്കാലത്തിനുശേഷം കാണാന്‍ കഴിഞ്ഞ കാരണവരാണെന്ന മട്ടില്‍ പെരുമാറാന്‍ കഴിഞ്ഞു. അന്നു വൈകുന്നേരം അണ്ണാജിയുടെ പരിപാടി 20 കി.മീ. അകലെ ഉള്ള്യേരിയിലായിരുന്നു. അവിടത്തെ മുതിര്‍ന്ന സ്വയംസേവകന് അച്ചുവേട്ടന് വന്നു, അദ്ദേഹത്തെയും ജനേട്ടനെയും കൊണ്ടുപോയി.
പേരാമ്പ്ര പട്ടണം അന്ന് പഴയമട്ടിലുള്ളതായിരുന്നു വൈദ്യുതി എത്തിയിരുന്നില്ല. അങ്ങാടി മിക്കവാറും ഓലമേഞ്ഞതായിരുന്നു. അവിടത്തെ നാടുവാഴിയായിരുന്ന അവിഞ്ഞാട്ട് നായരുടെതായിരുന്നു ആ പ്രദേശം മുഴുവന്‍. അവിടത്തെ ഏറ്റവും പ്രധാന സ്ഥാപനം എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രമാണ്. വലിയ ഗോപുരവും അഗ്രശാലകളും ഊട്ടുപുരയും വിശാലമായ ചിറയുമായുള്ള ക്ഷേത്രം നഗരകേന്ദ്രമായി ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്തു. ക്ഷേത്രത്തിന്റെ ഔദ്യോഗികമായ പേര് പയ്യോര്‍ മല ക്ഷേത്രമെന്നാണ്. ‘പയ്യോര്‍മല മുത്തശ്ശി’യാണ് ഭഗവതി. പയ്യോര്‍മല നായരുടെ ഭാഗിനേയിയാണ് വയനാട്ടിലെ മാവിലാംന്തോട്ടില് ബ്രിട്ടീഷ് സേനയുടെ ആക്രമണത്തില്‍ 1805 നവംബര്‍ 30 ന് പഴശ്ശിത്തമ്പുരാന് കൊല്ലപ്പെട്ടയവസരത്തില് ഒപ്പമുണ്ടായിരുന്ന കെട്ടിലമ്മ എന്ന് ടി.എച്ച്. ബാബറുടെ വിവരണത്തില്‍ നിന്നു മനസ്സിലാകുന്നു.
കൈലാസത്തിന്റെ മഠം ഭഗവതീ ക്ഷേത്രത്തിലേക്കു തിരിയുന്നിടത്താണ്. അതായിരുന്നു സംഘത്തിന്റെ പേരാമ്പ്രയിലെ ആസ്ഥാനം. സ്വയംസേവകര്‍ക്ക് ഏതു സമയത്തും അവിടെ വരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.
1948 ല്‍ ക്ഷേത്ര പ്രവേശനം സംബന്ധിച്ച മദിരാശി സര്‍ക്കാരിന്റെ നിയമം വന്നതോടെ എല്ലാ വിഭാഗക്കാര്‍ക്കും അകത്തു കയറാമെന്നു വന്നു. ഭൂപരിഷ്കരണ നിയമങ്ങള്‍ നടപ്പിലായപ്പോള്‍ വരുമാനമില്ലാതായി. ഊട്ടുപുരകളും ഗോപുരങ്ങളും തകര്‍ന്നു തുടങ്ങി. ക്ഷേത്രം ഭിത്തികളിന്മേല് ഉണ്ടായിരുന്ന മനോഹരമായ ചുവര്‍ച്ചിത്രങ്ങള്‍ നശിച്ചു. ധര്‍മസ്ഥാപന ബോര്‍ഡിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭരണത്തില്‍ സ്ഥിതി മെച്ചമായോ എന്നറിയില്ല.
1950-60 കാലത്ത് അവിടെ കൈവിരലിലെണ്ണാവുന്നത്ര ബസ്സുകളെ സര്‍വീസ് നടത്തിയിരുന്നുള്ളൂ. പിന്നെ ബസ് സ്റ്റാന്റ് വന്നു. അതു കൈലാസത്തിന്റെ മഠപ്പറമ്പിന്റെ എതിര്‍ഭാഗത്തെ പാടത്തായിരുന്നു. സ്റ്റാന്റ് വന്നതോടെ ആ സ്ഥലത്തിന്റെ പ്രാധാന്യം വര്‍ധിച്ചു. ധാരാളം വ്യാപാരസ്ഥാപനങ്ങള്‍ ഉയര്‍ന്നു. രത്നഗിരി പഠിപ്പു കഴിഞ്ഞു കേസരിയില്‍ ജോലിയിലായിരുന്നു. പിതാവിനു അവശത വന്നപ്പോള്‍ അതുപേക്ഷിച്ചു സഹായത്തിനെത്തി, ആ പറമ്പില്‍ കാര്യാലയത്തിന് സ്ഥലം നല്കാന് കൈലാസം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ആ ഭാഗത്തു പ്രചാരകനും ദീര്‍ഘകാലം ക്ഷേത്ര സംരക്ഷണ സമിതി സംഘടനാ കാര്യദര്‍ശിയുമായിരുന്ന പി. രാമചന്ദ്രന്, തന്റെ അവസാന കാലത്ത് വിസ്താരകനായി രത്നഗിരിയോടൊപ്പം താമസിച്ചിരുന്നു.
എനിക്കു നിരവധി വര്‍ഷങ്ങളായി പേരാമ്പ്രയുമായി ബന്ധമില്ലെന്നു പറയാം. അവിടത്തെ മറ്റൊരാദ്യകാല സ്വയംസേവകനായിരുന്ന എന്‍. നാഗത്ത നാരായണന് നായര്‍ അന്തരിച്ചപ്പോള്‍ പോകാന്‍ കഴിഞ്ഞില്ല. പക്ഷേ പേരാമ്പ്രയിലെ സംഘശിക്ഷാവര്‍ഗില്‍ രണ്ടു ദിവസം താമസിക്കുകയും പഴയ ഒട്ടേറെ സ്വയംസേവകരുമായി പരിചയം പുതുക്കുകയും ചെയ്തിരുന്നു.
മലബാറിന്റെ പഴയ പ്രചാരകന്, ശങ്കര്‍ ശാസ്ത്രിയുടെ അവസാനകാലങ്ങളില്‍ അടിക്കടി കേരളത്തില്‍ വരാറുണ്ടായിരുന്നു. അദ്ദേഹമായിരുന്നല്ലൊ വിശ്വഹിന്ദുപരിഷത്തിന്റെ വൈദ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കിയത്. വയനാട്ടിലെ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് വേണ്ടി ഔഷധങ്ങള്‍ ശേഖരിക്കാനുള്ള സഫലമായ പ്രയത്നത്തിന്റെ ഉപജ്ഞാതാവും മറ്റാരുമായിരുന്നില്ല. നാഗപൂരിലെ അദ്ദേഹത്തിന്റെ വിലാസം തന്നെ വിവേകാനന്ദ ആസ്പത്രിയുടേതായിരുന്നു. ഇടക്കിടെ അദ്ദേഹം സുഖവിവരങ്ങള്‍ അറിയാനയയ്ക്കുന്ന കത്തുകളില്‍ അന്വേഷിച്ചിരുന്നവരില്‍ ഒരാള്‍ രത്നഗിരിയായിരുന്നു. പഴയ പല പ്രചാരകന്മാരും ആ കൂട്ടത്തിലുണ്ടായിരുന്നു.
താന്‍ കോഴിക്കോട്ടു കാര്യാലയത്തിലുണ്ടാവും, കാണാന്‍ താല്പര്യമുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ട് അയച്ച കത്തില്‍ മറുപടി മലയാളത്തില്‍ വേണമെന്നാവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കാര്യാലയത്തില്‍ ചെന്നപ്പോള്‍ അവിടെ പഴയ ധാരാളം പേര് എത്തിയിരുന്നു. കൂട്ടത്തില്‍ രത്നിഗിരിയുമുണ്ടായിരുന്നു. അതൊരു സവിശേഷമായ സമാഗമമായി. അതിനുശേഷം രത്നഗിരി തന്റെ വസതിയിലേക്കു ക്ഷണിച്ചു. അങ്ങനെ ദശകങ്ങള്‍ക്കുശേഷം അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ അവസരമുണ്ടായി. സഹോദരിയും അനുജനും അടുത്തടുത്ത വീടുകളില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഓട്ടുപാത്രങ്ങളുടെയും വിളക്കുകളുടെയും വ്യാപാരമുണ്ടായിരുന്നു. നല്ലെണ്ണ നിറച്ച് കെടാവിളക്കായി കത്തിച്ചുവയ്ക്കാവുന്ന ഒരു ചെറിയ വിളക്ക് എനിക്ക് സമ്മാനിച്ചു. അനേകവര്‍ഷങ്ങള്‍ അതുപയോഗിച്ചിരുന്നു. കോഴിക്കോട്ട് അദ്ദേഹം കാര്യാലയത്തിലും, പിന്നീട് ഏതാനും വര്‍ഷങ്ങള്‍ ചാലപ്പുറത്തും ബാരിസ്റ്റര്‍ എ.കെ. പിള്ളയുടെ മകളുടെ വസതിയിലും താമസിച്ചിരുന്നു. ട്രെയിനിങ് കോളജ് പ്രിന്‍സിപ്പാളായിരുന്ന ആ മഹതി സ്വന്തം മകനെപ്പോലെയാണ് അദ്ദേഹത്തോട് പെരുമാറി വന്നത്.
ജ്യേഷ്ഠ സ്ഥാനത്ത് പരിഗണിക്കേണ്ട സ്വയംസേവകര്‍ ധാരാളമുണ്ട് പേരാമ്പ്രയില്‍. അതിലൊരാളായിരുന്നു പി.സി. ഗോവിന്ദന്. ഞാന്‍ ഒന്നാംവര്‍ഷ ശിക്ഷണത്തിന് മദിരാശിയില്‍ പോയപ്പോള്‍ അദ്ദേഹം രണ്ടാംവര്ഷത്തിനുണ്ടായിരുന്നു. അന്ന് രാമചന്ദ്രന് കര്ത്താസാറായിരുന്നു അവിടെ പ്രചാരകന്. 1956 ലെ കാര്യമാണ്. ജാതിചിന്ത ഓരോ ചലനത്തെയും നിയന്ത്രിച്ചിരുന്ന അക്കാലത്ത് പി.സി. ഗോവിന്ദന്റെ വിവാഹ യാത്ര ജാതിവ്യത്യാസം പരിഗണിക്കാതെ എല്ലാ സ്വയംവേകരെയും പങ്കെടുപ്പിച്ചുകൊണ്ട് കര്‍ത്ത സാര്‍ ഒരു സംഭവമാക്കിത്തീര്ത്തിരുന്നു. ഗോവിന്ദന്റെ അച്ഛന് തന്നെ അക്കാര്യം പറഞ്ഞുകൊണ്ട് തങ്ങള്‍ കോണ്ഗ്രസ്സുകാര് പോലും അതിനു ധൈര്യപ്പെട്ടില്ലെന്നു സമ്മതിച്ചിരുന്നു.
മറ്റൊരു ജ്യേഷ്ഠസ്ഥാനീയന് മുന്‍ പ്രചാരകന് പി. വാസുദേവന്‍ ആണ്. പേരാമ്പ്രയ്ക്ക് സമീപമുള്ള ശാഖകളില്‍ എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തിയവരില്‍ ഒരാളായിരുന്നു. ഇപ്പോള്‍ കൊളത്തൂര്‍ ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുന്നു. സുദീര്‍ഘമായ പ്രചാരക ജീവിതത്തില്‍ അവിസ്മരണീയങ്ങളായ ഒട്ടേറെ നേട്ടങ്ങള്‍ സംഘത്തിനും ഹിന്ദു സമാജത്തിനും ചെയ്ത അദ്ദേഹത്തിന്റെ പുത്രനാണ് പ്രശസ്ത മാധ്യമ പ്രവര്ത്തകന് കെ. മോഹന്‍ദാസ്. പേരാമ്പ്രയെപ്പറ്റി പറയുമ്പോള്‍ മനസ്സില്‍ വിളങ്ങി നില്ക്കുന്ന മുഖമാണദ്ദേഹത്തിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: