ബെംഗളൂരു: ബിജെപിയെ പേടിച്ച് സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ സ്റ്റേജില്‍ വെയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തയ്യാറാവുന്നതിന്റെ വീഡിയോ കോണ്‍ഗ്രസിന് നാണക്കേടാവുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
ഒരു വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോയാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയത്. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായാണ് ഇരുനേതാക്കളും തമ്മിലുള്ള വിവാദ സംഭാഷണം നടന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചത്.
സര്‍ദാര്‍ പട്ടേലിന്റെ ഒരു ഫോട്ടോ കൂടി സ്റ്റേജില്‍ വെയ്ക്കണമെന്ന് സിദ്ധരാമയ്യ ശിവകുമാറിനോട് പറയുന്നതായി കേള്‍ക്കാം. അതിന് ശിവകുമാര്‍ നല്കിയ മറുപടിയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.’ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികത്തിന് നമ്മള് സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ വെയ്ക്കാറില്ലൈന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ഇതിന് സിദ്ധരാമയ്യ നല്കുന്ന മറുപടിയും രസകരമാണ്: പട്ടേലിന്റെ പടം വെച്ചില്ലെങ്കില്‍ ബിജെപി നമ്മളെ വിമര്‍ശിക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
ഇതോടെ ശിവകുമാര്‍ ഒരു പാര്‍ട്ടിപ്രവര്‍ത്തകനോട് സര്‍ദാര്‍ പട്ടേലിന്റെ ഒരു ചിത്രം ഉടന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.ബിജെപി എംഎല്‍എ രേണുകാചാര്യയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. അതോടെ ഇത് വൈറലായി പ്രചരിക്കുകയാണ്.
‘നെഹ്രു കുടുംബം എത്രത്തോളം സര്‍ദാര്‍ പട്ടേലിനെ വെറുത്തു എന്നറിയണമെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മതിയാകും’- കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു. ‘ബിജെപിയെ പേടിച്ച് സര്‍ദാര്‍ പട്ടേലിന്റെ ചിത്രം ഇന്ദിരാഗാന്ധിയോടൊപ്പം വെയ്ക്കാമെന്നാണ് സിദ്ധരാമയ്യയും ശിവകുമാറും പറയുന്നത്. അടിമകള്‍ ഒരു ഇറ്റലിക്കാരിയെ ഇത്രമാത്രം ഭയപ്പെടുന്നത് നാണക്കേടാണ്. ‘- സി.ടി. രവി പറഞ്ഞു.
ഒക്ടോബറിലും ഇതുപോലൊരു വിവാദ വീഡിയോ കോണ്‍ഗ്രസിനെ നാണംകെടുത്തിയിരുന്നു. ഡി.കെ. ശിവകുമാര്‍ കൈക്കൂലി വാങ്ങുന്നതായി രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: