കോട്ടയം : മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബറില്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല്. ഇതിലാണ് മരം മുറിക്കാന്‍ തീരുമാനം എടുത്തതെങ്കില്‍ അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. നവംബര്‍ ഒന്നിന് സെക്രട്ടറി തലത്തില്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. തമിഴ്നാടും കേരളവും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് സംസ്ഥാനം മരംമുറി ഉത്തരവ് പുറത്തിറക്കിയെന്നതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ 17 ലെ സെക്രട്ടറിതല യോഗത്തിന്റെ മിനിട്സാണ് പുറത്തുവന്നത്. ഇതില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുകയും മരംമുറിച്ചുമാറ്റുന്നതിനുള്ള തമിഴ്നാടിന്റെ അപേക്ഷ പരിഗണനയിലാണെന്നും വ്യക്തമാക്കുന്നുണ്ട്. ഉത്തരവ് നല്‍കാമെന്ന് വനം വകുപ്പ് സെക്രട്ടറി തമിഴ്നാടിന് ഉറപ്പ് നല്‍കുന്നതായും ടി.കെ. ജോസ് തമിഴ്നാടിന് കൈമാറിയ മിനിട്സില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് റോഷി അഗസ്റ്റിന്റെ ശ്രമം.
മരംമുറി ഉത്തരവ് ഏകപക്ഷീയമായ തീരുമാനമാണെന്ന് ആരോപിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മിനിട്സ് രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ 17ന് യോഗം ചേര്‍ന്നിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. ഈ യോഗത്തിലാണോ തീരുമാനം കൈക്കൊണ്ടതെന്ന് അന്വേഷണം നടത്തും. എല്ലാ യോഗവും മന്ത്രി അറിഞ്ഞിരിക്കണമെന്നില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
വിഷയത്തില്‍ താന്‍ ഒരു ഉദ്യോഗസ്ഥനും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ടി.കെ. ജോസ് പങ്കെടുത്തതായി മിനിട്സ് ഉണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം മരംമുറി ഉത്തരവിനൊപ്പം മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലെന്ന് അറിയിച്ചിട്ടുണ്ട്. റോഡ് നിര്‍മാണം നടത്താതെ ഡാം ബലപ്പെടുത്താന്‍ കഴിയില്ലെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കത്തില്‍ പറയുന്നു. മിനിട്സ് നവംബര്‍ രണ്ടിന് തമിഴ്നാടിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: