ടോക്യോ: ചൈനയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ തുറന്ന വിമര്‍ശനമുയര്‍ത്തി തിബത്തന്‍ ആത്മീയാചാര്യന് ദലൈലാമ. താന്‍ ചൈനയിലേക്കോ ബുദ്ധമതത്തിന് പ്രാധാന്യമുള്ള തയ് വാനിലേക്കോ പോകില്ലെന്നും ഇന്ത്യയില്‍ കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും ദലൈലാമ വ്യക്തമാക്കി. ടോക്യോയില്‍ ടോക്യോ വിദേശ പത്രപ്രതിനിധികളുടെ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബുധനാഴ്ച സംസാരിക്കുകയായിരുന്നു ദലൈലാമ.
ചൈന ദലൈലാമയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്ന സന്നിഗ്ധഘട്ടത്തില്‍ ദലൈലാമ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതായി കരുതുന്നു. ഇന്ത്യയാണ് താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം. ഇവിടെ വിവിധ ഗോത്രങ്ങളും സംസ്കാരങ്ങളും പരസ്പരം ഇടകലര്‍ന്ന് സമാധാനത്തോടെ കഴിയുന്ന രാജ്യമാണ്. ചൈനക്കാര്‍ക്ക് വിവിധ സംസ്കാരങ്ങളുടെ വ്യത്യസ്തത അറിയില്ലെന്നും ദലൈലാമ പറഞ്ഞു.
എല്ലാറ്റിനെയും വളരെയധികം നിയന്ത്രിക്കുന്ന ചൈനയുടെ സംസ്കാരം സമൂഹത്തിന് ഹാനികരമാണ്. ചൈനയില്‍ നിന്നുള്ള തിബത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ദലൈലാമ 1959ലാണ് തിബത്ത് വിട്ടോടിപ്പോന്നത്. ചൈനക്കാര്‍ക്കെതിരെ അദ്ദേഹം നയിച്ച പ്രസ്ഥാനം പരാജയപ്പെട്ടതോടെയാണ് അദ്ദേഹം ഓടിപ്പോന്നത്. ചൈനയുടെ പട്ടാളം 1950ല്‍ തിബത്ത് കീഴടക്കിയതിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ദലൈലാമ തിബത്ത് വിട്ടോടിപ്പോയത്. പിന്നീട് ഇന്ത്യയില്‍ അഭയം തേടി. തിബത്തും ചൈനയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം ആശങ്കാകുലമായതിനാലാണ് തിബത്തിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കുന്നതെന്നും ദലൈലാമ പറഞ്ഞു.
ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിവിധ സംസ്കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയാത്തവരാണ്. കൂടുതല്‍ നിയന്ത്രിക്കുന്നത് ആളുകള്‍ക്ക് ഹാനികരമാണെന്നും ദലൈലാമ കുറ്റപ്പെടുത്തി. എല്ലാ മതങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുകയാണ് ചൈന. തിബത്തുകാര്‍, ഉയ്ഗുര് മുസ്ലിങ്ങള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ നിയന്ത്രിക്കാന്‍ പ്രത്യേക ക്ലാസുകള്‍ നല്‍കിവരികയാണ് ചൈന.
ഒരിക്കലും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ കാണില്ലെന്നും ദലൈലാമ പറഞ്ഞു. പ്രാദേശിക, രാഷ്ട്രീയ വിഷമതകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. തയ് വാനിലേയും ചൈനയിലെയും സഹോദരീ സഹോദരന്മാര്ക്ക് സംഭാവനകള്‍ നല്കാന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാഹചര്യം സങ്കീര്‍ണ്ണമാണ്. ഈ നിസ്സാര ബുദ്ധസന്യാസി സങ്കീര്‍ണ്ണ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദലൈലാമ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: