ന്യൂദല്‍ഹി: ഇക്കുറി ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ റെക്കോഡ് വരുമാനമുണ്ടായതായി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒക്ടോബര്‍ മാസത്തെ വരുമാനമാണ് 1.30 ലക്ഷം കോടിയായി ഉയര്‍ന്നത്. ഉത്സവസീസണ്‍ തുടങ്ങിയതിന്റെ ഭാഗമായാണ് ഈ വരുമാനവര്‍ധനയെന്ന് കണക്കാക്കുന്നു.
കഴിഞ്ഞ നാല് മാസങ്ങളായി ഒരു ലക്ഷം കോടിയുടെ അടുത്തായിരുന്നു ജിഎസ്ടി വരുമാനം. എന്നാല്‍ ഒക്ടോബറില്‍ അത് 1.30 ലക്ഷം കോടിയിലേക്ക് കുതിച്ച് ചാടി. 2017 ജൂലായ് ഒന്നിന് ശേഷം ഇത്രയും ഉയര്‍ന്ന വരുമാനം ഇതാദ്യമാണെന്ന് പറയുന്നു.
2020 ഒക്ടോബറിലെ ജിഎസ്ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 24 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഒക്ടോബറില്‍ 1,30,127 കോടിയാണ് മൊത്തം ജിഎസ്ടി വരുമാനമെന്ന നിലയില്‍ ഉണ്ടായത്. ഇതില്‍ സിജിഎസ്ടി 23,861 കോടിയും എസ്ജിഎസ്ടി 30,241 കോടിയും ഐജിഎസ്ടി 67,361 കോടിയും ആണ്. സെസ്സ് വകയില്‍ 8,484 കോടിയും ലഭിച്ചു,’ കേന്ദ്ര ധനകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
സിജിഎസ്ടി എന്നത് കേന്ദ്ര ജിഎസ്ടിയും എസ്ജിഎസ്ടി എന്നത് സംസ്ഥാന ജിഎസ്ടിയുമാണ്. ഐജിഎസ്ടി എന്നത് സംയോജിത ജിഎസ്ടിയും.
ഇന്ത്യ സാമ്പത്തികമായി കരകയറുന്നതിന്റെ കൂടി സൂചനയാണ് ജിഎസ്ടി വരുമാനത്തിലെ ഈ കുതിച്ചുചാട്ടമെന്ന് വിലയിരുത്തുന്നു. ‘കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഓരോ മാസത്തിലും ഇ-വേ ബില്ലുകളിലെ വരുമാനം ഈ ട്രെന്‍ഡാണ് കാണിക്കുന്നത്,’ ധനകാര്യമന്ത്രാലയം പറയുന്നു.
സെമികണ്ടക്ടറുകളുടെ വിതരണത്തിലുള്ള തടസ്സങ്ങള്‍ കാറുകളുടെയും മറ്റു ഉല്‍പന്നങ്ങളുടെയും വില്‍പ്പനയെ ബാധിച്ചില്ലായിരുന്നെങ്കില്‍ വരുമാനം ഇതിലും കൂടുമായിരുന്നുവെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: