പുനലൂര്‍: കൊല്ലം-പുനലൂര്‍ തീവണ്ടിപ്പാത വൈദ്യുതീകരണ പ്രവൃത്തികള്‍ക്ക് തുടക്കം. പുനലൂര്‍ സബ്സ്റ്റേഷനിലേക്കുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പണികള്‍ ഉടന്‍ ആരംഭിക്കും.
അടുത്ത മാര്‍ച്ചിനുള്ളില്‍ പുനലൂര്‍ മുതല്‍ കൊല്ലം വരെയുള്ള 45 കിലോമീറ്റര്‍ ദൂരം വൈദ്യുതീകരിക്കുന്ന പദ്ധതിക്കായാണ് പുനലൂരില്‍ സബ് സ്റ്റേഷന് നിര്‍മിക്കുന്നത്. ഇതിന്റെ പ്രാഥമിക പ്രവൃത്തികള്‍ രണ്ടുമാസമായി നടന്നുവരികയാണ്. സബ്സ്റ്റേഷനിലേയ്ക്കുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കാണ് ബുധനാഴ്ച പുനലൂര്‍ സ്റ്റേഷനില്‍ തുടക്കമായത്.
പുനലൂരില്‍ നിര്‍മിക്കുന്ന 110 കെവി സബ് സ്റ്റേഷനില്‍ നിന്നാണ് വൈദ്യുതി ലഭ്യമാക്കുന്നത്. കെല്ലം പെരിനാടിനും തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്കും ഇടയില്‍ കേരളത്തിലുള്ള ഏക സബ്സ്റ്റേഷനാണിത്. പുനലൂര്‍-ചെങ്കോട്ട ലൈനിലേക്കുള്ള വൈദ്യുതീകരണത്തിനായി ചെങ്കോട്ടയിലാണ് സബ്സ്റ്റേഷന് നിര്‍മിക്കുന്നത്. 65 കോടി രൂപയാണ് കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീകരണത്തിന് അനുവദിച്ചിട്ടുള്ളത്.
കെഎസ്ഇബിയുടെ പുനലൂരിലെ 25 മെഗാവാട്ട് ശേഷിയുള്ള സബ് സ്റ്റേഷനില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരം ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് റയില്‍വേ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: